പ്രവാസത്തിന്റെ പ്രതിനിധി മന്ത്രിയാകുന്പോൾ.‍..


പ്രദീപ് പുറവങ്കര 

പ്രവാസിയായ ഒരാൾ‍ സംസ്ഥാന മന്ത്രിസഭയിൽ‍ എത്തുന്ന അപൂർ‍വമായ കാഴ്ച്ചയ്ക്ക് ഇന്ന് കേരളം സാക്ഷ്യം വഹിച്ചു. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ‍ ഏറ്റവും ധനികനായ സ്ഥാനാർ‍ത്ഥിയെന്ന നിലയിൽ‍ ശ്രദ്ധേയനായിരുന്നു കുട്ടനാട് എംഎൽ‍എയായ തോമസ് ചാണ്ടി. കുവൈത്ത് ചാണ്ടിയെന്ന് അറിയപ്പെടുന്ന ഇദ്ദേഹം മന്ത്രിപദവിയിലെത്തുന്പോൾ‍ കോടീശ്വരനായ ഒരാൾ‍ തന്റെ മന്ത്രിസഭയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആശ്വസിക്കാം. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ‍ 92.37 കോടി രൂപയുടെ സ്വത്തുവിവരമാണ് നാമനിർ‍ദ്ദേശ പത്രികയിൽ‍ കാണിച്ചിരുന്നത്. കുവൈത്ത് കേന്ദ്രമാക്കി പ്രവർ‍ത്തിക്കുന്ന തോമസ് ചാണ്ടിയുടെ നാട്ടിലെ നിക്ഷേപങ്ങളേറെയും ടൂറിസം മേഖലയിലാണ്. വിവാദങ്ങളിൽ‍പ്പെട്ട് എ.കെ ശശീന്ദ്രന്റെ രാജിവാർ‍ത്ത അറിഞ്ഞതിനെ തുടർ‍ന്ന് കേരളത്തിൽ‍ മടങ്ങിയെത്തിയാണ് അദ്ദേഹം മന്ത്രിയാകാനുള്ള നീക്കങ്ങൾ‍ തുടങ്ങിയത്. 

ഒരു വനിത മാധ്യമ പ്രവർ‍ത്തകയെ ഉപയോഗിച്ച് മുൻ‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് ഒരുക്കിയ കെണിയിൽ‍ വീണ ശശീന്ദ്രന് പകരം, ഒരു പതിറ്റാണ്ടോളമായി നാട്ടിലും വിദേശത്തുമായി പഴയ കേസുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ നിഴലിൽ‍ നിൽ‍ക്കുന്ന തോമസ് ചാണ്ടി മന്ത്രിയാകുന്നത് മറ്റൊരു എംഎൽ‍എ ഇല്ലാത്ത സ്ഥിതിയ്ക്ക് എൻ‍സിപിയ്ക്ക് വേറെ വഴിയില്ലാത്തത് കൊണ്ടാണെന്ന് പാർ‍ട്ടിയിലെയും ഇടതുമുന്നണിയിലെയും പലരും പറയുന്നുണ്ടന്നെതും അണിയറ രഹസ്യം. തോമസ് ചാണ്ടി ഇടതുമുന്നണിയ്ക്ക് അപമാനമാകുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ  പി.സി ജോർ‍ജ്ജ്, തോമസ് ചാണ്ടി കുറ്റകൃത്യങ്ങൾ‍ ചെയ്തതിന്റെ പേരിൽ‍ വിദേശത്ത് ജയിലിൽ‍ കിടന്നിട്ടുണ്ടെന്നും അതിന്റെ രേഖകൾ‍ ഏതാനും ദിവസങ്ങൾ‍ക്കകം പുറത്തുവിടുമെന്നും അറിയിച്ചിട്ടുണ്ട്. 

കോൺ‍ഗ്രസുകാരനായി രാഷ്ട്രീയ പ്രവർ‍ത്തനം ആരംഭിച്ച ചാണ്ടി 1970ൽ‍ കെഎസ്‌യുവിന്റെ കുട്ടനാട് യൂണിറ്റ് അദ്ധ്യക്ഷനായിരുന്നു.  പിന്നീട് കുവൈത്തിൽ‍ സ്കൂളുകൾ‍ അടക്കം വൻ ബിസിനസ് സാമ്രാജ്യം പടുത്തുയർ‍ത്തിയ ശേഷമായിരുന്നു 1996ലെ രാഷ്ട്രീയ പുനഃപ്രവേശം. കരുണാകരന്റെ വിശ്വസ്ഥനെന്ന നിലയിലാണ് അധികാര രാഷ്ട്രീയത്തിലേക്ക് അദ്ദേഹം എത്തിയത്. കെ. കരുണാകരൻ കോൺ‍ഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ചപ്പോൾ‍  തോമസ് ചാണ്ടിയും ഒപ്പം പോയി. പിന്നീട് ഡിഐസി, എൻ‍സിപിയിൽ‍ ലയിച്ചു. കരുണാകരൻ കോൺ‍ഗ്രസിലേക്ക് മടങ്ങിയെങ്കിലും ചാണ്ടി എൻസിപിയിൽ‍ തുടർ‍ന്നു. കരുണാകരന്റെ ആശിർ‍വാദത്തോടെ 2006ൽ‍ യുഡിഎഫ് സ്ഥാനാർ‍ത്ഥിയായി മത്സരിച്ച കേരള കോൺ‍ഗ്രസിന്റെ ഡോ. കെ.സി ജോസഫിനെ പരാജയപ്പെടുത്തി ആദ്യമായി ചാണ്ടി നിയമസഭയിലെത്തി. 2011ലും, 2016ലും കുട്ടനാട്ടിൽ‍ വിജയിച്ച തോമസ് ചാണ്ടി തനിക്ക് മണ്ധലത്തിലുള്ള ജനസ്വാധീനം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും കേരള സംസ്ഥാനം രൂപീകൃതമായതിന് ശേഷം കുട്ടനാടിന് ലഭിച്ച ആദ്യ മന്ത്രിയാണ് തോമസ് ചാണ്ടി.  ഒരു രൂപ പോലും കടമെടുക്കാതെയാണ് തന്റെ ബിസിനസുകളെല്ലാം മുന്നോട്ട് പോകുന്നതെന്ന് ഇദ്ദേഹം നാമനിർ‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമർ‍പ്പിച്ച സത്യവാങ്മൂലത്തിൽ‍ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങിനെ ബിസിനസ് രംഗത്ത് വെന്നികൊടി പാറിച്ച ചാണ്ടി, കട്ടപ്പുറത്തിരിക്കുന്ന കെഎസ്ആർ‍ടിസിയെ ലാഭത്തിലെത്തിക്കാൻ എന്തെങ്കിലുമൊക്കെ ചെയ്യുമെന്ന വിശ്വാസത്തോടെ...

You might also like

Most Viewed