അർത്ഥമുണ്ടാകട്ടെ ഓരോ ജീവിതത്തിനും


പ്രദീപ് പുറവങ്കര 

 

അക്ഷരം അഗ്നിയാണെന്ന് പറയാറുണ്ട്. ചിന്താകലുഷിതമായ മനസുകളെ ശുദ്ധീകരിക്കാനും നിർമലമാക്കാനും അക്ഷരങ്ങൾ നൽകുന്ന അറിവുകൾ സഹായിക്കുന്നു. കഴിഞ്ഞ ഒരാഴ്ച്ച കാലം 4 പി.എം ന്യൂസ് ബഹ്റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ കേരള കാത്തലിക്ക് അസോസിയേഷനുമായി  ചേർന്ന് നടത്തിയ പുസ്തോകത്സവത്തിന്റെ പ്രധാന ലക്ഷ്യവും ഇത് തന്നെയായിരുന്നു. പ്രവാസലോകത്ത് എഴുത്തിന്റെയും അക്ഷരങ്ങളുടെയും ഇടയിൽ ജീവിക്കുന്ന നിരവധി പേരുണ്ട്. സാഹിത്യ നഭോമണ്ധലത്തിലെ താരങ്ങൾക്കൊപ്പം തന്നെ വാൽ നക്ഷത്രങ്ങളും ഏറെ. സോഷ്യൽ മീഡിയയുടെ ആവിർഭാവത്തോടെ ചിന്തകളെ അക്ഷരങ്ങളാക്കുവാനും, അവ വായനക്കാരിലെത്തിക്കുവാനും ആർക്കും സാധിക്കുന്ന അവസ്ഥയും സംജാതമാക്കിയിട്ടുണ്ട്. 

എഴുത്തുകാരനെ സംബന്ധിച്ചോളം അവന്റെ ആത്യന്തികമായ ജോലി എഴുതുക എന്നു തന്നെയാണ്. എഴുതാതിരിക്കേണ്ട അവസ്ഥയാണ് അവന് വേദനാജനകം. 4 പി.എം ന്യൂസ് ആരംഭിച്ച കാലം മുതൽ ബഹ്റൈനിലെ സാഹിത്യ അഭിരുചിയുള്ളവരെ കണ്ടെത്തുകയും അവരുടെ ചിന്തകൾ ഞങ്ങളുടെ പേജുകളിലൂടെയും, ഓൺലൈൻ ഇടങ്ങളിലൂടെയും വായനക്കാർക്ക് മുന്പിൽ എത്തിക്കാനുള്ള ശ്രമം ഞങ്ങൾ നടത്തുന്നുണ്ട്. അതിൽ സാധാരണ കെട്ടിട നിർമ്മാണ തൊഴിലാളിയും, കോൾഡ് സ്റ്റോർ ജീവനക്കാരനും മുതൽ കലാരംഗത്തെ സജീവ സാന്നിദ്ധ്യങ്ങളും, കന്പനി ഉടമകളും വരെയുണ്ട്. പല തരത്തിലുള്ള വിശ്വാസങ്ങളും, ചിന്തകളും, ആശയങ്ങളും വെച്ചു പുലർത്തുന്ന വ്യക്തികളാണിവർ. 

പലയിടങ്ങളിൽ നിന്നും ഒഴുകി വരുന്ന പുഴകൾ ഒരു സമുദ്രത്തിൽ ഒന്നിച്ചു ചേരുന്ന പോലെയുള്ള മനോഹരമായ അനുഭവമാണിത്. വായനയും ഇതുപോലെയാകണം. മനസ് വിശാലമാക്കുന്ന കാരണങ്ങൾ ആകണം വായനയും. അവിടെ അതിർവരന്പുകൾ സൃഷ്ടിക്കരുത്. ഇന്നത് മാത്രമേ വായിക്കാവൂ എന്ന നിർബന്ധ ബുദ്ധിയും ആശാസ്യമല്ല.

അക്ഷരങ്ങളോട് വിട പറഞ്ഞ് അക്കങ്ങളിലേയ്ക്ക് ചുരുങ്ങുന്പോഴാണ് ജീവിതം നിരർത്ഥകമായി തീരുന്നത്.⊇അടുത്തിരിക്കുന്നവർ⊇ പരസ്പരം സംസാരിക്കാതെ, അകലെയുള്ളതിനെ എത്തി പിടിക്കാൻ നടത്തുന്ന ശ്രമമാണ് പലരും നടത്തുന്നത്. ഇത് തിരിച്ചറിഞ്ഞ് കൊണ്ട് അർത്ഥപൂർണ്ണമായ ജീവിതങ്ങളെ തിരിച്ചെത്തിക്കേണ്ടത് ഇന്നത്തെ കാലത്ത് അത്യാവശ്യമായ കാര്യമാണ്. അതിന് സഹായമായി തീരട്ടെ ഒരോ വായനയും, എഴുത്തുമെന്ന ആഗ്രഹത്തോടെ ...

You might also like

Most Viewed