അമി­ത വേ­ഗത വേ­ണ്ട...


പ്രദീപ് പുറവങ്കര 

ഓരോ രാജ്യത്തിന്റെയും നിയമങ്ങൾ‍ മാറുന്പോൾ‍ അവിടെ ജീവിക്കുന്ന സ്വദേശികളുടെയും, വിദേശികളുടെയും ജീവിതത്തിൽ‍ നിരവധി മാറ്റങ്ങൾ‍ സംഭവിക്കും. പ്രത്യേകിച്ച് കുറേ കാലം വലിയ മാറ്റങ്ങളൊന്നും തന്നെ സംഭവിക്കാതെ സുഗമമായി മുന്പോട്ട് പോകുന്ന ഇടങ്ങളിൽ‍ പെട്ടുന്നുണ്ടാകുന്ന ചലനങ്ങൾ‍ പോലും സമൂഹത്തിനിടയിൽ‍ വലിയ ആഘാതങ്ങൾ‍ ഉണ്ടാക്കും. ബഹ്റിനടക്കമുള്ള ഗൾ‍ഫ് രാജ്യങ്ങൾ‍ കടന്നുപോകുന്നത് അത്തരമൊരു അവസ്ഥയിലൂടെയാണ്. പല  നിയമങ്ങളും ഇവിടെ ദിനംപ്രതി മാറി മറയുന്നുണ്ട്. ഇവിടെ താമസിക്കുന്ന സ്വദേശികളുടെ അരികിൽ‍ ഇത്തരം മാറ്റങ്ങളെ പറ്റിയുള്ള അറിവുകൾ‍ പെട്ടന്ന് എത്തുന്നുണ്ടെങ്കിലും വിദേശികളുടെ അരികിലെത്താൻ‍ താമസം പിടിക്കുന്നു.

ഉദാഹരണത്തിന് ബഹ്റിനിലെ ട്രാഫിക്ക് നിയമങ്ങളിൽ‍ ഏറെ വ്യത്യാസം വന്നിട്ടുള്ള കാര്യം മിക്ക പ്രവാസികളും അറിഞ്ഞിട്ടില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിൽ‍ 4 പിഎം ന്യൂസിന് കിട്ടിയ നിരവധി കോളുകളിൽ‍ നിന്നും ഞങ്ങൾ‍ മനസ്സിലാക്കുന്നു. ശരവേഗത്തിൽ‍ മുന്പ് സഞ്ചരിക്കാൻ‍ സാധിച്ചിരുന്ന ബഹ്റിൻ‍ നിരത്തുകളിൽ‍ ഇപ്പോൾ‍ സ്പീഡ് ലിമിറ്റ് ഏറെ കുറച്ചിട്ടുണ്ട്. മാത്രമല്ല, വേഗത കൂട്ടി സഞ്ചരിക്കുന്നവർ‍ക്ക് കനത്ത പിഴയും അടക്കേണ്ടി വരും. കുറ്റങ്ങൾ‍ ഏറിയാൽ‍ ജയിൽ‍ ശിക്ഷയും ഉറപ്പ്. നിരവധി പേരാണ് ഈ വിവരം മനസ്സിലാക്കി ട്രാഫിക്ക് മന്ത്രാലയത്തിൽ‍ ഇപ്പോഴെത്തുന്നത്. സാന്പത്തിക പ്രതിസന്ധി കാരണം ശന്പളം പോലും കൃത്യസമയത്ത് ലഭിക്കാത്ത നിരവധി പേരാണ് പിഴയൊടുക്കാൻ‍ സാധിക്കാതെ ബുദ്ധിമുട്ടുന്നത്. ആരോടാണ് ഇതിനെ പറ്റി പരാതി പറയേണ്ടതെന്ന് അന്വേഷിച്ച് അവർ കുഴയുന്നു. 

രാജ്യത്തിന്റെ മിക്കയിടങ്ങളിലും ഇപ്പോൾ‍ ക്യാമറ സംവിധാനം സജീവമാണ്. അനുവദനീയമായ സ്പീഡ് ലിമിറ്റിന് മുകളിലേയ്ക്ക് കടന്നാൽ‍ ഉടനെ തന്നെ ക്യാമറ അത് ഒപ്പിയെടുക്കുകയും, തുടർ‍ന്ന് കനത്ത പിഴ ഈടാക്കുകയും ചെയ്യുന്നു. ഇതറിയാൻ‍ സഹായിക്കുന്ന മൊബൈൽ‍ ആപ്ലിക്കേഷനും, വെബ് സൈറ്റും നിലവിലുണ്ട്. പക്ഷെ പലർ‍ക്കും അതിനെ പറ്റി അറിയില്ലെന്ന് മാത്രം. നിരവധി ഇന്ത്യക്കാർ‍ക്ക് ഈ പ്രശ്നം ഇപ്പോൾ‍ നേരിടേണ്ടി വരുന്നുണ്ട്. ഇത്തരത്തിലുള്ള മാറ്റങ്ങളെ പറ്റി പ്രവാസി സമൂഹത്തിന് മനസ്സിലാക്കി കൊടുക്കേണ്ട ബാധ്യത മാധ്യമങ്ങളുടേത് മാത്രമല്ല. ബഹ്റിനിലെ നിരവധി പ്രവാസി സംഘടനകൾ‍ മുൻ‍കൈയെടുത്ത് സംഘടിപ്പിക്കുന്ന പരിപാടികളില്ലെങ്കിലും ഈ നിയമങ്ങളിലുള്ള മാറ്റങ്ങളെ പറ്റിയുള്ള ബോധവത്കരണം നടത്തേണ്ടതുണ്ട്. ബഹ്റിനിലെ ഇന്ത്യൻ‍ സമൂഹത്തെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളെ പറ്റി മനസ്സിലാക്കാൻ ആഹ്വാനം ചെയ്യേണ്ടത് ഇവിടെയുള്ള ഇന്ത്യൻ‍ എംബസിയുടെയും ചുമതലയാണ്. ട്രാഫിക്കിന് പുറമേ വിവിധ മന്ത്രാലയങ്ങളിൽ‍ ഇത്തരത്തിലുള്ള നിയമനിർ‍മ്മാണങ്ങളും, മാറ്റങ്ങളും നടക്കുന്നുണ്ടെന്നും, അതിനെ പറ്റിയുള്ള അറിവ് പരസ്പരം പങ്ക് വെയ്ക്കുന്പോൾ‍ തെറ്റായ വിവരങ്ങൾ‍ നൽ‍കാതെ ശ്രദ്ധിക്കണമെന്നുമുള്ള ഓർ‍മ്മപ്പെടുത്തലോടെ...

 

You might also like

Most Viewed