പ്രവാസലോകത്ത് വേണ്ടത് കൂട്ടായ ശ്രമം...
പ്രദീപ് പുറവങ്കര
ഗൾഫ് മേഖലയിൽ എണ്ണ വിപണിയിലുണ്ടായ പ്രതിസന്ധികൾ കാരണം സ്വദേശികളും, വിദേശികളുമായ നിരവധി പേർക്ക് ജീവിതം വഴിമുട്ടുന്ന സാഹചര്യം കഴിഞ്ഞ രണ്ട് വർഷത്തോളമായി തുടരുകയാണ്. ഓരോ രാജ്യത്തിലെയും ഗവണ്‍മെന്റുകൾ ഈ പ്രതിസന്ധിഘട്ടം തരണം ചെയ്യാനായി മറുമരുന്നുകൾ തേടുന്നുണ്ടെങ്കിലും പലതും ഫലവത്താകുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ഈ പ്രശ്നം നിലനിൽക്കുന്നത് കൊണ്ട് തന്നെ പ്രവാസലോകത്തെ സജീവമാക്കി നിർത്തുന്ന കെട്ടിടനിർമ്മാണ മേഖലയും കനത്ത പ്രതിസന്ധിയിലേയ്ക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. പലയിടത്തും നിർമ്മാണം പൂർത്തീകരിച്ച കെട്ടിടങ്ങൾക്കുള്ള നിർമ്മാണ ചിലവ് നൽകാതെ വർഷങ്ങളായിരിക്കുന്നു. ഇത് കാരണം നിർമ്മാണ കന്പനികൾക്ക് അവരുടെ ജീവനക്കാരുടെ ശന്പളം പോലും നൽകാൻ സാധിക്കുന്നില്ല. ബഹ്റിനടക്കമുള്ള രാജ്യങ്ങളിൽ ഇത്തരത്തിലുള്ള ഖേദകരമായ അവസ്ഥ തുടരുകയാണ്. പ്രവാസലോകത്ത് ഏറ്റവും അധികം വിദേശികൾ ഇന്ത്യക്കാരായത് കൊണ്ട് തന്നെ നമ്മുടെ നാട്ടുകാർക്കാണ് ഈ ദുരിതപർവ്വത്തിന്റെ ആഘാതം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്.
ബഹ്റിനിൽ വർഷങ്ങൾക്ക് മുന്പ് ലൈഫ് ൈസ്റ്റൽ ഗാർമെന്റ്സ് എന്ന വസ്ത്ര നിർമ്മാണ കന്പനിയിൽ ഉണ്ടായ തൊഴിൽ പ്രതിസന്ധി ഏറെ ചർച്ച ചെയ്യപ്പെട്ടത് ഓർക്കട്ടെ. അന്ന് അവിടെയുണ്ടായിരുന്ന 1500 ഓളം വരുന്ന തൊഴിലാളികൾക്ക് ശന്പളം മുടുങ്ങുകയും, കന്പനി നിനച്ചിരിക്കാതെ അടച്ചിടുകയും ചെയ്തപ്പോൾ എംബസിയും, അംബാസിഡറും, സാമൂഹ്യപ്രവർത്തകരും, അതുപോലെ തന്നെ മാധ്യമ സുഹൃത്തുക്കളും ഒത്തുചേർന്ന് കഴിയാവുന്ന തരത്തിൽ നിരവധി പരാതികൾ ബാക്കിയുണ്ടെങ്കിലും അതിന് വലിയൊരളവ് വരെ പരിഹാരം കണ്ടെത്തിയിരുന്നു. ബഹ്റിനിൽ ജിപിസെഡ് എന്ന കന്പനിയിലെ പ്രതിസന്ധികളെ തുടർന്ന് തൊഴിലാളികൾ ബഹ്റിനിലെ ഇന്ത്യൻ എംബസിയിൽ പരാതി പറയാൻ പോയതിനെ പറ്റിയും തുടർന്ന് ഇന്നലെ ലേബർ മന്ത്രാലയത്തിൽ പോയതുമൊക്കെ 4 പിഎമ്മിലൂടെ നിങ്ങളും വായിച്ചിരിക്കും. കഴിഞ്ഞ ദിവസം അവിടെ നിന്നുള്ള ഒരു തൊഴിലാളിയോട് സംസാരിച്ചപ്പോൾ മാധ്യമങ്ങളോട് ഒന്നും പറയരുതെന്നും, പറഞ്ഞാൽ നിങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്നും ഇവിടെയുള്ള എംബസി അധികൃതർ ഭീഷണിപ്പെടുത്തിയതായി അറിയിക്കുകയുണ്ടായി. എംബസിയോടുള്ള ആദരവ് വ്യക്തമാക്കികൊണ്ട് തന്നെ അത്തരമൊരു പ്രസ്താവന അവിടെയുള്ള ഏതെങ്കിലും ഒരു ഉദ്യോഗസ്ഥൻ നടത്തിയിട്ടുണ്ടെങ്കിൽ അതിലുള്ള പ്രതിഷേധം ശക്തമായി രേഖപ്പെടുത്തുന്നു.
ലാഭേച്ഛകളില്ലാതെ സാമൂഹ്യപ്രവർത്തനം നടത്തുന്നവരെയും, ഇവിടെയുള്ള ഇന്ത്യക്കാരുടെ ഇടയിലുള്ള പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന മാധ്യമങ്ങളെയും മാറ്റി നിർത്തി ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ എംബസിക്ക് പ്രവർത്തിക്കാൻ സാധിക്കില്ലെന്നത് ബഹുമാനപ്പെട്ട എംബസി ഉദ്യോഗസ്ഥർ തിരിച്ചറിയണം. അതിൽ പ്രധാനപ്പെട്ട കാരണം ഇന്ത്യക്കാരുടെ എണ്ണകൂടുതൽ തന്നെയാണ്. വാർത്തകൾ നൽകുന്നത് ഇവിടെയുള്ള ഇന്ത്യൻ എംബസി പൂട്ടിക്കാനോ, അവിടെയുള്ള ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടുണ്ടാക്കാനോ അല്ലെന്നും മനസ്സിലാക്കുക. ഏതൊരു വിപണിയിലും ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. കേവലം ഒരു ട്വീറ്റ് ചെയ്താൽ പോലും നടപടികൾ എടുക്കുമെന്ന് തെളിയിച്ച ശക്തയായ ഒരു വിദേശകാര്യ മന്ത്രിയും, അതുപോലെ മന്ത്രാലയവും പ്രവർത്തിക്കുന്നുണ്ടെന്നത് കക്ഷിഭേദമന്യേ ഇന്ന് പ്രവാസികളും അംഗീകരിക്കുന്ന കാര്യമാണ്. അത്തരമൊരു കാലത്ത് അവിടെയുള്ള സമൂഹം ഒന്നിച്ച് നിന്ന് അതിനെ നേരിടുകയും പരിഹാരം കാണുകയുമാണ് വേണ്ടതെന്ന ഓർമ്മപ്പെടുത്തലോടെ...