തുറന്ന് കാണിക്കേണ്ടത് പാപ്പരാസികളെ...
പ്രദീപ് പുറവങ്കര
എല്ലാം തികഞ്ഞവൻ എന്നൊരു വിശേഷണം കോടിക്കണക്കിന് മനുഷ്യയരിൽ അപൂർവ്‍വം പേർക്ക് മാത്രം ലഭിക്കുന്ന ബഹുമതിയാണ്. മഹാഭൂരിഭാഗം പേരും വികാരങ്ങളും, വിചാരങ്ങളുമായി കഴിയുന്ന വെറും സാധാരണക്കാർ മാത്രമാണ്. ഇവരെ ബ്ലാക്ക് മെയിൽ ചെയ്ത് കാശുണ്ടാക്കുക എന്നത് ഈ ലോകത്ത് മാധ്യമലോകം സജീവമായതിന് ശേഷം പലരും അനുവർത്തിക്കുന്ന നയമാണ്. ഇന്റർനെറ്റ് എന്ന ആരെയും കുടുക്കുന്ന വല കൂടി രംഗപ്രവേശം ചെയ്തപ്പോൾ ഇതിന്റെ സാധ്യതകൾ ഏറെ വർദ്ധിച്ചു എന്നു മാത്രം. യൂറോപ്പിലും മറ്റ് പല രാജ്യങ്ങളിലും ബ്ലാക്ക് മെയിൽ ചെയ്ത് പണമുണ്ടാക്കുന്ന പപ്പാരാസികളെ പറ്റി നമ്മൾ ഏറെ കേട്ടിട്ടുണ്ട്. ഇന്ത്യയിലും വലിയ തോതിൽ അല്ലെങ്കിൽ പോലും അത്തരം മാധ്യമപ്രവർത്തനം നടത്തുന്നവർ എന്നുമുണ്ടായിട്ടുണ്ട്. സമൂഹത്തിൽ നല്ല പേര് നിലനിർത്താൻ ആഗ്രഹിക്കുന്നവരാണ് ഊ ലോകത്തിലെ മഹാഭൂരിഭാഗം പേരും. അത്തരം ആളുകളെ സംബന്ധിച്ചോളം പണത്തെക്കാളോ, പദവിയെക്കാളോ വലുതാണ് അവരുടെ പേര്. തങ്ങളുടെ ഈ പേരിന് ദോഷമൊന്നും വരാതെ സൂക്ഷിക്കുന്നവരെയാണ് ബ്ലാക്ക് മെയിൽ ചെയ്യാനുദ്ദേശിക്കുന്നവർ നോട്ടമിടുന്നത്.
ലൈംഗികചുവയുള്ള ടെലിഫോൺ സംഭാഷണത്തിന്റെ പേരിൽ ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ തൽസ്ഥാനം രാജിവയ്ക്കേണ്ടി വന്നത് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പ്രതിഛായയ്ക്ക് ഏറെ മങ്ങലേൽപ്പിച്ച സംഭവമാണ്. വ്യക്തമായ തെളിവുകളോ പരാതിയോ ഒന്നുംകൂടാതെ ചാനൽവാർത്ത ഉയർത്തിയ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ എ.കെ ശശീന്ദ്രൻ മന്ത്രിപദം രാജിവയ്ക്കുകയും അന്വേഷണത്തിന് സർക്കാർ മുതിരുകയും ചെയ്തിരിക്കുന്നു. വസ്തുതകൾ എന്തുതന്നെ ആയാലും പുതിയതായി ആരംഭിച്ച വാർത്താചാനൽ അവലംബിച്ച ഹീനവും മാധ്യമധർമത്തിന് തെല്ലും നിരക്കാത്തതുമായ ആരോപണം നിശിതമായി അപലപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങൾ നിലനിൽപ്പിനും ലാഭത്തിനും വേണ്ടിയുള്ള കടുത്ത മത്സരത്തിലാണ് ഏർപ്പെടുന്നതിന്റെ ഭാഗമായാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് നടക്കുന്ന ഇത്തരം ഒളിഞ്ഞുനോട്ടങ്ങളും അവയുടെ പരസ്യപ്പെടുത്തലും അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളായി കണക്കാക്കുന്ന ഒരു സമൂഹം നമ്മുക്ക് ഇല്ലാത്തതാണ് ഖേദകരം. അത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ ശിക്ഷിക്കപ്പെടാതെ പൊയ്ക്കൂട.
അച്ചടി, ശ്രവ്യ, ദൃശ്യ മാധ്യമങ്ങൾക്ക് പുറമേ സോഷ്യൽ മീഡിയകളും സജീവമായതോടെ ആർക്ക് വേണമെങ്കിലും ആരെയും ബ്ലാക്ക്മെയിൽ ചെയ്യാമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ബഹ്റൈനടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും ഇത് വളരെ സജീവമായി നടക്കുന്നുണ്ട്. ആരെ പറ്റിയും എന്ത് കള്ളവും എഴുതി വിട്ട് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും, ഫേസ്ബുക്കിലൂടെയും പ്രചരിപ്പിക്കുമെന്ന് ഭീഷണി ഉയർത്തി പണം കൈക്കലാക്കുന്ന സംഘവും ഇവിടെയുണ്ട്. ഇതിന്റെ ഉറവിടം കണ്ടെത്താൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് തന്നെ ഭീഷണിയിൽ വീണുപോകുന്നവരാണ് പലരും. പരസ്പര വിശ്വാസത്തിന്റെ മുകളിൽ ടെലിഫോണിലൂടെ പറയുന്ന കാര്യങ്ങൾ റിക്കാർഡ് ചെയ്തും, പെൻ ക്യാമറയിലൂടെ വ്യക്തികളുടെ സ്വകാര്യജീവിതം പകർത്തിയുമൊക്കെ പാപ്പരാസി പ്രവർത്തനം നടത്തുന്ന ക്രിമിനലുകളെ സമൂഹത്തിന് മുന്പിൽ തുറന്ന് കാണിക്കാത്തിടത്തോളം കാലം ഈ അധാർമികത തുടരുക തന്നെ ചെയ്യും, തീർച്ച.