കണക്ക് തെ­റ്റു­മ്പോൾ‍...


 

പ്രദീപ് പുറവങ്കര 

ന്പ്രദായിക വിദ്യാഭ്യാസ രീതി പിന്തുടരുന്ന ഒരു സമൂഹമാണ് നമ്മുടേത്. വർ‍ഷാവർ‍ഷം വിവിധ വിഷയങ്ങളിൽ‍ ഒരാളുടെയോ, ഒരു കൂട്ടം ആളുകളുടെയോ ബുദ്ധിയിൽ‍ തോന്നുന്ന ചോദ്യങ്ങൾ‍ക്കൊക്കെ ഉത്തരം പറയുന്നവൻ ബുദ്ധിമാനും, അല്ലാത്തവൻ ബുദ്ധിയില്ലാത്തവനുമായി പ്രഖ്യാപിക്കപ്പെടുന്ന ഒരു സംവിധാനമാണ് നമ്മുടെ വിദ്യാഭ്യാസ മേഖല. ഈ ഒരു കുരുക്കിൽ‍ പെട്ടുപോയത് കൊണ്ട് തന്നെ പരീക്ഷകൾ‍ എന്നത് വലിയ ആഗോള പ്രശ്നമായി നമ്മുടെ സമൂഹം ഏറ്റെടുക്കുന്നു. ഇത് കാരണം തുന്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ വിദ്യാഭ്യാസത്തിന്റെ ഓരോ കടന്പകളും എത്തുന്ന നേരത്ത് കുട്ടികളെ പഠനഭാരം കൊണ്ട് പീഡിപ്പിക്കാൻ രക്ഷിതാക്കളും, അദ്ധ്യാപകരും ഒരുപോലെ ശ്രമിക്കുന്നു. കാണാതെ പഠിക്കുന്നതൊക്കെ ഉത്തരക്കടലാസിലേയ്ക്ക് ഛർ‍ദ്ദിച്ച് കഴിഞ്ഞാൽ‍ വിദ്യാർ‍ത്ഥികളുടെ മനസിലോ ചിന്തകളിലോ പഠിച്ചതിന്റെ പകുതി പോലും ബാക്കിയാകുന്നില്ല എന്നതും കാലം ബാക്കിവെക്കുന്ന സത്യമാണ്. 

ഇങ്ങിനെയൊരു സാഹചര്യത്തിൽ‍ ബുദ്ധിമുട്ടി പഠിക്കേണ്ടി വരുന്ന പത്താം ക്ലാസുകാരനെ സംബന്ധിച്ചിടത്തോളം ഏറെ വേദനിപ്പിക്കുന്ന കാര്യമാണ് ഇത്തവണത്തെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറിൽ‍ വന്ന പിഴവും അതിനെ തുടർ‍ന്നുള്ള വിവാദങ്ങളും. നമ്മുടെ വിദ്യാഭ്യാസമേഖലയിൽ‍ ഉടൻ ഉണ്ടാവേണ്ട മാറ്റങ്ങളെ പറ്റിയുള്ള ദിശാസൂചികയാണ് ഈ വിവാദം. വിദ്യാർ‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഏറ്റവും സുപ്രധാനമായ ഒരു പരീക്ഷയാണ് നമ്മുടെ നാട്ടിൽ‍ എസ്.എസ്.എൽ‍.എസി എന്നത്. അത്തരമൊരു പരീക്ഷയിൽ‍ പകുതി മാർ‍ക്കിനുള്ള ചോദ്യങ്ങൾ‍ ഒരു സ്വകാര്യ സ്ഥാപനം നടത്തുന്ന ചോദ്യപേപ്പറിൽ‍ നിന്ന് അപ്പാടെ കോപ്പിയടിച്ചതാണെന്ന് പറയുന്പോൾ‍ തന്നെ നമ്മുടെ വിദ്യാഭ്യാസ സംവിധാനം എത്രമാത്രം കുത്തഴിഞ്ഞു കിടക്കുന്നതാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. സാധാരണ ഗതിയിൽ‍ ഒരു വിദ്യാർ‍ത്ഥിയാണ് പരീക്ഷയിൽ‍ കോപ്പിയടിച്ച് പിടിക്കപ്പെട്ടതെങ്കിൽ‍ അവൻ അല്ലെങ്കിൽ‍ അവൾ‍ നേരിടേണ്ടി വരുന്ന പീഡനം വളരെയേറെയാണ്. സമാനമായ രീതിയിൽ‍ ഇവിടെ ഉത്തരങ്ങൾ‍ക്ക് പകരം ചോദ്യങ്ങൾ‍ കോപ്പിയടിച്ച ഉത്തരവാദിത്വപ്പെട്ട വ്യക്തിക്ക് കേവലമൊരു സസ്പൻ‍ഷെൻ നൽ‍കുന്നതിലൂടെ ഈ വീഴ്ചയ്ക്ക് പരിഹാരം കണ്ടെത്തി എന്ന് ചിന്തിക്കുന്നത് ഒരിക്കലും ശരിയായ കാര്യമല്ല. 

സംസ്ഥാന സിലിബസിൽ‍ നിന്നും മക്കളെ മാറ്റി സി.ബി.എസ്.ഇയോ മറ്റേതെങ്കിലും സിലബിസിലേയ്ക്കോ മാറ്റി ചേർ‍ക്കാൻ മാതാപിതാക്കൾ‍ തീരുമാനിക്കുന്ന ഒരു കാലം കൂടിയാണിത്. ഇതുകാരണം സർ‍ക്കാർ‍ സ്കൂളുകളിൽ‍ വിദ്യാർ‍ത്ഥികളെ കിട്ടാതെ അദ്ധ്യാപകർ‍ കുട്ടികളെ ചാക്കിട്ട് പിടിക്കാൻ നടത്തുന്ന കഷ്ടപ്പാടുകളും ഓരോ വിദ്യാഭ്യാസ വർ‍ഷത്തിന്റെയും തുടക്കത്തിൽ‍ വാർ‍ത്തകളിൽ‍ നിറയുന്നു. ഗുണമേന്മയില്ലാത്ത വിദ്യാഭ്യാസമാണ് സംസ്ഥാന സിലിബസിൽ‍ ലഭിക്കുന്നതെന്ന പൊതു ആരോപണത്തോടൊപ്പം ഇവിടെ നടക്കുന്ന പരീക്ഷകൾ‍ക്കും വിശ്വാസ്യത നഷ്ടപ്പെട്ടു തുടങ്ങിയാൽ‍ സർ‍ക്കാർ‍ സ്കൂളുകൾ‍ കോഴിക്കൂടോ, മൃഗശാലയോ ആക്കി മാറ്റേണ്ടി വരുന്ന കാലം വിദൂരമല്ല എന്ന് തന്നെ പറയേണ്ടി വരും. ഇത്തരം അബദ്ധങ്ങൾ ഉണ്ടാകുന്പോൾ‍ കണക്ക് തെറ്റുന്നത് വോട്ട് ചെയ്ത് വിജയിപ്പിച്ച പാവം ജനങ്ങളുടെതാണ്. അതുകൊണ്ട് തന്നെ വരും തലമുറയുടെ ഭാവിയെ കരുതിയെങ്കിലും ഇത്തരം അബദ്ധങ്ങൾ‍ ഇനിയെങ്കിലും ഉണ്ടാകാതിരിക്കാൻ അധികൃതർ‍ ശ്രദ്ധിക്കുമെന്ന വിശ്വാസത്തോടെ.

You might also like

Most Viewed