‍വീ­ണ്ടും ശശി­... പ്രദീപ് പുറവങ്കര


അങ്ങിനെ ഒരാൾ‍ കൂടി “ശശി”യായിരിക്കുന്നു. കാലത്തിന്റെ ഗതിവേഗങ്ങളും സാങ്കേതികത ഒരുക്കുന്ന ചതിക്കുഴികളും തിരിച്ചറിയാൻ സാധിക്കാത്തത് കൊണ്ട് ആറ്റുനോറ്റു കിട്ടിയ മന്ത്രിപ്പണി മതിയാക്കേണ്ടി വന്നിരിക്കുന്നു ശ്രീ എ.കെ ശശീന്ദ്രന്. ഇദ്ദേഹത്തിന് മുന്പ് വലിയ കറകളൊന്നും ഉണ്ടായിരുന്നില്ല. ലാളിത്യമുള്ള നല്ലൊരു നേതാവായിട്ടാണ് മലയാള നാട് അദ്ദേഹത്തെ കണ്ടിരുന്നത്. എൻ.സി.പി എന്ന പാതി കോൺഗ്രസ് പാർ‍ട്ടിയുടെ കേരളത്തിലെ പ്രധാനപ്പെട്ട ഒരു മുഖമായി അദ്ദേഹത്തെ മാറ്റിയതും ഈ ഒരു ഇമേജ് തന്നെയാണ്. അദ്ദേഹത്തോടൊപ്പം ഈ പാർ‍ട്ടിയെ നിയമസഭയിൽ‍ പ്രതിനിധീകരിക്കുന്നത് കുട്ടനാടിലെ എം.എൽ.‍എയും, അതു പോലെ കുവൈത്തിലെ പ്രമുഖ വ്യവസായിയുമായ തോമസ് ചാണ്ടിയാണ്. ഇടതുപക്ഷത്തിന്റെ ഭാഗമായത് കൊണ്ട് ലഭിച്ച വീതം വെപ്പിൽ‍ ഇവർ‍ രണ്ട് പേരും ഭരണം പപ്പാതിയായി പങ്കിടുമെന്നാണ് പറഞ്ഞു കേട്ടിരുന്നത്. എന്നാൽ‍ പകുതി എത്തുന്നതിനു മുന്പ് തന്നെ ശശീന്ദ്രന് കാലിടറിയിരിക്കുന്നു. 

ഇതാദ്യമായിട്ടല്ല, രാഷ്ട്രീയക്കാർ‍ക്കിടയിൽ‍ ലൈംഗികാരോപണം ഉണ്ടാകുന്നത്. ലോകമെന്പാടുമുള്ള എല്ലാ അധികാരകേന്ദ്രങ്ങളിലും ഇത്തരം വിഷയങ്ങൾ‍ എന്നും സജീവമായിരിക്കും. അധികാരം ആരെയും ദുഷിപ്പിക്കുമെന്ന് പറയാറുണ്ട്. ആസക്തികൾ‍ ഇല്ലാത്ത മനുഷ്യർ‍ ഈ ലോകത്ത് ഏറെ കുറവാണ്. ധനം, ലൈംഗികത, അവിഹിത ബന്ധങ്ങൾ‍, അഴിമതി തുടങ്ങിയതൊക്കെ ഈ ദുഷിപ്പിക്കൽ‍ പ്രവർ‍ത്തനങ്ങളിൽ‍ ഉൾ‍പ്പെടുന്നു. അധികാരത്തിന്റെ താക്കോൽ‍ കിട്ടുന്പോൾ‍ നേതാക്കന്‍മാർ‍ തങ്ങളുടെ ആസക്തികളെ പൂർ‍ത്തീകരിക്കാനുള്ള ശ്രമങ്ങൾ‍ നടത്തുന്പോഴാണ് വിവാദങ്ങൾ‍ ഉണ്ടാകുന്നത്. ഇതിൽ‍ സ്ത്രീവിഷയത്തിലാണ് ശ്രീ ശശീന്ദ്രൻ പെട്ടുപോയിരിക്കുന്നത്. മനക്കരുത്ത് അധികമില്ലാത്തത് കൊണ്ടാവണം ശശീന്ദ്രൻ എന്തായാലും തന്റെ സ്ഥാനം രാജി വെച്ചിരിക്കുന്നു. ഒരു വർ‍ഷത്തിനപ്പുറം ലഭിക്കേണ്ട മന്ത്രിപ്പണി തോമസ് ചാണ്ടിക്ക് കുറച്ച് നേരത്തേ ഇതു കാരണം ലഭിച്ചേക്കാം. മുന്പുണ്ടായ ലൈഗികാരോപണങ്ങളെ പോലെ ഈ ആരോപണവും അപ്പച്ചന്റെ ഒരു തമാശയായി കാലാന്തരത്തിൽ‍ പരിണമിച്ചേക്കാം. 

അതേസമയം സോഷ്യൽ‍ മീഡിയയിൽ‍ ഇതിനെപ്പറ്റി ചൂടേറിയ നിരവധി ചർ‍ച്ചകൾ‍ ഇപ്പോൾ‍ നടന്നുവരികയാണ്. ഇത്തരമൊരു വാർ‍ത്ത കൊടുത്ത ചാനൽ‍ അവരുടെ ഇനീഷ്യൽ‍ റേറ്റിങ്ങ് കൂട്ടാൻ വേണ്ടി കാണിച്ച മൂന്നാം കിട വേലയാണിതെന്ന് പല മാധ്യമ സുഹൃത്തുക്കളും പറഞ്ഞു കൊണ്ടിരിക്കുന്നു. ഉഭയസമ്മതമുണ്ടെങ്കിൽ മന്ത്രിക്കെന്നല്ല ആർ‍ക്കും ആരോട് വേണമെങ്കിലും സെക്സ്സ് ചാറ്റ് നടത്താമെന്നും അത് അയാളുടെ മൗലികാവകാശമാണെന്നും ഇവർ‍ പറയുന്നു. ഇതിൽ‍ ഉൾ‍പ്പെട്ട സ്ത്രീയ്ക്ക് പരാതിയില്ലാത്തടുത്തോളം മന്ത്രിയെ കുറ്റം പറയാൻ സാധിക്കില്ലെന്നും അവർ‍ വാദിക്കുന്നു. മാത്രമല്ല ഈ സ്വാധീനം ഉപയോഗിച്ച് സ്ത്രീ അധികാര ദുർ‍വിനിയോഗം നടത്തിയാൽ‍ മാത്രമാണ് മന്ത്രി രാജി വെക്കേണ്ടതെന്നും പറയുന്നു. ഇതിൽ‍ എത്രത്തോളം കാര്യമുണ്ടെന്ന് എല്ലാ മാധ്യമപ്രവർ‍ത്തകരും സ്വയം ചോദിക്കേണ്ടതാണ്. പീഢനവാർ‍ത്തകൾ‍ നിങ്ങൾ‍ക്കായി അവതരിപ്പിക്കുന്നുവെന്ന് വരെ പറയുന്ന അവസ്ഥയിലേയ്ക്ക് മാധ്യമങ്ങൾ‍ മാറി മറയുന്പോൾ‍ മന്ത്രിയുടെ അശ്ലീലം പുറത്ത് വിട്ടത് മഹാമോശമായി പോയി എന്നു പറയുന്നത് ഇരട്ടത്താപ്പാണെന്ന് മാത്രമേ പറയാൻ സാധിക്കൂ.

You might also like

Most Viewed