വേണ്ടത് ജാഗ്രതയോടെയുള്ള ശ്രദ്ധ...


പ്രദീപ് പുറവങ്കര 

കേരളത്തിന്റെ വടക്കേയറ്റത്തുള്ള കാസർ‍ഗോഡ് സപ്തഭാഷകളുടെ സംഗമ ഭൂമിയാണ്. വിവിധ ഭാഷകൾ‍ക്കൊപ്പം തന്നെ സംസ്കാരങ്ങളും വൈവിധ്യങ്ങളും ഈ പ്രദേശത്ത് നമുക്ക് കാണാൻ സാധിക്കും. കർ‍ണാടകയുടെ തൊട്ടടുത്തായത് കാരണം  അവിടുത്തെ സാഹിത്യവും, രാഷ്ട്രീയവും, കലയുമൊക്കെ ഈ ജില്ലയെ സ്വാധീനിക്കുന്നുണ്ട്. ഇതിൽ‍ രാഷ്ട്രീയപരമായുള്ള ചിന്തകൾ‍ പലപ്പോഴും മഞ്ചേശ്വരമടക്കമുള്ള പ്രദേശങ്ങളിൽ‍ നടക്കാറുള്ള തിര‍ഞ്ഞെടുപ്പുകളിൽ‍ പ്രതിഫലിക്കാറുണ്ട്. അതു കൊണ്ടുതന്നെയാണ്  ഓരോ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്പോഴും മഞ്ചേശ്വരം വാർ‍ത്തകളിൽ‍ നിറയുന്നത്. ഒരു കാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കളിയരങ്ങായിരുന്ന ഈ നാട് ജാതിമതവിഭാഗീയതയുടെ നാട് കൂടിയായി മാറി തുടങ്ങിയത് ബാബ്റി മസ്ജിദിന്റെ തകർ‍ച്ചയോടെയാണ്. രാജ്യത്തിന്റെ പലയിടങ്ങളിലും ഈ സംഭവം ഉണ്ടാക്കിയ അലയൊലികൾ‍ കാസർ‍ഗോഡും എത്തിയിരുന്നു. പരസ്പരം വിദ്വേഷം വളർ‍ത്തുന്ന തരത്തിലുള്ള  തീവ്രമായ പ്രസംഗങ്ങളും, വാഗ്വാദങ്ങളും ഈ കാലത്ത് ഇവിടെ നടക്കുകയുണ്ടായി. ഇത് നിഷ്പക്ഷമായി ചിന്തിച്ചിരുന്ന ന്യൂനപക്ഷ, ഭൂരിപക്ഷ വിഭാഗങ്ങളിൽ‍ കടുത്ത ആശങ്ക സൃഷ്ടിച്ചു. ഇതിന് പിന്നാലെ ഈ രണ്ട് വിഭാഗങ്ങളിലെയും പുതുതലമുറക്കാരിൽ‍ മഹാഭൂരിഭാഗം പേർ‍ കാര്യങ്ങളെ വർ‍ഗീയമായി കാണാനും തുടങ്ങി. ഏറെ കാലമായി ഇത്തരമൊരു പുകച്ചിൽ‍ ഇവിടെ അനുഭവപ്പെടുന്നുണ്ടെന്നത് യാത്ഥാർ‍ത്ഥ്യമാണ്. 

കഴിഞ്ഞ ദിവസം കാസർ‍ഗോഡ് പഴയ ചൂരിയിൽ‍ മദ്രസ അധ്യാപകൻ റിയാസ് മൗലവിയെ  നിഷ്ഠൂരമായി കൊലപ്പെടുത്തിയത് ചിലരുടെ അമിതമായ മദ്യലഹരിയിൽ‍ ഉണ്ടായ തോന്നലിന്റെ പുറത്താണെന്ന് പറയുന്പോഴും അത് പൂർ‍ണമായി വിശ്വസിക്കാൻ എല്ലാവർ‍ക്കും സാധിക്കണമെന്നില്ല. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടവർ‍ ബി.ജെ.പിയുടെയും ആർ‍.എസ്.എസിന്റെയും പ്രവർ‍ത്തകരാണെന്നതും സംശയങ്ങൾ‍ ബലപ്പെടുത്തുന്നു. ഒരു രാഷ്ട്രീയ എതിരാളിയെ വധിക്കുന്നത് കേരളത്തിലെ പൊതുസമൂഹത്തിന് പലതവണ കാണേണ്ടി വരാറുള്ള ഖേദകരമായ അവസ്ഥയാണ്. എന്നാൽ‍ ഒരു മതപുരോഹിതനെ രാഷ്ട്രീയവിശ്വാസികൾ‍ കൊലപ്പെടുത്തുന്ന അവസ്ഥ അപൂർ‍വമായി മാത്രമേ കണ്ടിട്ടുള്ളൂ. അത് കണക്കിലെടുക്കുന്പോഴാണ് കാസർ‍ഗോഡ് മൗലവിയെ വധിച്ചതിൽ‍ ദുരൂഹത തോന്നുന്നത്. ഇതിന് പകരമായി നാളെ ഒരു പൂജാരിയെ കൊലപ്പെടുത്താൻ മറ്റൊരു സംഘം തുനിഞ്ഞിറങ്ങിയാൽ‍ മാറി വരുന്നത് ഒരു സംസ്ഥാനത്തിന്റെ രാഷ്ട്രീയചിത്രമായിരിക്കും എന്ന ദുർ‍ചിന്ത എവിടെയെങ്കിലും രൂപപ്പെടുന്നുണ്ടോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. 

ജനാധിപത്യത്തിൽ‍ ജാതിയും, മതവും, വർ‍ഗ്ഗവുമൊക്കെ പ്രധാന ശക്തികളായി മാറുന്പോൾ‍ ഭൂരിപക്ഷമെന്നതിന് ഏകശിലാരൂപത്തിൽ‍ ഒരു രൂപവും, ഭാവവും ഉണ്ടാകുന്നു. അതുപോലെ തന്നെ ഒരു ജനാധിപത്യ രാഷ്ട്രത്തിൽ‍ ഭൂരിപക്ഷത്തിന് എന്നും പ്രസക്തിയുണ്ട്. അവരുടെ തീരുമാനങ്ങൾ‍ തെറ്റായാൽ‍ തലമുറകളായിരിക്കും അനുഭവിക്കേണ്ടി വരിക. അതുകൊണ്ട് തന്നെ ന്യൂനപക്ഷവും, നിഷ്പക്ഷ സമൂഹവും ഏറെ ജാഗ്രതയോടെ പ്രവർ‍ത്തിക്കേണ്ടത് ഈ കാലത്തിന്റെ ആവശ്യമാണ്. സോഷ്യൽ‍ മീഡിയകളിലൂടെയും, മാധ്യമങ്ങളിലൂടെയും വേണ്ടതും വേണ്ടാത്തതുമായ പ്രചരണങ്ങൾ‍ നടത്തുന്പോൾ‍ ശ്രദ്ധിക്കുക. ഒരു തീപ്പെട്ടികൊള്ളിക്ക് വേണമെങ്കിൽ‍ ഒരു കാട് തന്നെ കത്തിക്കാൻ സാധിക്കും. ജാഗ്രത !!

You might also like

Most Viewed