ജനം ആഗ്രഹി­ക്കു­ന്നത്...


പ്രദീപ് പുറവങ്കര 

ഇടതുപക്ഷ ഗവൺമെന്റിനെ കേരളത്തിലെ ജനത തിരഞ്ഞെടുത്തത് ഏറെ പ്രതീക്ഷകളുടെ മുകളിലാണ്. എല്ലാം ശരിയാക്കാം എന്ന മുദ്രാവാക്യത്തിൽ‍ എല്ലാം ശരിയായില്ലെങ്കിൽ‍ പോലും ചിലതെങ്കിലും ശരിയായാൽ‍ മതിയായിരുന്നു എന്ന പൊതുസമൂഹത്തിന്റെ അത്യാഗ്രഹത്തിന്റെ ഭാഗമായിട്ടാണ് ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിലുളള മുന്നണി ഭരണത്തിലേറിയത്. എന്നാൽ‍ ഏകദേശം ഒരുവർ‍ഷമാകുന്പോഴേക്കും സർ‍ക്കാരിന്റെ പ്രവർ‍ത്തനം പലതും തന്നിഷ്ടം നടപ്പിലാക്കുന്ന രീതിയിലായി മാറിയിട്ടുണ്ടെന്ന് പറയാതിരിക്കാൻ ആവില്ല. ഭീതിയോ പ്രീതിയോ ഇല്ലാതെ തങ്ങളുടെ ഭരണചുമതല നിർ‍വഹിക്കുമെന്ന് ഗവർ‍ണർ‍ക്ക് മുന്പിൽ‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയവർ‍ക്ക്  അത് വെറും ആലങ്കാരികമായ വാചകങ്ങളായി തോന്നിയിട്ടുണ്ടെങ്കിൽ‍ ഏറെ ഖേദകരം തന്നെ. 

കൊടുംകുറ്റവാളികളായി പ്രഖ്യാപിച്ച 1911 ക്രിമിനലുകളെ കേരള പിറവിയുടെ അറുപതാം വാർ‍ഷികത്തോടനുബന്ധിച്ച് ശിക്ഷാ ഇളവ് നൽ‍കാൻ ജയിൽ‍വകുപ്പ് നടത്തിയ ശ്രമം അത്തരമൊരു തോന്നലിലേയ്ക്ക് പൊതുസമൂഹത്തെ കൊണ്ടെത്തിക്കുന്നുണ്ട്. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളികളും തൃശ്ശൂരിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വധിച്ച നിഷാമും ഉൾ‍പ്പടെ 1911 പേരുടെ പട്ടികയാണ് വിട്ടയക്കാൻ ജയിൽ‍ വകുപ്പ് തയ്യാറാക്കിയത്. ഇതിൽ‍ ചന്ദ്രശേഖരൻ വധക്കേസ് കുറ്റവാളികളും നിസാമുമടക്കം 61 പേരെ ഒഴിവാക്കിയാണ് അന്തിമ പട്ടിക ഗവർ‍ണർ‍ക്ക് നൽ‍കിയതെന്നാണ് സർ‍ക്കാർ‍ വിശദീകരണം.  ഗവർ‍ണർ‍ പി. സദാശിവവും, രാജ്ഭവനും ഈകാര്യത്തിൽ‍ കാണിച്ച് കാര്യക്ഷമത കൊണ്ട് മാത്രം അന്തിമ ഉത്തരവായി ഇത് പുറത്തിറങ്ങിയില്ലെന്ന് മാത്രം. സർ‍ക്കാരിന് പുറത്തുള്ള സ്വകാര്യ ഏജൻസിയല്ല ഇത്തരം ഒരു ലിസ്റ്റ് ഉണ്ടാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ജയിൽ‍ വകുപ്പും അതിലെ ഉദ്യോഗസ്ഥരുമാണ്. അതേ സമയം കുറ്റവാളികളെ വിട്ടയക്കാനെടുക്കുന്ന തീരുമാനം ജയിൽ‍ വകുപ്പിലെ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനിൽ‍ നിന്നുണ്ടാകുന്ന കേവലാശയമായിരിക്കാമെന്ന് പറയാൻ സാധിക്കില്ല. ഭരണതലത്തിലെ സുചിന്തിതമായ രാഷ്ട്രീയ തീരുമാനം തന്നെയായിരിക്കാം അത്. അത് നടപ്പാക്കാനുള്ള ചുമതല മാത്രമാണ് ഉദ്യോഗസ്ഥർ‍ നിർ‍വഹിച്ചിരിക്കുക. 

ആജീവനാന്ത തടവെന്ന് സുപ്രീംകോടതി പലതവണ ആവർ‍ത്തിച്ച ജീവപര്യന്തം വിധികളിലും അപ്പീലുകളിൽ‍ മേൽ‍ക്കോടതി ഇപ്പോഴും അന്തിമ തീർ‍പ്പ് കൽ‍പ്പിക്കാത്ത കേസുകളിലെയും പ്രതികളെയാണ് നിഷ്കളങ്കരാക്കി പുറത്തെത്തിക്കാൻ ജയിൽ‍ വകുപ്പ് തുനിഞ്ഞത്. പൊതുസമൂഹത്തെ കുറ്റവാളികളിൽ‍ നിന്ന് സംരക്ഷിക്കാൻ ഉത്തരവാദിത്വപ്പെട്ട ഒരു സർ‍ക്കാർ‍ ഇത്തരമൊരു മാതൃക സൃഷ്ടിക്കുന്നത് ഒരു തരത്തിലും അഭിലക്ഷണീയമല്ല. തങ്ങൾ‍ക്ക് വേണ്ടപ്പെട്ടവർ‍ ജയിലഴി എണ്ണുന്നുണ്ടെങ്കിൽ‍ അതിന് അവർ‍ അർ‍ഹരാണെന്ന തിരിച്ചറിവും ജനപക്ഷ സർ‍ക്കാറിന് ഉണ്ടാകണമെന്ന ഓർ‍മ്മപ്പെടുത്തലോടെ.. 

You might also like

Most Viewed