അതി­ശയം നഷ്ടപ്പെ­ടു­മ്പോൾ‍


പ്രദീപ് പുറവങ്കര 

കഴിഞ്ഞ ദിവസം ഒരു സുഹൃത്തിനോട് സംസാരിച്ച് കൊണ്ടിരിക്കുന്പോഴാണ് ക്ഷമ നഷ്ടപ്പെടുന്ന ഒരു തലമുറയെ പറ്റി ചർ‍ച്ച ചെയ്തത്. ഒന്നിനും ക്ഷമയില്ലാത്ത, എല്ലാം ഇൻസ്റ്റന്റായി ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന, ആരെയും കാത്തിരിക്കാൻ സാധിക്കാത്ത വിചിത്രമായ ഒരു സമൂഹത്തിലെ അംഗമായി നമ്മൾ‍ മാറിക്കഴിഞ്ഞിരിക്കുന്നു. പത്ത് പതിനഞ്ച് വർ‍ഷം മുന്പ് വരെ ഇന്റർ‍നെറ്റിന്റെ ആദ്യകാലത്ത് ഇന്റർ‍നെറ്റ് ഓണാക്കി കഴിഞ്ഞാൽ‍ ഒരു സൈറ്റ് തുറന്ന് വരാൻ അൽ‍പ്പസമയം എടുക്കുമായിരുന്നു. പതിയെ അത് തുറന്ന് വരുന്നത് വരേക്കും അതിശയത്തോടെ അതിന്റെ പ്രവർ‍ത്തനം നമ്മൾ‍ നോക്കിയിരിക്കുന്നത് അന്നത്തെ ഒരു ശീലമായിരുന്നു. എന്നാൽ‍ സാങ്കേതികമായി ലോകം ഏറെ വളർ‍ന്നപ്പോൾ‍ ഇന്ന് ഒരു കന്പ്യൂട്ടറിന്റെ ഡെസ്ക്ടോപ്പിൽ‍ തന്നെ എത്രയോ സൈറ്റുകൾ‍ ഒരേ സമയം നമ്മൾ‍ തുറന്ന് വെക്കുന്നു. ഏതെങ്കിലും ഒന്ന് ഒരു സെക്കന്റ് വൈകിയാണ് തുറക്കുന്നതെങ്കിൽ‍ നമ്മൾ‍ പലരെയും മനസാശപിക്കുന്നു. ക്ഷമയോടൊപ്പം തന്നെ നമുക്ക് നഷ്ടമായ ഒരു വികാരമാണ് അതിശയം എന്നത്. ഒരു കാലത്ത് ആകാശത്ത് ദൂരെയെവിടെയോ ഒരു പൊട്ട് പോലെ പാറി പറക്കുന്ന വിമാനത്തിന്റെ ചെറിയ ശബ്ദം കേൾ‍ക്കുന്പോൾ‍ ദേ വിമാനം എന്ന് അലറി വിളിച്ച് പുറത്ത് ആർ‍ത്തുലസിച്ച ഒരു കുട്ടിക്കാലം നമുക്കുണ്ടായിരുന്നു. എന്നാൽ‍ ഇന്ന് നമ്മുടെ മുന്പിൽ‍ സ്വന്തം ഹൃദയം തന്നെ എടുത്ത് മുന്പിൽ‍ വെക്കുന്ന മായാജാലക്കാരോട് പോലും ഇത് വെറും ചെന്പരത്തിയല്ലേ എന്ന ലാഘവത്തോടെ ചോദിക്കുന്നവരായി നാം മാറിയിരിക്കുന്നു. 

ഇന്ന് മനുഷ്യന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് മാനുഷികമായ വികാരങ്ങളും മൂല്യങ്ങളുമാണ്. ഇതിന്റെ പരിണിതഫലമാണ് നമ്മുടെ സമൂഹം അനുഭവിക്കുന്നതും. കഴിഞ്ഞ ദിവസം അബുദാബിയിൽ‍ നിന്ന് വന്ന ദാരുണമായ വാർ‍ത്ത നിങ്ങളും വായിച്ചു കാണും. അമ്മയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ വേണ്ടി സമ്മാനം വാങ്ങിക്കാൻ സാധിക്കാത്തതിൽ‍ പ്രതിഷേധിച്ച് മലയാളിയും പതിനൊന്നാം തരം വിദ്യാർ‍ത്ഥിനിയുമായ പെൺകുട്ടി ഏഴാമത്തെ നിലയിൽ‍ നിന്ന് താഴേക്ക് എടുത്തു ചാടി ആത്മഹത്യ ചെയ്തുവെന്ന വാർ‍ത്തയായിരുന്നു അത്. വളരെ സന്തോഷത്തോടെ ജീവിച്ചു പോരുന്ന ഒരു കുടുംബത്തിൽ‍ കേവലമൊരു ചെറിയ അഭിപ്രായ വ്യത്യാസം ആ കുടുംബത്തിന്റെ വിളക്കായിരുന്ന ഒരു ജീവൻ എടുക്കാൻ കാരണമായി എന്ന് പറയുന്പോൾ‍ ഇതിനെ ഒറ്റപ്പെട്ട സംഭവമായി കാണേണ്ടതില്ല. അതിവൈകാരികമായി ജീവിതത്തിലെ സുഖദുഃഖങ്ങളോട് പ്രതികരിക്കാൻ മാത്രമറിയുന്ന ഒരു തലമുറയെ നമ്മൾ‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ആരുടെയും മുന്പിൽ‍ പെട്ടന്ന് ചിരിക്കാൻ‍, പെട്ടന്ന് പൊട്ടികരയാൻ‍, എന്തും ചെയ്യാൻ‍ സാധിക്കുന്ന സ്മാർ‍ട്ടെന്ന് വിളിച്ച് കൊഞ്ചിക്കുന്ന ഒരു വല്ലാത്ത തലമുറയാണ് ഇതെന്ന് തിരിച്ചറിയാൻ‍ നമ്മൾ‍ ഏറെ വൈകുന്നു. 

ജീവിതത്തിന്റെ സമസ്തമേഖലകളിലും ഈ അമിത വൈകാരികത പ്രതിഫലിക്കുന്നുണ്ട് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ചിന്തിക്കുന്ന മൃഗം എന്ന രീതിയിൽ‍ മനുഷ്യന്‍ അവന് വേണ്ട അതിശയങ്ങളെ തേടി നടക്കുന്പോഴാണ് മൃഗീയമായ വാസനകൾ‍ അവനിൽ‍ ഉണർ‍ന്നുവരുന്നത്. പ്രവാസലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന അമിതസമ്മർ‍ദ്ദവും, ആത്മഹത്യയും, ജീവിതശൈലീ രോഗങ്ങളുമൊക്കെ ഈ അമിത വൈകാരികതയുടെ ഫലമാണെന്ന ഓർ‍മ്മപ്പെടുത്തലോടെ..

You might also like

Most Viewed