കേരളമെന്ന് കേട്ടാൽ


പ്രദീപ് പുറവങ്കര 

24 മണിക്കൂറും വാർ‍ത്തകളിൽ‍ കുറ്റകൃത്യങ്ങൾ‍ മാത്രം നിറയുന്ന നാടായി നമ്മുടെ കേരളം രൂപാന്തരപ്പെടുകയാണ്. ചുറ്റും നടക്കുന്ന കാര്യങ്ങൾ‍ സംവദിക്കാനായി പ്രവർ‍ത്തിക്കുന്ന മാധ്യമങ്ങളുടെ എണ്ണം ഏറി വരുന്പോൾ‍ ശ്രദ്ധ പിടിച്ചു പറ്റാനായി കുറ്റകൃത്യങ്ങളെ മാത്രം തേടിയുള്ള യാത്രയിലാണെന്ന് നമ്മുടെ ലേഖകന്‍മാർ‍ എന്നു തോന്നി പോകുന്ന അവസ്ഥയും ഇന്ന് നിലനിൽ‍ക്കുന്നു. അച്ചടി മാധ്യമങ്ങളെക്കാൾ‍ വേഗതയിൽ‍ ഇന്ന് വാർ‍ത്തകൾ‍ പ്രചരിക്കുന്നത് ടെലിവിഷനിലും, അതു പോലെ ഓൺലൈൻ‍ ഇടങ്ങളിലുമാണ്. പീഡനവാർ‍ത്തകൾ‍ ആണ് ഇത്തരം ഇടങ്ങൾ‍ക്ക് ഏറെ പ്രിയം. ഇത്തരം വാർ‍ത്തകൾ‍ നൽ‍കിയാൽ‍ റീച്ചിന്റെ എണ്ണം കൂടുമെന്ന ചിന്തയാണ് ന്യൂജനറേഷൻ‍ മാധ്യമപ്രവർ‍ത്തകർ‍ക്കുമുള്ളത്. സാംസ്കാരികമായും, സാമൂഹ്യപരമായും ഉത്ബുദ്ധരായ ഒരു സമൂഹത്തിന് ഇന്ന് വേണ്ടത് ഇക്കിളിപ്പെടുത്തുന്നതോ, ഞെട്ടിക്കുന്നതോ ആയ വാർ‍ത്തകളാണെന്നും അവർ‍ തിരിച്ചറിയുന്നു. 

വിനോദത്തിന്റെ പേരിൽ‍ നമ്മുടെ ചാനലുകൾ‍ പൊതുമനസിൽ‍ ഉണ്ടാക്കിയെടുക്കുന്ന മലിനമായ ചില അറിവുകളുണ്ട്. ഇവയെ നിയന്ത്രിക്കേണ്ടതും ഈ പീഡനകാലത്തെ ആവശ്യമാണ്. കുഞ്ഞു കുട്ടികൾ‍ക്കായി നൃത്തപരിപാടികൾ‍ ഇന്ന് ചാനലുകളിൽ‍ എല്ലാം അരങ്ങേറുന്നുണ്ട്. കഴിഞ്ഞ ദിവസം േസ്റ്റജിൽ‍ നൃത്തം ചെയ്യുന്ന ഇത്തിരി പോന്ന കുഞ്ഞിനോട് വളരെ അരോചകമായ രീതിയിൽ‍ ശരീരഭാഗങ്ങൾ‍ അനക്കാൻ ആഹ്വാനം ചെയ്യുന്ന ഒരു ജ‍ഡ്ജിനെ കാണുകയുണ്ടായി. ആ കുഞ്ഞ് അങ്ങിനെ ചെയ്യാൻ ശ്രമിച്ചപ്പോൾ‍ കളിയാക്കുന്ന അവതാരികയും ഇതിനൊപ്പമുണ്ടായിരുന്നു. ഇതിലൂടെ അവർ‍ കുട്ടിത്തം തുളുന്പുന്ന ഒരു കുഞ്ഞിനെ മാത്രമല്ല മലിനീകരിക്കുന്നത്, മറിച്ച് അത് കണ്ടുകൊണ്ടിരിക്കുന്ന എത്രയോ ലക്ഷം കുഞ്ഞുമനസുകളെ കൂടിയാണ്. മുന്പ് തോന്ന്യാക്ഷരത്തിൽ‍ തന്നെ സൂചിപ്പിചതാണ് ചാനലുകളിൽ‍ ഉറങ്ങാൻ നേരത്ത് കടന്നുവരുന്ന ക്രൈം വാർ‍ത്തകളെ പറ്റിയുള്ള കാര്യം. ഒരു മനുഷ്യൻ അവന്റെ ഒരു ദിവസത്തെ അധ്വാനം കഴിഞ്ഞ് വിശ്രമിക്കാനിരിക്കുന്പോഴാണ് അച്ഛൻ മകളെ പീഡിപ്പിച്ച കാര്യവും, വൃദ്ധയായ അമ്മയെ മകനോ മകളോ ഒക്കെ അടിച്ച് പരിക്കേൽ‍പ്പിച്ചതോ കൊന്നതൊ ഒക്കെയായ വാർ‍ത്ത കാണേണ്ടി വരുന്നത്. എന്തോ മഹാകാര്യം സംഭവിച്ചത് പോലെ അത് അവതരിപ്പിക്കുന്പോൾ‍ ഒരു കുറ്റകൃത്യം എങ്ങിനെ നടത്താം എന്നതിന്റെ സ്റ്റഡി ക്ലാസ് കൂടിയായി ഇത്തരം പരിപാടികൾ‍ മാറുന്നു. പ്രായപൂർ‍ത്തിയായവർ‍ക്ക് പോലും അരോചകമായി മാറുന്ന ഇത്തരം ദൃശ്യങ്ങളെ സെൻസർ‍ ചെയ്യാനോ, അതിന്റെ നിർ‍മ്മാതക്കളെയും ചാനലിനെയും നിയമപരമായി ശിക്ഷിക്കാനോ സാധിക്കാതെ നോക്കുകുത്തിയായി മാറുകയാണ് നമ്മുടെ സർ‍ക്കാരുൾ‍പ്പടെയുള്ളവർ‍. 

ലൈംഗികതയ്ക്ക് അതിപ്രാധാന്യം നൽ‍കി മുന്പോട്ട് പോകുന്ന ഈ സംസ്കാരം നമ്മുടെ നാടിനെ എവിടെയാണ് കൊണ്ടെത്തിക്കുന്നതെന്ന് ഇനിയെങ്കിലും ചിന്തിച്ചില്ലെങ്കിൽ‍ കേരളമെന്ന് കേട്ടാൽ‍ തിളയ്ക്കുന്നത് ചോര മാത്രമായിരിക്കില്ലെന്ന ഓർ‍മ്മിപ്പിക്കലോടെ...

You might also like

  • Lulu Exchange
  • Straight Forward

Most Viewed