ഇളയരാജാ അത് വേണോ...


പ്രദീപ് പുറവങ്കര 

കല എന്നു വെച്ചാൽ‍ അത് മനുഷ്യനെ സാധാരണക്കാരിൽ‍ നിന്നും ഒരു പടി ഉയർ‍ത്തുന്ന ബഹുമതിയാണ്. പൊതുവെ, സംഗീതം, നൃത്തം, ചിത്രരചന, അഭിനയം തുടങ്ങിയ മേഖലകളിൽ‍ കഴിവ് പ്രകടിപ്പിക്കുന്നവരെയാണ് നമ്മൾ‍ കലാകാരന്‍മാരുടെ ഗണത്തിൽ‍ പെടുത്തുന്നത്. സാഹിത്യകാരന്‍മാരെയും പൊതുസമൂഹം ഏറെ ബഹുമാനത്തോടെയാണ് കണ്ടുപോരുന്നത്. ഇന്നത്തെ കാലത്ത് ഇതിൽ‍ മിക്കതും ഉപജീവനമാർ‍ഗമായിട്ട് തന്നെയാണ് ഉപയോഗിക്കപ്പെടുന്നത്. സ്വന്തം കഴിവുകളെ ഉയർ‍ത്തി കാണിച്ചാണ് ലോകത്തിലെ മിക്ക കലാകാരന്‍മാരും ധനവാന്‍മാരായി മാറിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ആദരണീയനായ സംഗീതസംവിധായകൻ ശ്രീ. ഇളയരാജ അദ്ദേഹം ഈണമിട്ട പാട്ടുകൾ‍ അനുമതി ഇല്ലാതെയും, റോയൽ‍റ്റി നൽ‍കാതെയും വേദികളിൽ‍ പാടിയതിന് പ്രമുഖ ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിനും ഗായിക കെ.എസ് ചിത്രക്കും വക്കീൽ ‍നോട്ടീസ് അയച്ചത് കലാരംഗത്ത് തന്നെ നിരവധി ചർ‍ച്ചകൾ‍ക്ക് വഴിവെച്ചിരിക്കുകയാണ്. ബൗധിക സ്വത്ത് നിയമപ്രകാരം മൗലികമായ ഈണത്തിന്റെ പകർ‍പ്പവകാശം സംഗീത സംവിധായകനുള്ളതാണെന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇളയരാജ വക്കീൽ‍ നോട്ടീസ് അയച്ചിരിക്കുന്നത്.  

ഇളയരാജ എന്ന സംഗീതജ്ഞനോടുള്ള ആദരവ് ഉള്ളപ്പോൾ‍ തന്നെ ഈ ഒരു തീരുമാനത്തിലൂടെ കല എന്നത് വെറും കച്ചവടച്ചരക്ക് മാത്രമാണെന്ന് അദ്ദേഹം തുറന്ന് പറയുന്നത് പോലെയാണ് കേവലം സാധാരണക്കാരായ ആർ‍ക്കും തോന്നുക. കർ‍ണാടക ക്ലാസിക്കൽ‍ സംഗീതജ്ഞരുടെ നീണ്ട നിര നമുക്ക് അവകാശപ്പെടാനുണ്ട്. അവരുടെയൊക്കെ സംഗീതത്തിലുള്ള അറിവ് കടമെടുത്തുകൊണ്ടാണ് ഇളയരാജയടക്കമുള്ള പുതുസംഗീതജ്ഞർ‍ അവരുടെ സംഗീതസപര്യ തുടരുന്നത്. ദാനമായി കിട്ടിയ ഈ അറിവ് ഉപയോഗിച്ച് സ്വാഭാവികമായി ഉണ്ടാക്കിയ ധനത്തിന് പുറമേ കൂടുതൽ‍ പണം കിട്ടികൊണ്ടിരിക്കണമെന്ന് ഇളയരാജയെ പോലെയുള്ള വ്യക്തി ആഗ്രഹിക്കുന്നത് തീർ‍ച്ചയായും ഒരു നല്ല മാതൃകയല്ല. അങ്ങിനെ ചിന്തിക്കുന്പോൾ‍ അദ്ദേഹം വെറും മനുഷ്യനായി മാറുന്നു. 

ഒരു ഗാനത്തെ എടുക്കുന്പോൾ‍ അതിൽ‍ മൂന്ന് പേർ‍ തുല്യ അവകാശികളായി മാറുന്നുണ്ട്. ഗാനം എഴുതിയ വ്യക്തി, അതിന് ഈണമിടുന്നയാൾ‍, പിന്നെ ആസ്വദകരുടെ കർ‍ണപുടങ്ങളിലേയ്ക്ക് ആ ഗാനം ആവാഹിച്ച് എത്തിക്കുന്ന ഗായകനോ ഗായികയോ അതിന്റെ ഭാഗമായി മാറുന്നു. ഇളയരാജ പറഞ്ഞ അവകാശങ്ങൾ‍ തങ്ങൾ‍ക്കും ഉണ്ടെന്ന് രചയിതാവും, ഗായകനും പറഞ്ഞാൽ‍ പിന്നെ ഈ ഗാനങ്ങൾ‍ ആസ്വദിക്കുന്നവന് ഇതിൽ‍ എന്തവകാശം എന്ന തോന്നലാണ് ഉണ്ടാവുക. ഒപ്പം ഓരോ ഗാനവും ഉണ്ടാകുന്പോൾ‍ അതിന് വേണ്ടി സാന്പത്തികമായി ചിലവഴിക്കുന്ന ഒരു നിർ‍മ്മാതാവും ഉണ്ടാകും. അദ്ദേഹമാണല്ലോ, രചയിതാവിനും, സംഗീതജ്ഞനും, പാട്ടുകാരനും പണം കൊടുക്കുന്നത്. സ്വാഭാവികമായും പാട്ടിന്റെ ഉടമസ്ഥനായി അദ്ദേഹവും മാറും. ഒരു കൈപ്പത്തിയിലെ അഞ്ച് വിരലുകളും പരസ്പരം മത്സരിച്ചാൽ‍ കൈപ്പത്തിയുടെ ഉപയോഗം ഇല്ലാതാകുമെന്ന അടിസ്ഥാന ധാരണയോടെ വേണം ഇത്തരം മൂപ്പിളമ തർ‍ക്കങ്ങളെ കാണാൻ‍. ഓരോന്നും പരസ്പര പൂരകങ്ങളാണെന്ന ചിന്തയോടെ കേവല മദമാത്സര്യങ്ങൾ‍ക്ക് ഇളയരാജയെ പോലെയുള്ള ഇശൈജ്ഞാനികൾ‍ വഴങ്ങരുതെന്ന ആഗ്രഹമാണ് കലാസ്വാദകർ‍ക്കുള്ളത്. അങ്ങിനെ ചെയ്താൽ‍ മുറിവേൽ‍ക്കുന്ന ശുദ്ധമായ കലയ്ക്കും അതിന്റെ കോടിക്കണക്കിന് വരുന്ന ആസ്വാദക ഹൃദയങ്ങൾ‍ക്കുമാണ് എന്ന ഓർ‍മ്മപ്പെടുത്തലോടെ.

You might also like

Most Viewed