അക്ഷരങ്ങൾ പൂ­ക്കു­ന്പോ­ൾ...


പ്രദീപ് പുറവങ്കര 

പുസ്തകങ്ങൾ‍ക്ക് കൊതിപ്പിക്കുന്ന ഒരു  മണമുണ്ട്. അതിൽ‍ നിറയുന്നത് പല തരം ഓർ‍മ്മകളാണ്. ഒരു ഗാനം കേട്ടാൽ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ഒരനുഭവം മനസ്സിനുള്ളിലേയ്ക്ക് വരുന്നത് പോലെയാണത്. ഇതെഴുതുന്പോൾ‍ ബഹ്റിനിലെ പ്രമുഖ സംഘടനയായ കേരള കാത്തലിക്ക് അസോസിയേഷനുമായി സഹകരിച്ച് ഡിസി ബുക്സിന്റെ സഹകരണത്തോടെ ഒരു മിനി ബുക്ക് ഫെയർ നടത്താൻ‍ തീരുമാനിച്ചതിന്റെ ഭാഗമായി പ്രദർശിപ്പിക്കേണ്ട പുസ്തകക്കെട്ടുകളുടെ കൂന്പാരത്തെ അടുക്കിവെയ്ക്കുന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ബഷീറും, ഉറൂബും, വിജയനും, പദ്മരാജനും, എംടിയും തുടങ്ങി ലോകോത്തര സാഹിത്യകാരന്മാർ ചുറ്റും നടന്ന് ഞങ്ങൾ‍ക്കൊപ്പം ഉത്സാഹിക്കുന്നത് പോലെയുള്ള അനുഭവമാണിത്. വെളുത്ത താളുകളിൽ‍ കറുത്ത മഷിയിൽ‍ തെളിയുന്ന അക്ഷരങ്ങൾ‍ക്ക് ജീവനുണ്ടെന്ന് നന്നായി വായിക്കുന്ന ഓരോ വായനക്കാരനും പറയും. അവയിലൂടെ ഭാവനകളിൽ‍ വലിയ ലോകം തന്നെ സൃഷ്ടിക്കപ്പെടുന്നു. കഥാപാത്രങ്ങൾ‍ക്കൊപ്പം അവരുടെ സുഖദുഖങ്ങളിൽ‍ ഒത്ത് ചേർ‍ന്നു പോകലാണ് ഓരോ വായനാനുഭവവും നമുക്ക് സമ്മാനിക്കുന്ന വികാരം. 

വായന മരിക്കുന്നു എന്നു പറയുന്നത് ഒരു ഫാഷനാണ് ഇന്ന്. ഒരു കാലത്ത് സജീവമായിരുന്ന ഗ്രാമീണ വായനശാലകൾ‍ ഇന്നു എണ്ണത്തിൽ‍ ഏറെ കുറയുന്നു എന്ന കണക്ക് വെച്ചു കൊണ്ടാണ് പലരും ഇത് പറയാറുള്ളത്. എന്നാൽ‍ അതേസമയം ഇഷ്ടമുള്ള ഒരു പുസ്തകം ഇന്നും കൈയിൽ‍ കിട്ടിയാൽ‍ അത് വീണ്ടും വീണ്ടും കൊതിയോടെ വായിക്കുന്നവരുടെ എണ്ണം സത്യത്തിൽ‍ വർ‍ദ്ധിച്ചുവരികയാണെന്ന് പുസ്തകപ്രസാധകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പ്രത്യേകിച്ച് കേരളത്തിൽ‍ ഒരു മലയാളി ഒരുവർഷം ശരാശരി പതിനേഴായിരത്തോളം രൂപ പ്രസിദ്ധീകരണങ്ങൾ‍ വാങ്ങാൻ‍ മാത്രം ചെലവഴിക്കുന്നുവെന്ന കണക്ക്‌ അടുത്ത കാലത്ത് പുറത്ത് വന്നത് തന്നെ വായനാലോകത്തിന്‌ അപചയം സംഭവിക്കുന്നില്ല എന്നതിന്റെ തെളിവാണ്. അച്ചടിക്ക് പുറമേ വായനക്കുള്ള ഇടങ്ങളും വർ‍ദ്ധിച്ചു കഴിഞ്ഞു എന്ന വ്യത്യാസം മാത്രമാണ് ഇന്നുള്ളത്. ഓൺലൈൻ‍ മേഖലയിലും സ്മാർ‍ട്ട് ഫോൺ‍ ആപ്ലിക്കേഷനുകളിലൊമൊക്കെയായി വായന തളിർത്തുതന്നെ നിൽ‍ക്കുന്നു. വായന പുതിയ മേഖലകളിലേയ്ക്ക് വ്യാപിക്കുകയാണ് എന്ന അറിവാണ് ഇത് നൽ‍ക്കുന്നത്. നമ്മുടെ വായനശാലകളും ആധുനികവത്കരിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്.

അക്ഷരം എന്ന വാക്കിന്റെ അർ‍ത്ഥം തന്നെ നശിക്കാത്തത് എന്നാണ്. അതു കൊണ്ട് അക്ഷരത്തെ ശത്രുവാക്കുന്നത് നാശത്തെ സ്വയം വിളിച്ചു വരുത്തുന്നത് പോലെയാണ്. വായനയിലൂടെ സാമാന്യബോധത്തിൽ‍നിന്ന് സവിശേഷബോധത്തിലേക്ക് മനുഷ്യൻ‍ വളരുന്നു. വായിച്ചുവളരണം മനുഷ്യർ എന്ന വാക്കും നമ്മൾ‍ ഓർ‍ക്കേണ്ടതുണ്ട്. പ്രവാസലോകത്ത് വായനയുടെ പുതുവസന്തം തീർ‍ക്കുവാനാണ് ഓരോ പുസ്തകോത്സവങ്ങളും ശ്രമിക്കുന്നത്. ഫേസ് ബുക്കും, വാട്സാപ്പും മാത്രം കണ്ട് അതിൽ‍ ഉടക്കി തീരാൻ‍ പാടില്ല നമ്മുടെ സമയമെന്നും പുസ്തകോത്സവങ്ങൾ‍ നമ്മോട് വിളിച്ചു പറയുന്നു. മാർച്ച് 24 മുതൽ‍ 30 വരെ നടക്കുന്ന പുസ്തകോത്സവത്തിൽ‍ ഏവരുടെയും സ്നേഹസഹകരണങ്ങൾ‍ അപേക്ഷിച്ചു കൊണ്ട്... 

You might also like

Most Viewed