താരങ്ങളും മനുഷ്യരാണ്... പ്രദീപ് പുറവങ്കര
അഭ്രപാളികളിലെ താരങ്ങൾ സാധാരണക്കാർക്ക് എന്നും ഭ്രമം ജനിപ്പിക്കുന്നവരാണ്. ഭൂമിയിലെ നക്ഷത്രങ്ങളാണ് നമുക്ക് അവർ. തിരശീലയിൽ അവർ അഭിനയിപ്പിച്ച് ഫലിപ്പിക്കുന്ന കഥാപാത്രങ്ങൾ നമ്മെ ഹരം കൊള്ളിക്കുന്പോൾ പലപ്പോഴും നമ്മളെ പോലെയുള്ള മനുഷ്യരാണ് അവരെന്ന ചിന്ത മാറ്റിവെക്കപ്പെടുന്നു. അതു കൊണ്ടാണ് എഴുന്നേറ്റ് നടക്കാൻ പോലും സാധിക്കാത്ത എൺപത് വയസ്സായ താരങ്ങൾ പോലും തന്റെ കൈവിരൽ ഞൊടിച്ചാലുടൻ പത്തോ നൂറോ പേർ ദൂരേക്ക് തെറിച്ച് പോകുന്നത് കാണുന്പോൾ ആരാധാകർ ആർത്തുവിളിക്കുകയും, ആ മനുഷ്യന്റെ അമാനുഷികമായ ശക്തിയിൽ വിശ്വസിച്ച് പോവുകയും ചെയ്യുന്നത്. ഈ ഒരു കരിസ്മ അവരിൽ ഉള്ളത് കൊണ്ടാണ് എത്ര ബുദ്ധിമുട്ടിയാലും അവരെ ഒരു നോക്ക് കാണാനും, തൊടാനും ഭയം കലർന്ന ഭക്തിയോടെ ഒപ്പം നിന്ന് ഫോട്ടോ എടുക്കാനുമൊക്കെ നമ്മളെല്ലാവരും ശ്രമിക്കുന്നത്.
പ്രവാസലോകത്ത് വന്നതിന് ശേഷം പല അഭിനേതാക്കളെയും നേരിട്ട് കാണാനും, അവരോട് സംസാരിക്കാനുമൊക്കെ പത്രപ്രവർത്തകൻ എന്ന നിലയിൽ അവസരം ലഭിക്കാറുണ്ട്. ഇവരിൽ ബഹുഭൂരിഭാഗം പേരും വളരെ പാവങ്ങളാണ് എന്ന സത്യം കൂടുതൽ പരിചയപ്പെടുന്പോഴാണ് നമ്മൾ തിരിച്ചറിയുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട ഒരു നടൻ േസ്റ്റജ് ഷോയിൽ പങ്കെടുക്കാൻ ഇവിടെ വന്നപ്പോൾ ഒരു ആരാധകൻ അദ്ദേഹത്തെ ഉമ്മ വെയ്ക്കാൻ ശ്രമിക്കുകയും, അതിനടയിൽ ആ മുഖത്ത് നല്ലൊരു കടി കൊടുത്തതും നേരിൽ കാണേണ്ടി വന്നൊരു വ്യക്തിയാണ് ഞാൻ. പാവം, ആ മഹാനടൻ അന്ന് വേദന കൊണ്ട് പുളഞ്ഞു പോയി. എങ്കിലും അതൊക്കെ സഹിച്ച് മിണ്ടാതെ അദ്ദേഹം അന്ന് ക്ഷമിച്ചിരുന്നു. ഇതിനിടെ ഹിറ്റായ മാറിയ മെക്സിക്കൻ അപാരത എന്ന ചിത്രത്തിലെ നായകൻ ടൊവിനോയ്ക്ക് നേരിടേണ്ടി വന്ന അഭിലക്ഷണീയമല്ലാത്ത ഒരു കാര്യത്തെ പറ്റി അറിഞ്ഞപ്പോഴാണ് ഈ വിഷയത്തെ പറ്റി ഓർക്കാൻ കാരണം. കഴിഞ്ഞ ദിവസം അദ്ദേഹം ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ ഒരു ആരാധകന്റെ മോശമായ പെരുമാറ്റത്തെ പറ്റി രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇത് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും, അദ്ദേഹത്തെ വല്ലാതെ ട്രോളുകയും ചെയ്തു. ഒരു നടന് ഇത്രയും അഹങ്കാരം പാടില്ലെന്നും, പ്രേക്ഷകർ തന്നെ അദ്ദേഹത്തെ താരമല്ലാതാക്കുമെന്നും ഒക്കെയുള്ള ഭീഷണികൾക്കൊപ്പം, മലയാളിക്ക് വശമുള്ള നല്ല തെറി വിളികളും കമന്റുകളായി അദ്ദേഹത്തിന് ലഭിച്ചു. ഇതൊക്കെ കണ്ട് തളർന്നുപോയിട്ടാകണം ഇന്ന് അദ്ദേഹം തന്നെ വിശദീകരണവുമായി രംഗത്ത് വരികയും ചെയ്തു. വേദനിച്ചപ്പോൾ ഒരു പച്ച മനുഷ്യനായി പ്രതികരിച്ചതാണെന്നും അതിനെ ജാഡയോ, അഹങ്കാരമോ ആയി ചിത്രീകരിക്കരുതെന്നും ആരെയെങ്കിലും ഇത് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ഏറെ വിനയത്തോടെ തന്നെ ടോവീനോ പറയുന്നു.
സെലിബ്രിറ്റികൾ അക്രമണത്തിന് വിധേയരായാൽ അല്ലെങ്കിൽ ഒരു തല്ല് കിട്ടിയാൽ, പ്രതികരിക്കുന്നതിന് പകരം അവരോട് കടപ്പാടും സ്നേഹവും പ്രകടിപ്പിക്കണമെന്ന് പറയുന്ന ഗുണ്ടായിസത്തോട് തികഞ്ഞ പുച്ഛം അറിയിച്ചു കൊണ്ട്...