വേണ്ടത് കൂടുതൽ ഭ്രാന്താശുപത്രികൾ....
കേരളം ഭ്രാന്താലയമാണെന്ന് സ്വാമി വിവേകാനന്ദൻ ഒരു നൂറ്റാണ്ടിന് മുന്പ് പറഞ്ഞതിന് ധാരാളം കാരണങ്ങളുണ്ട്. പക്ഷെ അതിൽ ഭൂരിഭാഗവും ഇന്ന് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നില്ല. അതേസമയം ഇന്നും ഈ സമൂഹത്തിന് ഭ്രാന്താണെന്ന് തെളിയിക്കുന്ന പുതിയ കുറേ കാര്യങ്ങൾ ദിനം പ്രതി നമ്മൾ വായിച്ചും, കണ്ടും കൊണ്ടേയിരിക്കുന്നു. പത്രങ്ങളൊക്കെ ഇന്ന് കുറ്റപത്രങ്ങളും, ടെലിവിഷൻ വാർത്ത ചാനലുകൾ അഡൽട്സ് ഓൺലി സിനിമകളുമായി മാറിയിരിക്കുന്നു. മദ്യലഹരിയിൽ അച്ഛൻ അഞ്ചുവയസ്സുകാരിയായ മകളെ പീഢിപ്പിക്കുന്നു, പ്രായപൂർത്തിയാകാത്ത മകളെ അമ്മ തന്നെ വിൽക്കുന്നു തുടങ്ങി കണ്ണിനും, കാതിനും ഒക്കെ അരോചകമായ രീതിയിൽ വാർത്തകൾ നമ്മുടെ മുന്പിൽ എത്തുന്പോൾ ഈ നാടിന് ഇതെന്ത് പറ്റി എന്നു ചോദിക്കാതെ മുന്പോട്ട് പോകാൻ സാധിക്കുന്നില്ല.
ലൈംഗികമായി അസംതൃപ്തരായ ഒരു സമൂഹമായി അധഃപതിക്കുകയാണോ മലയാളികൾ എന്ന വിഷയത്തെ പറ്റി ഗൗരവപരമായ ചർച്ചകൾ നമ്മുടെയിടയിൽ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു. പ്രായപൂർത്തിയാകാത്ത കൊച്ചു കുഞ്ഞുങ്ങൾ മുതൽ അംഗപരിമിതർക്കും, ബുദ്ധിമാന്ദ്യം സംഭവിച്ചവർക്കുമടക്കമുള്ളവർക്ക് നേരെയുണ്ടാകുന്ന ലൈംഗീകാതിക്രമങ്ങൾ ഇതിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിച്ചും, അശ്ലീല വെബ് സൈറ്റുകൾ കണ്ടുകൊണ്ടും ഒരു ജനത പതിയെ പതിയെ നിഷ്ക്രിയരായി മാറുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. ജനിച്ച കുഞ്ഞിനെ പോലും മറ്റൊരു കണ്ണിലൂടെ നോക്കിക്കാണുന്ന ക്രിമിനലുകളുടെ എണ്ണം കൂടി വരുന്ന ഈ കെട്ടകാലത്ത് എങ്ങിനെയാണ് കേരളം മുന്പോട്ട് പോകുക.
അനാഥാലയങ്ങളെ വിശുദ്ധിയുടെ ഇടങ്ങളായി നോക്കി കാണുന്നയിടത്ത് നിന്ന് വ്യഭിചാര കേന്ദ്രങ്ങളായി കാണേണ്ടി വരുന്ന അവസ്ഥ എത്ര മാത്രം ഖേദകരമാണ്. ദൈവത്തിലേയ്ക്കും, നന്മ നിറഞ്ഞ ചിന്തകളിലേയ്ക്ക്ും കൈപിടിച്ച് നടത്തേണ്ട പുരോഹിതശ്രേഷ്ടൻമാർ ചെകുത്താന്‍മാരായി കുഞ്ഞുങ്ങളെയടക്കം പീഢിപ്പിക്കുന്നു. അതിന് സ്ത്രീകൾ അടക്കം കൂട്ടുനിൽക്കുന്നു. എന്തേ നമ്മുടെ നാടിങ്ങനെ. പോലീസ് കഴിവ് കെട്ടവരായത് കൊണ്ട് മാത്രമാണ് ഇത്തരം നീചപ്രവർത്തിക്കൾ നമ്മുടെ നാട്ടിൽ സംഭവിക്കുന്നത് എന്ന് പറയാൻ സാധിക്കില്ല. നമ്മുടെ സമൂഹത്തിന് നഷ്ടപ്പെട്ടിരിക്കുന്നത് പൊതുജാഗ്രതയാണ്. ഒരാൾക്ക് പൊതുഇടത്തിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള അക്രമം നേരിടേണ്ടി വരുന്പോൾ പോലും അത് ഫേസ് ബുക്ക് ലൈവ് ആക്കാൻ മാത്രം കെൽപ്പുള്ള തരം താണ സമൂഹമായി മലയാളി മാറിയിരിക്കുന്നു.
വേണ്ടത് ആഴത്തിലുള്ള ചികിത്സയാണ്. നിലവിൽ അക്രമവാസന ചില വ്യക്തികളുടെ വളർച്ചയുടെ ഭാഗമാകുന്നുണ്ട് എന്നതുകൊണ്ട് ആ രോഗത്തിനാണ് മുളയിലേ ചികിത്സ അത്യാവശ്യമായിരിക്കുന്നത്. ഒരു അക്രമം നടന്നാൽ പോലും പ്രതി മാനസികരോഗിയാണെന്ന് പറഞ്ഞ് നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷിച്ചെടുക്കുന്ന വക്കീലന്‍മാർ നമ്മുടെ നാട്ടിലുള്ളപ്പോൾ ഈ അക്രമങ്ങൾ എങ്ങിനെ തടയും. മാറാത്ത് അസുഖത്തിന് മരുന്ന് നൽകുന്നതിലും ഭേദം കൂടുതൽ ഭ്രാന്താശുപത്രികൾ നിർമ്മിച്ച് അക്രമികളെ അതിൽ പൂട്ടിയിടുന്നതാകും...