ചൂ­ടു­ കു­റയു­ന്ന തി­രഞ്ഞെ­ടു­പ്പു­കൾ‍...


പ്രദീപ് പുറവങ്കര 

പ്രവാസികൾ‍ ഏറെ താമസിക്കുന്ന ബഹ്റൈനടക്കമുള്ള ഗൾ‍ഫ് നാടുകളിൽ‍ പ്രവാസികളുടെ എണ്ണം പോലെ തന്നെ രൂക്ഷമാണ് അവരുടെ കൂട്ടായ്മകളുടെ എണ്ണവും. പ്രത്യേകിച്ച് മലയാളി സമൂഹത്തിൽ‍ നാലാൾ‍ കൂടിയാൽ‍ ഒരു സംഘടന എന്ന ചൊല്ല് തന്നെയുണ്ട്. ഈ സംഘടനകളെയൊന്നും കുറ്റം പറയാൻ തോന്നാത്ത വ്യക്തിയാണ് ഞാൻ‍. പരസ്പരം പറഞ്ഞിരിക്കാനും, കേട്ടിരിക്കാനും പ്രിയപ്പെട്ടവർ‍ക്ക് പോലും സമയം തീരെ കുറവുള്ള ഇന്നത്തെ കാലത്ത് സംഘടനയടെ പേരില്ലെങ്കിലും അന്യോന്യം സുഖദുഃഖങ്ങൾ‍ പങ്കിടാൻ സാധിക്കുന്പോൾ‍ അത് ഏറ്റവും വലിയ സാമൂഹ്യ പ്രവർ‍ത്തനമായിട്ട് തന്നെ കാണണം. നാട്ടിലെ ഓരോ ഹൃദയസ്പന്ദനങ്ങളും ഇത്തരം കൂട്ടായ്മകളിലൂടെ അംഗങ്ങൾ‍ പരസ്പരം ഗൃഹാതുരമായ ഓർ‍മ്മകളിലൂടെ അനുഭവിക്കുന്നു.  

ഇവിടെയുള്ള സംഘടനകൾ‍ ചിലത് ഏകാധിപത്യ പ്രവണത കാണിക്കുന്പോൾ‍ ചിലയിടങ്ങളിൽ‍ ജനാധിപത്യവും വാഴുന്നു. ഞാനും ഞാനുമെന്റാളും എന്ന തരത്തിൽ‍ പതിറ്റാണ്ടുകളായി സംഘടനയെ പോക്കറ്റിലാക്കി അതിന്റെ ജീവാത്മാവും, പരമാത്മാവുമൊക്കെ ആയി മാറുന്ന പ്രവാസ നേതാക്കളെയും നമുക്കിവിടെ കാണാം. നിരുപദ്രവകാരികളാണ് ഇതിൽ‍ ഭൂരിഭാഗവും. തങ്ങളെ കൊണ്ട് ആകുന്ന സേവനങ്ങൾ‍ സമൂഹത്തിന് വേണ്ടി ചെയ്യാനും, ഇടയ്ക്ക് അതിന്റെ പേരിൽ‍ ഒരു ഫോട്ടോ മാധ്യമങ്ങളിൽ‍ വരുത്തുകയും മാത്രമാണ് മിക്കവരുടെയും ഉദ്ദേശ്യം. ഇതല്ലാതെ പ്രഖ്യാപിത മാർ‍ഗങ്ങളിലൂടെ സുസംഘടിതമായി മുന്പോട്ട് പോകുന്ന അസോസിയേഷനുകളും ഇവിടെ ധാരാളം. 

വർ‍ഷത്തിന്റെ ആദ്യ മാസങ്ങളിലാണ് ഇത്തരം പ്രധാനപ്പെട്ട കൂട്ടായ്മകൾ‍ ജനാധിപത്യ പ്രക്രിയയിലൂടെ നടക്കുന്ന തിരഞ്ഞെടുപ്പുകൾ‍ വഴി അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. നാട്ടിലെ തിര‍ഞ്ഞെടുപ്പുകളെ ഓർ‍മ്മിപ്പിക്കുന്ന തരത്തിൽ‍ വീറും വാശിയുമൊക്കെ നിലനിർ‍ത്തികൊണ്ടാണ് ഇത്തരം തിര‍ഞ്ഞെടുപ്പുകൾ‍ ഇവിടെ അരങ്ങേറാറുള്ളത്. പ്രകടനപത്രികയും, വോട്ടർ‍മാരെ ചാക്കിട്ട് പിടിക്കലും, ബാലറ്റ് പേപ്പറുമൊക്കെ ഇവിടെയും ആ കാലത്ത് സുലഭം. നാട്ടിൽ‍ പഞ്ചായത്ത് മെന്പർ‍ സ്ഥാനത്തേയ്ക്ക് മത്സരിച്ച് ജയിച്ചവരോ പരാജയപ്പെട്ടവരോ വരെ പ്രവാസലോകത്തേയ്ക്ക് എത്തുന്പോൾ‍ തിരഞ്ഞെടുപ്പ് ഗോദയിൽ‍ പരിചയസന്പന്നരായി വിലസും. ഇങ്ങിനെ ഏറെ രസകരമായ ഈ പ്രവൃത്തി നടന്നുവരുന്പോഴും കഴിഞ്ഞ കുറച്ച് വർ‍ഷങ്ങളായി മുന്പത്തേത് പോലെയുള്ള കിടമത്സരവും ആവേശവും കാണുന്നില്ലെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. അതിന്റെ പ്രധാന കാരണം സാന്പത്തികം തന്നെയാണ് തോന്നുന്നു. പൊതുവെ ഇവിടെയുള്ള സാന്പത്തിക മുരടിപ്പ് പണ്ടുള്ളത് പോലെയുള്ള വലിയ മെഗാ പരിപാടികളൊന്നും വെക്കാൻ ഇത്തരം സംഘടനകളെയും ഭാരവാഹികളെയും അനുവദിക്കുന്നില്ല. 

ഇതോടൊപ്പം സമൂഹത്തിൽ‍ ആളാകാൻ വേണ്ടി ഇത്തരം സംഘടനകൾ‍ക്ക് പുറമേ ഇപ്പോൾ‍ ഓൺ‍ലൈൻ പ്ലാറ്റ്ഫോമുകളും ഇവിടെ സജീവമാണ്. സ്വന്തം നിലയിൽ‍ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയും, അറിയാവുന്നവരെയൊക്കെ അതിൽ‍ ചേർ‍ത്തും, സ്വയം മാർ‍ക്കറ്റ് ചെയ്യാനായി കുറച്ചു പേരെ സൃഷ്ടിച്ചെടുക്കയും ചെയ്താൽ‍ വലിയ ചിലവില്ലാതെ തന്നെ ആളാകാം എന്ന ഐഡിയയും ഇതിന് പിന്നിൽ‍ ഉണ്ടെന്ന് പറയപ്പെടുന്നു. എന്തായാലും തിരഞ്ഞെടുപ്പ് കാലത്തെ ശത്രുതയും വൈരാഗ്യവും ഒക്കെ അത് കഴിഞ്ഞാൽ‍ ഉപേക്ഷിക്കണമെന്ന അഭ്യർ‍ത്ഥന മാത്രം മുന്പോട്ട് വെച്ചു കൊണ്ട് എല്ലാ ഭാവി ഭാരവാഹികൾ‍ക്കും ആശംസകൾ‍... 

You might also like

Most Viewed