ഇടി­മു­റി­യിൽ നി­ന്ന് ഇ-മു­റി­യി­ലേ­യ്ക്ക്


പ്രദീപ് പുറവങ്കര

നമ്മുടെ നാട്ടിലെ പോലീസ് േസ്റ്റഷനുകളിലെ ഇടിമുറികൾ‍ പഴങ്കഥയാകാൻ‍ പോകുന്നുവെന്ന നല്ല വാർ‍ത്തയാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. ഇതിന് പകരം ആധുനിക സംവിധാനങ്ങൾ‍ അടങ്ങിയ ഇ-മുറികളാണത്രെ ചോദ്യം ചെയ്യലിനായി വരാൻ‍ പോകുന്നത്. ഓരോ ജില്ലയിലും ഒന്ന് വീതം എന്ന രീതിയിലാണ് ഇതിന് തുടക്കം കുറിക്കുന്നത്. ചോദ്യോത്തര വേളകൾ‍ ഓഡിയോ വീഡിയോ സംവിധാനത്തിലൂടെ പകർ‍ത്തുന്ന വിദേശരാജ്യങ്ങളിലേതിന് സമാനമായ ചോദ്യം ചെയ്യലാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ചോദ്യം ചെയ്യുന്പോൾ‍ ശാരീരികമായി ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമൊക്കെയുള്ള പ്രതികളുടെ ആരോപണങ്ങൾ‍ ഒഴിവാക്കാനാണ് ഇത്തരമൊരു സംവിധാനം പോലീസ് വകുപ്പ് ഏർ‍പ്പെടുത്തുന്നത്. സംസ്ഥാനത്തെ ആദ്യത്തെ ഇത്തരം ഒരു ചോദ്യം ചെയ്യൽ‍ മുറി കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. 

ഇതിന് വേണ്ടി രണ്ട് മുറികൾ‍ എയർ‍കണ്ടീഷൻ‍ഡ് ആക്കിമാറ്റും.  ഒരു മുറിയിൽ‍ മൈക്ക് ഘടിപ്പിച്ച മേശയ്ക്ക് ഇരുവശങ്ങളിലായി പ്രതിയും പോലീസ് ഉദ്യോഗസ്ഥനും ഇരിക്കും. വൺ‍വേ മിറർ‍ ഉപയോഗിച്ച് വേർ‍തിരിക്കുന്ന മുറിയിൽ‍ മറുഭാഗത്ത് നടക്കുന്നതൊന്നും തന്നെ പ്രതിക്ക് കാണാൻ‍ സാധിക്കില്ല. അതേസമയം ഉദ്യോഗസ്ഥന് വയർ‍ലെസ് സംവിധാനത്തിലൂടെ അടുത്ത മുറിയിലിരിക്കുന്ന ഉദ്യോഗസ്ഥനുമായി ബന്ധപ്പെടാൻ‍ സാധിക്കും. രണ്ട് ക്യാമറകളും മുറിയിലുണ്ടാകും. ഓഡിയോ, വീഡിയോ റെക്കോർ‍ഡർ‍, എൽ‍ഇഡി സ്ക്രീൻ, ടിവി മോണിറ്ററിങ്ങ് സിസ്റ്റം, ജനറേറ്റർ‍, യുപിഎസ് എന്നിവയും ഈ ആധുനിക സംവിധാനത്തിൽ‍ ഉൾ‍പ്പെടും. പ്രത്യേകം പരിശീലനം നേടിയവരാണ് ഈ ഉപകരണങ്ങൾ‍ പ്രവർ‍ത്തിപ്പിക്കുന്നത്. 

മാനുഷിക ചിന്തയോടെ നോക്കുന്പോൾ‍ ഇത് നല്ലൊരു കാര്യമാണെങ്കിലും, നമ്മുടെ നാട്ടിൽ‍ ഇപ്പോൾ‍ നിലനിൽ‍ക്കുന്ന അരാജകത്വത്തിന്റെയും കുറ്റകൃത്യങ്ങളുടെയും എണ്ണമെടുക്കുന്പോൾ‍ ഏത് രീതിയിലാകും പുതിയ സംവിധാനം ഫലപ്രദമാകുന്നത് എന്ന കാര്യം കാലം തെളിയിക്കേണ്ട കാര്യമാണ്. ജന്മനാ ഈ ലോകത്ത് ആരും തന്നെ കുറ്റവാളിയായി ജനിക്കുന്നുണ്ടാകുമെന്ന് തോന്നുന്നില്ല. അവരുടെ പശ്ചാത്തലങ്ങളും, ജീവിത സാഹചര്യങ്ങളുമാണ് ഒരാളെ കള്ളനും, കൊലപാതകിയുമൊക്കെയാക്കി മാറ്റുന്നത്. ചെറുപ്പത്തിലേ പിടികൂടുക എന്ന തത്വം ഫലപ്രദമായി നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ‍ നടപ്പിലാക്കിയാൽ‍ മാത്രമേ കുറ്റവാളികളുടെ എണ്ണത്തിൽ‍ കുറവുണ്ടാകുകയുള്ളൂ. സന്തോഷത്തോടെ ജീവിതം നയിക്കുവാനോ, ചുറ്റുമുള്ളവരിൽ‍ നന്മയുടെ നറുതിരി തെളിക്കുവാനോ ഇന്നത്തെ വിദ്യാഭ്യാസ സന്പ്രദായം പറയുന്നില്ല. സന്പത്ത് ഉണ്ടാക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന വിദ്യാഭ്യാസ രീതിയാണ് ഇന്ന് നമുക്കുള്ളത്. തെറ്റായ ഈ ധാരണ പരക്കുന്പോഴാണ് ഏത് വിധത്തിലെങ്കിലും സന്പത്ത് നേടണമെന്ന ആഗ്രഹം ഉടലെടുക്കുന്നത്. അതിന്റെ വഴികളും പക്ഷെ പലപ്പോഴും തെറ്റായി തന്നെ മാറുന്നു. 

അതു കൊണ്ട് തന്നെ എയർ‍കണ്ടീഷൻ‍ഡ് ചോദ്യം ചെയ്യൽ‍ മുറികളൊക്കെ നമ്മുടെ നാട്ടിൽ‍ വരുന്പോൾ‍ അതോടൊപ്പം തന്നെ താഴെതട്ട് മുതൽ‍ മനുഷ്യമനസുകളിലും, അവരുടെ ചിന്തകളിലും, കാഴ്ച്ചപാടുകളിലും ഉണ്ടാകേണ്ട മാറ്റങ്ങളെ കുറിച്ചും സർ‍ക്കാർ‍ ബോധവത്കരണം നടത്തണമെന്ന ആഗ്രഹത്തോടെ.. 

 

You might also like

Most Viewed