എന്നെ തല്ലേണ്ടമ്മാവാ...
പ്രദീപ് പുറവങ്കര
വിവിധ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെ പറ്റി കൂട്ടലും കിഴിക്കലും നടത്തിവരികയാണ് രാഷ്ട്രീയവിശാരദന്‍മാർ. കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തിലേയ്ക്ക് അതിവേഗം നടന്നടുക്കുന്ന ഭാരതീയ ജനതാ പാർട്ടി ആണ് ഈ തെരഞ്ഞെടുപ്പുകളിലെ താരം എന്നതിന് മറിച്ചൊരു അഭിപ്രായമുണ്ടെന്ന് തോന്നുന്നില്ല. വോട്ടിംഗ് മെഷീന്റെ തകരാറാണെന്നും, അധികാരത്തിന്റെ ദുരുപയോഗം കാരണമാണ് ഈ വിജയമെന്നും എതിരാളികൾക്ക് ആരോപിക്കാമെങ്കിലും അതിലൊന്നും സാധാരണ ജനം വിശ്വസിക്കണമെന്നുമില്ല. ഒരു നൂറ്റാണ്ടിനപ്പുറത്തെ ചരിത്രവും പാരന്പര്യവും ഉള്ള പ്രധാനപ്പെട്ട പ്രതിപക്ഷകക്ഷിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് സംഭവിച്ചിരിക്കുന്ന അപചയത്തെ പറ്റിയും നേതൃരാഹിത്യത്തെ പറ്റിയും ഗൗരവപരമായ ചർച്ചകൾ ഉണ്ടാകുന്നതിന് പകരം ബാലിശമായ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചാൽ അത് ഒരു തരത്തിലും ഫലപ്രദമാകുമെന്നും തോന്നുന്നില്ല.
നെഹ്റു കുടുംബത്തിൽ നിന്ന് തന്നെ എന്നും ഹൈക്കമാൻഡ് ഉണ്ടാകണമെന്ന പിടിവാശി കോൺഗ്രസ്സ് പ്രവർത്തകരും അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ആരോഗ്യപരമായ പ്രശ്നങ്ങളിൽ പെട്ടുഴലുന്നവരാണ് പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷയായ സോണിയാ ഗാന്ധി. രാഹുൽ ഗാന്ധി അദ്ദേഹത്തിനെ തന്നെ ജനങ്ങളുടെ മുന്പിൽ പലപ്പോഴും അവതരിപ്പിക്കുന്നത് ഒരു കോമാളിയുടെ രൂപത്തിലാണ്. ഡോക്ടറാകാൻ ഇഷ്ടമില്ലാത്ത മകനെ നിർബന്ധിച്ച് എംബിബിഎസിന് അയക്കാൻ ശ്രമിച്ചാൽ ഉണ്ടാകുന്ന അതേ ദുരന്തങ്ങളാണ് രാഷ്ട്രീയത്തോട് ഒരു പ്രതിപത്തിയുമില്ലാത്ത ശ്രീ രാഹുൽ ഗാന്ധിയെ നിർബന്ധിച്ച് ദേശീയ നേതാവാക്കുന്പോൾ സംഭവിക്കുന്നത്. പ്രിയങ്ക ഗാന്ധിയാണെങ്കിൽ ഇടയ്ക്ക് മിന്നുകയും കെടുകയും ചെയ്യുന്ന ബൾബ് പോലെ വർഷങ്ങളായി തെരഞ്ഞെടുപ്പ് കാലത്ത് മാത്രം പുറത്തിറങ്ങുന്ന മുഖമായി മാറിയിരിക്കുന്നു. അതു പോലെ തന്നെ കോൺഗ്രസ്സ് ശക്തമായിരുന്ന സംസ്ഥാനങ്ങളിൽ പലയിടത്തും ശക്തരും ആജ്ഞാശക്തിയുള്ളവരുമായ നേതാക്കൾ ഉണ്ടായിരുന്നു. കെ കരുണാകരൻ ഉദാഹരണം. എന്നാൽ ഇന്ന് ആ അവസ്ഥയും വല്ലാതെ മാറിയിരിക്കുന്നു. അധികാരം മാത്രം ആഗ്രഹിക്കുന്ന കോൺഗ്രസ്സ് നേതാക്കളിൽ പലരും ബിജെപിയിൽ എത്തിപ്പെടുകയോ, അതിലേയ്ക്ക് യാത്ര തുടങ്ങിയിട്ടോ ഉണ്ട്.
മതേതരത്വം എന്ന വലിയൊരു ആശയമാണ് അര നൂറ്റാണ്ടോളം കോൺഗ്രസിനെ മുന്പോട്ട് നയിച്ചത്. പക്ഷെ പിടിച്ചു കെട്ടാനാകാത്ത തരത്തിൽ അഴിമതി അവരെ കാർന്നുതിന്നപ്പോഴാണ് ജനം നരേന്ദ്രമോഡിയിലേയ്ക്കും, ബിജെപിയിലേയ്ക്കും തങ്ങളുടെ ശ്രദ്ധ തിരിച്ചുവച്ചത്. അഴിമതി പടർന്നുപോയാൽ രാജ്യത്തിന്റെ വികസനമാണ് ഇല്ലാതാവുക എന്ന് സാധാരണ ജനം വിശ്വസിക്കുന്നു. മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആ ഗവണ്‍മെന്റും നടത്തുന്ന ആശയവിനിമയങ്ങൾ പൊതുസമൂഹത്തിന് സ്വീകാര്യമായി വരികയാണ്. നോട്ട് നിരോധനം രാജ്യത്തെ വല്ലാതെ പിന്നോട്ടടിക്കുമെന്ന് കരുതിയിടത്ത് നിന്ന് മാസങ്ങൾക്കുള്ളിൽ രാജ്യം സാധാരണ അവസ്ഥയിലേയ്ക്ക് തിരിച്ചെത്തിയതും പൊതു സമൂഹത്തിന്റെ വിശ്വാസം ആർജ്ജിക്കാൻ കാരണമായിട്ടുണ്ട്. ഇതൊന്നും കാണാതെ വെറുതെ വിമർശനങ്ങൾ ഉന്നയിച്ചാൽ കാലിനടിയിൽ അവശേഷിക്കുന്ന മണ്ണ് കൂടി ഒലിച്ചുപോകും എന്നും മാത്രം ഓർമ്മിപ്പിച്ചു കൊണ്ട്...