അസ്തമയ സൂര്യന്‍മാർ...
പ്രദീപ് പുറവങ്കര
വർദ്ധിച്ചുവരുന്ന ആത്മഹത്യകളെ പറ്റിയും ഹൃദയാഘാതങ്ങളെ പറ്റിയും ഒരു സുഹൃത്തിനോട് സംസാരിച്ച് വന്നപ്പോഴാണ് പ്രവാസികളെ കുറിച്ച് ഏറെ സംസാരിച്ചത്.
മൂന്ന് വിഭാഗങ്ങളാണ് ഗൾഫിൽ പ്രധാനമായും പ്രവാസികളുടെ ഇടയിലുള്ളത്. അതിൽ ആദ്യത്തേത് ഒരു ദിവസം 14 മണിക്കൂറിലധികം ജോലി ചെയ്യേണ്ടി വരുന്ന ലേബർ വിഭാഗമാണ്. നിയമത്തിന്റെ പരിരക്ഷ കിട്ടേണ്ടവരാണെങ്കിൽ പോലും പലപ്പോഴും അതൊന്നും ലഭിക്കാതെയും, അതിനെ പറ്റിയൊന്നുമറിയാതെയും ജീവിക്കുന്ന ഏറ്റവും പാവപ്പെട്ടവർ. അദ്ധ്വാനത്തിന്റെ കാഠിന്യം, കുടുംബത്തെ പറ്റിയുള്ള ചിന്ത, രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പറ്റാത്ത വരുമാനം ഇവർക്കൊപ്പം ഗൾഫുകാരൻ എന്ന അനാവശ്യ ബഹുമതിയും ഇവർക്ക് സ്വന്തം. ബന്ധുക്കളുമായി ഇവരെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി വിവിധതരം സംഘർഷങ്ങളാണ്. ബാങ്ക് ലോണുകൾ പോലെയുള്ള സാന്പത്തിക ബാദ്ധ്യതകൾ ഏറ്റെടുക്കുന്നതിൽ വിമുഖത കാണിക്കുന്ന ഇവർ ബ്ലേഡ് പലിശക്കാരുടെ അരികിലാണ് പെട്ടുപോകുന്നത്. ചെറിയ കടങ്ങളിലൂടെയും, പിശുക്കി സന്പാദിക്കുന്ന കുറികളിലൂടെയുമൊക്കെ ജീവിതത്തിലെ സാന്പത്തിക താളം നിലനിർത്താൻ ഇവർ ശ്രമിക്കുന്നു. നേരത്തേ മലയാളികൾ ഏറെയുണ്ടായിരുന്ന ഈ വിഭാഗത്തിൽ ഇന്ന് മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുടെ മത്സരവും ഏറിയിരിക്കുന്നു.
രണ്ടാമത്തെ വിഭാഗത്തിലുള്ളവർക്ക് അവരുടെ ജോലിയും, ജോലി ചെയ്യുന്ന കന്പനിയും അതിന്റെ ഉടമസ്ഥരുമൊക്കെ വലിയ പ്രാധാന്യമുള്ള കാര്യമാണ്. വലിയൊരു വിഭാഗം പേർ ബാച്ചിലേഴ്‍സാണ്. സാന്പത്തിക മാന്ദ്യം ബാധിച്ചിരിക്കുന്ന ഇന്നത്തെ ഗൾഫിൽ കുടുംബവുമായി ജീവിക്കാൻ വളരെയേറെ ബുദ്ധിമുട്ടുന്നവരും ഇതിൽ പെടുന്നു. വാടകയിലും, മറ്റ് അടിസ്ഥാന സൗകര്യങ്ങളിലും, നിത്യചിലവുകളിലും അടിക്കടി ഉണ്ടായികൊണ്ടിരിക്കുന്ന വിലവർദ്ധനവ് ഇവരെ ബാധിക്കുന്നു. പരസ്പരം മുറിച്ച് അതിരിട്ട് നൽകുന്ന മുറികളിൽ ഒതുങ്ങി അവർ കഴിയുന്നു. ഇപ്പോൾ തുടർന്നുവരുന്ന ജീവിതരീതിയിൽ പെട്ടെന്ന് മാറ്റം വരുത്താനുള്ള പ്രയാസം കാരണം പലപ്പോഴും ഇത് നിലനിർത്താനായി പുതിയ ലോണുകളും, കാർഡുകളും ഇവർ സ്വന്തമാക്കിക്കൊണ്ടേയിരിക്കുന്നു. ബഹ്റിനടക്കമുള്ള രാജ്യങ്ങളിലെ പ്രവാസികൾ ചെറുതും വലുതുമായുള്ള നിരവധി ലോണുകൾ എടുക്കുന്നവരും, അതുപോലെ തന്നെ ക്രെഡിറ്റ് കാർഡുകളുടെ ചുഴിയിൽ പെട്ടുപോകുന്നവരുമാണ്. എന്തെങ്കിലും ഒരു ആഗ്രഹം നിറവേറ്റാൻ വേണ്ടിയെടുത്തു തുടങ്ങുന്ന ലോണുകൾ പതിയെ പതിയെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറുന്നു. ആദ്യമായി ലഭിക്കുന്ന ക്രെഡിറ്റ് കാർഡും ഇതുപോലെ തന്നെയാണ്. ആദ്യകാലങ്ങളിൽ വളരെ സൂക്ഷിച്ച് ഉപയോഗിക്കുന്ന ക്രെഡിറ്റ്കാർഡ് പിന്നീട് നിരവധി കാർഡുകളായി മാറുന്നു. ചിലന്തി വല നെയ്യുന്നത് പോലെ ഒടുവിൽ സ്വയം നെയ്യുന്ന ഇത്തരം കെണികളിൽ പെട്ട് മനസ് നീറി ഒടുവിൽ ഒരു മുഴം കയറിലോ, രാത്രിയുടെ അന്ത്യയാമങ്ങളിൽ ഹൃദയം നൽകുന്ന ആഘാതങ്ങളിലോ പെട്ട് ജീവിതം അവസാനിപ്പിക്കുന്നു.
അടുത്ത വിഭാഗം അതിസന്പന്നരുടേതാണ്. അത് പത്തിലൊരു ശതമാനം മാത്രമേ വരൂ. എണ്ണിതിട്ടപ്പെടുത്താൻ കഴിയുന്നത്ര മാത്രമേയുള്ളൂ ഇത്. അവരുടെ സാന്പത്തിക അവസ്ഥ അതുകൊണ്ട് തന്നെ വലിയ തീരുമാനങ്ങളെ ബാധിച്ച് മാത്രം മാറി മറയുന്നു. പലപ്പോഴും പ്രവാസികളുടെ പ്രതിനിധികളായി ചിത്രത്തിൽ വരുന്നത് ഇത്തരം ആളുകളാണ്. അവരുടെ വിജയഗാഥകളാണ് പാടിപതിയുന്നതും. പണം ഉണ്ടാക്കുന്നവർ മാത്രം നടത്തുന്ന അഭിപ്രായരൂപീകരണം പിന്നീട് സർക്കാർ തലത്തിൽ തന്നെ നയങ്ങളായും മാറുന്നു. അപ്പോഴും കേരളത്തിലേയ്ക്ക് ഏറ്റവും കൂടുതൽ പണം അയക്കുന്നത് ഗൾഫിലെ സാധാരണ തൊഴിലാളികളാണെന്ന കാര്യത്തിന് വേണ്ടത്ര പരിഗണന കിട്ടാതെ പോകുന്നു.
എവിടെയൊക്കെയോ നഷ്ടപ്പെട്ടുപോയ എന്തിനെയൊക്കെയോ തിരിച്ചുപിടിക്കാനുള്ള അർത്ഥമില്ലാത്ത കാര്യങ്ങൾക്കാണ് മണലാരണ്യത്തിൽ നിന്ന് തങ്ങൾ പിശുക്കി സന്പാദിക്കുന്നതെന്ന് തിരിച്ചറിയുന്പോഴേയ്ക്കും മിക്കവർക്കും നേരം ഏറെ വൈകിപോകുന്നു എന്നതാണ് സത്യം. അസ്തമിക്കാറാകുന്പോൾ ഉദിക്കാൻ ആഗ്രഹിക്കുന്ന സൂര്യനെ പോലെ ആളുകൾ സ്വയം എരിഞ്ഞൊടുങ്ങുന്പോൾ എന്ത് ചെയ്യാൻ എന്ന ആശങ്കയോടെ...