ചെരിപ്പിടാത്ത അപ്പച്ചൻ


പ്രദീപ് പുറവങ്കര

പ്രവാസികളിൽ‍ ഭൂരിഭാഗം പേരുടെയും ആഗ്രഹം അവരുടെ കുടുംബത്തെ കൂടെ താമസിപ്പിക്കുക എന്നതാണ്. എത്രതന്നെ ബുദ്ധിമുട്ടുണ്ടെങ്കിലും അതൊക്കെ സഹിച്ച് ഭാര്യയും കുട്ടികളുമായി ഒന്നിച്ചിരിക്കാൻ താൽപ്പര്യപ്പെടുന്നത് സഹജമായ വാസനയാണ്. കെട്ടിക്കുക എന്നാൽ‍ എവിടെയെങ്കിലും കെട്ടിയിടുക എന്നാണ് ഇന്നും നമ്മുടെ സമൂഹത്തിലെ ധാരണ. വിവാഹിതനായി കഴിഞ്ഞാൽ‍ ജീവിത പ്രാരബ്ധങ്ങൾ‍ ഏറുമെന്നും, അതോടെ അതുവരെ ജീവിച്ച ശൈലിയിൽ‍ അല്ല മുന്പോട്ട് പോകേണ്ടതെന്നും പ്രായമായവർ‍ ഉപദേശിക്കും. വിവാഹം കഴിഞ്ഞാൽ‍ പിന്നെ വേണമെന്ന് കരുതിയിട്ടല്ലെങ്കിൽ‍ പോലും ഭൂരിഭാഗം പേരും അവരുടെ രക്ഷിതാക്കളെ അൽ‍പ്പമൊക്കെ മറന്ന് പോകാൻ ശീലിക്കുന്നു. ഇതിനിടയിലും അൽ‍പ്പം ചിലർ‍ അവരുടെ മാതാപിതാക്കളെ പ്രവാസലോകം കാണിക്കാനും കൊണ്ടുവരുന്നു. അടച്ചിട്ട ഫ്ളാറ്റ് വാസവും, ആഴ്ചയ്ക്കൊരിക്കൽ‍ പുറത്തു പോയും അവർ‍ തങ്ങളുടെ വിസിറ്റ് വിസ കാലാവധി കഴിക്കും. അതിന് ശേഷം തന്റെ വിശാലമായ പറന്പാണ് ഇതിലും നല്ലത് എന്ന തിരിച്ചറിവോടെ അവർ‍ കേരളത്തിലേയ്ക്ക് മടങ്ങിപ്പോകും. 

ഇന്ന് കാലത്ത് സോഷ്യൽ‍ മീഡിയയിൽ‍ ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ അച്ഛനെ ബഹ്റൈനിലേയ്ക്ക് കൊണ്ടുവരുന്നതിനെ പറ്റി എഴുതിയ മനോഹരമായ ഒരു കുറിപ്പാണ് ഈ തോന്ന്യാക്ഷരത്തിന് ആധാരം. ഡേവിസ് ദേവസ്യ ചിറമ്മൽ‍ എന്ന ഈ സുഹൃത്തിന്റെ “ചെരിപ്പിടാത്ത അപ്പച്ചനെയാണെനിക്കിഷ്ടം” എന്ന ഈ കുറിപ്പ് ഇവിടെ പങ്ക് വെക്കുന്നു. 

“ഞാൻ ജോലി ചെയ്യുന്ന രാജ്യമായ ബഹ്റൈനിലേക്ക് കുറേക്കാലമായി എന്‍റെ അപ്പച്ചനെ ഞാൻ ക്ഷണിക്കുന്നു. അപ്പോഴോക്കെ സന്തോഷത്തോടെ അപ്പച്ചൻ അത് നിരസിക്കുമായിരുന്നു. അതിനിടയിൽ‍ മൂന്ന്‌ പ്രാവശ്യം എന്‍റെ അമ്മച്ചി ബഹ്റൈനിൽ‍ വന്ന് പോയി. അപ്പോഴും അപ്പച്ചൻ വന്നില്ല. ഈ കഴിഞ്ഞ ഡിസംബറിൽ‍ ആണ് ഞാൻ‍ ആ വിവരം അറിയുന്നത്, അപ്പച്ചൻ‍ വരാൻ മടിക്കുന്നതിന്റെ കാരണം. 

കൃഷിക്കാരായ തനി നാട്ടിന്‍പുറത്തുകാരാണ് ഞങ്ങളുടെ കുടുംബം. ഇന്നേവരെ എന്‍റെ അപ്പച്ചൻ ചെരിപ്പ് ധരിച്ചിട്ടില്ല. പാന്റ്സ് എന്ന പാശ്ചാത്യരുടെ കോണകവും ഇടാറില്ല. അതുകൊണ്ട് മുണ്ടും ഷർ‍ട്ടും ഉടുത്ത് ചെരിപ്പിടാതെ വന്നാൽ‍ എന്‍റെ മോന് അവന്‍റെ കൂട്ടുകാരുടെയും മറ്റുള്ളവരുടെയും മുന്‍പിൽ‍ ഞാൻ ഒരു അപമാനം ആകും എന്ന് കരുതിയിട്ടാണ് അപ്പച്ചൻ വരാൻ മടിക്കുന്നത് എന്ന്.

ഇന്ന് ഞങ്ങൾ‍ ബഹ്റൈനിലെക്ക് പോകുകയാണ്. അപ്പച്ചൻ ഈ അറബിനാട്ടിൽ‍ നിന്ന് തിരിച്ചു പോകുന്നതുവരെ അപ്പച്ചന്റെ കൂടെ ഞാനും മുണ്ട്‌ ഉടുത്ത് ചെരിപ്പിടാതെ ഉണ്ടാവും. ഞാൻ ഇന്ന് ആരായിരിക്കുന്നുവോ അത് എന്‍റെ പിതാവിന്‍റെ ആ നഗ്നമായ കാലുകൾ‍ കൊണ്ട് കുന്നും, മലയും, പാടവും, പറന്പും, കല്ലും, മുള്ളും ചവിട്ടി പൊടിഞ്ഞ രക്തത്തിന്‍റെ പ്രതിഫലം ആണ്. മക്കളുടെ പത്രാസ്സിന് അനുസരിച്ച് മാതാപിതാക്കളെ കോലം കെട്ടിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.

ചെരുപ്പ് ഇടാതെ നടക്കുന്പോൾ‍ കാലിന് ചെറിയൊരു വേദന ഉണ്ട്, പക്ഷെ ആ വേദനക്ക് നല്ലൊരു സുഖം കിട്ടുന്നത്, മാതാപിതാക്കൾ‍ നമ്മൾ‍ക്ക് വേണ്ടി അനുഭവിച്ച കഷ്‌ടതകൾ‍ ഓർ‍ക്കുന്പോൾ‍ ആണ്. മാതപിതാക്കൾ‍ മക്കൾ‍ക്കുവേണ്ടി അനുഭവിക്കുന്ന വേദന മനസിലായത് ഞാനും ഒരു പിതാവ് ആയപ്പോഴാണ്‌. കുഴിമാടത്തിൽ‍ പൂക്കൾ‍ വക്കുന്നതിന് പകരം ജീവിച്ചിരിക്കുന്പോൾ‍ മാതാപിതാക്കളുടെ കൈയിൽ‍ നമ്മൾ‍ക്ക് പൂക്കൾ‍ കൊടുക്കാം.

വാർദ്ധക്യത്തിലായിരിക്കുന്ന മാതാപിതാക്കളെ ബഹുമാനിക്കേണ്ടതും സംരക്ഷിക്കേണ്ടതും ഓരോ മക്കളുടെയും കടമയും, ഉത്തരവാദിത്വവും ആണന്ന് ഞാൻ പൂർ‍ണമായി വിശ്വസിക്കുന്നു.

ദൈവമേ അങ്ങേക്ക് നന്ദി.

ഏറെ ബഹുമാനം തോന്നുന്നു ശ്രീ ഡേവിസ് താങ്കളോട്. ഒപ്പം ബഹ്റൈനിലേയ്ക്ക് ചെരിപ്പിടാതെ വരുന്ന താങ്കളുടെ അപ്പച്ചനും സ്നേഹപൂർവം സ്വാഗതം.

You might also like

Most Viewed