നിങ്ങൾ തനിച്ചല്ല..പ്രദീപ് പുറവങ്കര
ഒരു വാഹനം റോഡിലിറക്കണമെങ്കിൽ നിർബന്ധമായും അതിന് ഇൻഷൂറൻസ് വേണം. എത്ര നല്ല വാഹനമാണെങ്കിലും ഇത് അത്യാവശ്യം തന്നെ. ആ വാഹനം വല്ല അപകടത്തിലും പെട്ടാൽ ഉണ്ടാകുന്ന സാന്പത്തികമായ നഷ്ടത്തെ നികത്താനാണ് ഈ ഇൻഷൂറൻസ് എല്ലാ രാജ്യത്തും നിർബന്ധമാക്കിയിരുന്നത്. ആധുനികമായ ഒരു ലോകത്ത് ഇൻഷൂറൻസ് എന്ന തത്വവും ആശയവും ഏറെ പ്രാധാന്യം നിറഞ്ഞതാണ്. ഇത് തിരിച്ചറിഞ്ഞത് കൊണ്ടാണ് വർഷങ്ങൾക്ക് മുന്പ് തന്നെ ഫോർ പിഎം ന്യൂസ് അതിന്റെ വാർഷിക വരിക്കാർക്ക് സൗജന്യ ഇൻഷൂറൻസ് സൗകര്യം ഏർപ്പെടുത്തിയത്. ഈ വർഷവും ആ സ്കീം പുതുക്കുന്നതിന് ഭാഗമായിട്ടാണ് ബഹ്റൈനിലെ ന്യൂ ഇന്ത്യ അഷ്വറൻസ് കന്പനിയുടെ സിഇഒയും ദില്ലി സ്വദേശിയുമായ ശ്രീ സോഹൻ ലാൽ കോഹ് ലിയെ കണ്ടത്. പ്രവാസികളുടെ ഇടയിൽ വർദ്ധിച്ചു വരുന്ന മരണ നിരക്കും, ആത്മഹത്യകളുമൊക്കെ ഞങ്ങളുടെ ചർച്ചയിൽ സംസാരവിഷമായി മാറി.
ബഹ്റൈനിലെ ഒട്ടുമിക്ക പ്രവാസികളും ഇൻഷൂറൻസ് എന്ന ആശയത്തോട് ഇന്നും പൂർണ്ണമായും സഹകരിക്കാൻ മടിക്കുന്നവരാണ്. ഇതിന്റെ കാരണം വ്യക്തമല്ല. ന്യൂ ഇന്ത്യ അഷ്വറൻസ് പോലെയുള്ള ഇൻഷൂറനസ് കന്പനികൾ ഇവിടെയും ധാരാളമുണ്ട്. കേരള ഗവൺമെന്റിന്റെ നോർക്ക പോലെയുള്ള സ്ഥാപനങ്ങളും വളരെ കുറഞ്ഞ നിരക്കിൽ പ്രവാസികൾക്ക് ഇൻഷൂറൻസ് പരിരക്ഷ നൽകുന്നുവെങ്കിലും മൊത്തം പ്രവാസികളുടെ കണക്കെടുത്താൽ വളരെ ചെറിയ ശതമാനം പേർ മാത്രമാണ് ഇത്തരം സ്കീമുകളിൽ പങ്കെടുക്കുന്നത്. മുന്പ് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ പ്രവാസി അസോസിയേഷനുകൾ മുൻകൈയെടുത്ത് ബഹ്റൈനിൽ ലേബർ ക്യാന്പിൽ ഉൾപ്പടെയുള്ളവർക്ക് സൗജന്യ ഇൻഷൂറൻസ് സൗകര്യം ഒരുക്കിയിരുന്നു. എന്നാൽ ഇന്ന് അതിനെ പറ്റിയുള്ള യാതൊരു വിധ പ്രചാരണങ്ങളും എംബസിയോ, അതിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടോ മറ്റേതെങ്കിലും അസോസിയേഷനോ നടത്തുന്നുണ്ടെന്ന് തോന്നുന്നില്ല.
ഒരു പ്രവാസിക്ക് അവന്റെ ജീവൻ നഷ്ടമാകുന്പോൾ അവന്റെ പിന്നിൽ ഇവിടെയോ നാട്ടിലോ കഴിയുന്ന വലിയൊരു സമൂഹമുണ്ട്. അവരുടെയൊക്കെ ജീവിതാണ് ഒരു മരണത്തിലൂടെ പിടിച്ചുലയ്ക്കപ്പെടുന്നത്. നഷ്ടമായ ജീവന് പകരം വെയ്ക്കാൻ പൂർണ്ണമായ തോതിൽ ആകില്ലെങ്കിലും അദ്ദേഹം മൂലം ലഭിച്ചു കൊണ്ടിരുന്ന സാന്പത്തികമായ സുരക്ഷിത്വതം നിലനിർത്താൻ കഴിഞ്ഞാൽ അത് ആ കുടുംബത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ആശ്വാസമാകും. ഒരു മരണം സംഭവിച്ച് കഴിഞ്ഞാൽ സുഹൃത്തുക്കളും, ബന്ധുക്കൾക്കുമൊക്കെ ചെയ്യാൻ സാധിക്കുന്ന സഹായത്തിന് പരിധികളുണ്ട്. ജീവിതചക്രം തിരിക്കാനുള്ള ബന്ധപ്പാടിൽ അവർ നഷ്ടമായവന്റെ കുടുംബത്തെ മറന്നുപോകും. അത് സ്വാഭാവികമാണ്. അതു കൊണ്ട് തന്നെ അവനവൻ തന്നെ വേണം ജീവനോടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും തന്റെ കുടുംബത്തെ സംരക്ഷിക്കാൻ എന്ന ഓർമ്മപെടുത്തലോടെ...