ജനാധിപത്യം നൽകുന്ന പാഠങ്ങൾ


പ്രദീപ് പുറവങ്കര 

ഇന്ത്യൻ‍ ജനാധിപത്യ രാഷ്ട്രീയത്തിൽ മറ്റൊരു ചരിത്രപ്രധാനമായ ദിനം കൂടി കടന്നുപോകുന്നു. ഇന്ത്യയുടെ ഹൃദയഭൂമിയായ ഉത്തർ‍പ്രദേശിൽ‍ കേന്ദ്രം ഭരിക്കുന്ന കക്ഷി കൂടിയായ ഭാരതീയ ജനതാ പാർ‍ട്ടി നേടിയത് അഭൂതപൂർ‍വ്വമായ വിജയം. ജാതിരാഷ്ട്രീയം വിധി നിർ‍ണ്ണയിച്ചിരുന്ന ഇവിടെ ഇത്തവണ ഗതി തിരിച്ചുവിട്ടത് പ്രധാനമന്ത്രി നരേദ്രമോഡിയുടെയുടെയും, പാർ‍ട്ടി അദ്ധ്യക്ഷൻ‍ അമിത് ഷായുടെയും കൗശലം. രാഹുൽ‍ ഗാന്ധി വീണ്ടും ഒരിക്കൽ‍ കൂടി പരാജയപരീക്ഷണമായി മാറി. രാഹു ബാധിച്ചതു കൊണ്ടാകാം കയ്പ്പുനീർ അഖിലേഷിനും കൂടെ കുടിക്കേണ്ടി വന്നത്. മായാവതിക്കും ഒന്നും കിട്ടിയില്ല. ഉത്തർ‍പ്രദേശിലെ ഈ മിന്നുന്ന വിജയം രാജ്യസഭയിലെ അംഗസംഖ്യ കൂട്ടാനും ബിജെപിയെ സഹായിക്കും. ദേശീയ രാഷ്ട്രീയത്തിൽ‍ കൂടുതൽ‍ ശക്തിയും ഇതോടെ ബിജെപിക്കും മോഡിക്കും സ്വന്തം. ഇതിനിടയിൽ‍ ചെറിയ നഷ്ടങ്ങളായി ബിജെപിയെ കൈവിട്ട് ഗോവയും, പഞ്ചാബും. പക്ഷെ നേട്ടമുണ്ടായത് ഉത്തരാഖണ്ധിലും, മണിപ്പൂരിലും. 

ശക്തമായ ഭരണവിരുദ്ധ വികാരങ്ങളാണ് ഈ തെരഞ്ഞെടുപ്പ് ബാക്കിവെയ്ക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളും ഭരിച്ചവർ‍ക്ക് ഭരണം നഷ്ടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ നേരത്ത് നൽ‍കിയ വാഗ്ദാനങ്ങളുടെ ലംഘനങ്ങൾ‍ക്ക് വോട്ടർ‍മാർ‍ നൽ‍കിയ ശിക്ഷ. ഭരണം നേടികഴിഞ്ഞാൽ‍ പിന്നെ അധികാരത്തിലേറ്റിയ ജനങ്ങളുടെ ഇച്ഛയ്ക്കും അഭിലാഷങ്ങൾ‍ക്കും എതിരായി പ്രവർ‍ത്തിക്കുന്നവർ‍ക്ക് ജനാധിപത്യം നൽ‍കുന്ന ശക്തമായ പാഠങ്ങളാണ് ഈ തെരഞ്ഞെടുപ്പ്. വലിയ ആഘോഷമായി പുറത്തിറക്കാറുള്ള മുൻ‍കാല പ്രകടനപത്രികകൾ‍ ഓരോ തെരെഞ്ഞെടുപ്പ് കാലത്തും രാഷ്ട്രീയപാർ‍ട്ടികൾ‍ പൊടിതട്ടിയെടുത്ത് പരിശോധിക്കണം. അതിൽ‍ പറഞ്ഞ എന്തെങ്കിലും ഒരു കാര്യമെങ്കിലും ചെയ്തിട്ടാണോ വീണ്ടും ജനങ്ങളുടെ അരികിലേയ്ക്ക് നാണമില്ലാതെ പോകുന്നതെന്നും അന്വേഷിക്കണം. പ്രകടനപത്രികയുണ്ടാക്കുന്പോൾ‍ കാണിക്കുന്ന ആവേശം തെരഞ്ഞെടുപ്പ് കഴിഞ്ഞാലും നിലനിർ‍ത്തേണ്ടതുണ്ട്. അത്തരക്കാർ‍ക്കുള്ള നല്ലൊരു മറുപടി തന്നെയാണ് ഈ സംസ്ഥാന തെരഞ്ഞെടുപ്പ് ഫലങ്ങൾ‍. വരും കാലങ്ങളിൽ‍ ഏതെങ്കിലും ഒരു കുറ്റിചൂലിനെ നിർ‍ത്തിയാൽ‍ പോലും ജയിക്കാൻ സാധിക്കുമെന്ന അഹങ്കാരം ഇന്ത്യൻ‍ ജനാധിപത്യത്തിൽ‍ വേണ്ട എന്നും ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ‍ തെളിയിക്കുന്നു. 

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ‍ നൽ‍കിയ വാഗ്ദാനങ്ങൾ‍ പാലിച്ചോ എന്ന് ജനം തിരിച്ചു ചോദിക്കുന്ന ഒരു ഘട്ടത്തിലേക്കാണ് ഇന്ത്യൻ‍ ജനാധിപത്യം നീങ്ങുന്നതെങ്കിൽ‍ തീർ‍ച്ചയായും അത് വലിയ പ്രതീക്ഷയാണ് നൽ‍കുന്നത്. കേരളത്തിലും ഇത്തരം മാറ്റങ്ങൾ‍ ചർ‍ച്ചചെയ്യപ്പേടെണ്ടതുണ്ട്. അടുത്ത തെരഞ്ഞെടുപ്പ് എത്തുന്നതിന് മുന്പെ എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് വന്നിട്ട് എന്തൊക്കെ ശരിയാക്കി എന്നൊരു പ്രൊഗ്രസ് റിപ്പോർ‍ട്ട് ഏറ്റവും കുറഞ്ഞത് സ്വയം തയ്യാറാക്കാൻ‍ പിണറായി സർ‍ക്കാർ‍ തയ്യാറാകേണ്ട സൂചനകൾ‍ കൂടിയാണ് ഇത് നൽ‍കുന്നത്. അത്തരം ഒരു ഘട്ടത്തിൽ‍ എല്ലാ രാഷ്ട്രീയ പാർ‍ട്ടികളും സാമൂഹിക ഓഡിറ്റിന് വിധേയമാകുകയും ഇന്ത്യൻ‍ ജനാധിപത്യം കൂടുതൽ‍ പക്വത കൈവരിക്കുകയും ചെയ്യുമെന്ന ശുഭ പ്രതീക്ഷ തന്നെയാണ് ഈ ജനവിധി നൽ‍കുന്നത്. വിജയിച്ചവർ‍ക്കൊക്കെ അഭിനന്ദനങ്ങൾ‍. പരാജയപ്പെട്ടവർ‍ക്ക് തോറ്റതിന്റെ കാരണങ്ങൾ‍ സത്യസന്ധമായി പഠിക്കാൻ‍ സാധിക്കട്ടെ.

You might also like

Most Viewed