സമരം ഉണ്ടാകേണ്ടത് മനസ്സുകളിൽ


പ്രദീപ് പുറവങ്കര 

കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ എറണാകുളത്തെ മറൈൻ‍ ഡ്രൈവിൽ‍ ലോക വനിതാ ദിനത്തോടനുബന്ധിച്ച് ശിവസേന എന്ന സംഘടനയുടെ വിരലിൽ‍ എണ്ണാവുന്ന പ്രവർ‍ത്തകർ‍ നടത്തിയ അഴിഞ്ഞാട്ടത്തിൽ‍ ലോകമെന്പാടുമുള്ള മലയാളികൾ‍ അവരുടെ പ്രതിഷേധം പലതരത്തിലും അറിയിക്കുകയുണ്ടായി. ഇതിന്റെ ബാക്കിപത്രമായി മറൈൻ‍ ഡ്രൈവിൽ‍ തന്നെ ചില പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറിയത് നമ്മളൊക്കെ കണ്ടുകഴിഞ്ഞു. കേരളത്തിലെ സ്ത്രീ പീഡനങ്ങളും, സദാചാര പോലീസിങ്ങുമൊക്കെ ഇന്നലെ നടന്ന പ്രാകൃതമായ സമരരീതികളോടെ അവസാനിക്കുമെന്ന് വിചാരിക്കുന്നവരെ വിഡ്ഢികളെന്ന് മാത്രമേ വിശേഷിപ്പിക്കാനാകൂ. ഒന്നുകിൽ‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ‍ കളരിക്ക് പുറത്ത് എന്ന തരത്തിലുള്ള പെരുമാറ്റങ്ങളും ബാലിശമായ ഇത്തരം എടുത്തുചാട്ടങ്ങളും യഥാർ‍ത്ഥത്തിൽ‍ ഇല്ലാതാക്കുന്നത് സമൂഹത്തിൽ‍ ശരിയായ രീതിയിൽ‍ നടന്നുവരേണ്ട മാറ്റങ്ങളെ മാത്രമാണ്. 

ആണും പെണ്ണും ഒന്നിച്ചിരുന്ന് പ്രണയം പങ്കിടുന്നത് മാന്യമായിട്ടാണെങ്കിൽ‍ അവരെ അടിച്ചോടിക്കാൻ ശിവസൈനികനെന്നല്ല, ഒരാൾ‍ക്കും അവകാശമില്ലെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. മറിച്ച് പൊതുസമൂഹത്തിന്റെ മാന്യത കളങ്കപ്പെടുത്തികൊണ്ടുള്ള തരത്തിൽ‍ ആരെയും ലജ്ജിപ്പിക്കുന്ന അവസ്ഥയുണ്ടാക്കിയെടുത്തിട്ടല്ല സദാചാരകമ്മിറ്റികൾ‍ക്കെതിരെ പ്രതിഷേധിക്കേണ്ടത്. ഇതറിയാത്തവരുന്നുമൊല്ല ഇന്നലെ മറൈൻ‍ ഡ്രൈവിൽ‍ പേകൂത്ത് കാണിച്ച ചെറുപ്പക്കാർ‍. കഞ്ചാവും മയക്കുമരുന്നും യഥേഷ്ടം ലഭിക്കുന്ന എറണാകുളത്ത് ഇത്തരമൊരു രീതിയിൽ‍ ജനകീയ പ്രക്ഷോഭത്തെ നാണം കെട്ട തരത്തിൽ‍ ആക്കി മാറ്റിയ ഈ ചെറുപ്പക്കാരെ പറ്റി പൊതുസമൂഹവും ഭരണകൂടവും അന്വേഷിക്കേണ്ടതുണ്ട്. കാരണം ദിവസങ്ങൾ‍ കഴിഞ്ഞാൽ‍ ചിലപ്പോൾ‍ ഈ പ്രതിഷേധക്കാരെ കണ്ടെത്തുക ഏതെങ്കിലും ലോഡ്ജ് മുറിയിലെ പോലീസ് റെയ്ഡുകളിൽ‍ നിന്നോ, ഓൺ‍ലൈൻ‍ എസ്കോർ‍ട്ട് സൈറ്റുകളിലോ ആകും. അത്തരം അനുഭവങ്ങൾ‍ ഇതിന് മുന്പും മലയാളികൾ‍ക്ക് ഉണ്ടായിട്ടുണ്ട് എന്നതും ഓർ‍ക്കുക.

പ്രണയമില്ലാതെ ഈ ലോകം നിലനിൽ‍ക്കില്ല എന്നത് സത്യമാണ്. ആ സത്യത്തെ തിരിച്ചറിഞ്ഞുകൊണ്ടു തന്നെ, പ്രണയിതാക്കൾ‍ക്ക് സല്ലപിക്കുവാനും, അവരുടെ സ്വപ്നങ്ങളെ പങ്കുവെയ്ക്കുവാനും പൊതുസമൂഹം നൽ‍കുന്ന സമ്മതത്തിന് എന്തിനും ഏതിനുമെന്ന പോലെ അതിർ‍വരുന്പുകൾ‍ ആവശ്യം തന്നെയാണ് എന്നു കൂടി നമ്മൾ‍ മനസിലാക്കണം. സ്വാതന്ത്ര്യം എന്നാൽ‍ തുണിയഴിച്ച് നടക്കലാണെന്ന് പറയുന്നവർ‍ നമ്മുടെ ഇടയിൽ‍ കാണുമെങ്കിലും അവരോട് യോജിക്കാൻ‍ മനുഷ്യനെന്ന രീതിയിൽ‍ സാധിക്കുന്നില്ല. അങ്ങിനെയെങ്കിൽ‍ പിഞ്ചുകുഞ്ഞിനെ മുതൽ‍ എഴുന്നേറ്റ് നടക്കാൻ‍ പോലും വയ്യാത്ത അമ്മൂമാരെ പോലും പീഢിപ്പിക്കുന്നതും ഇതേ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ‍ പെടും. ഇതൊടൊപ്പം തന്നെ ആരെയും ശിക്ഷിക്കാൻ നമുക്ക് അധികാരമില്ലെന്ന കാര്യവും ഓർ‍മ്മിപ്പിക്കുന്നു. ഇഷ്ടമില്ലാത്ത കാര്യം നമ്മുടെ ചുറ്റും നടക്കുന്നുണ്ടെങ്കിൽ‍ അത് തടയാൻ ആദ്യം സഹായം തേടേണ്ടത് നിയമപാലകരുടെ അടുത്താണ്. അല്ലാതെ ചൂരലും, കുറുവടിയുമൊക്കെയായി സ്വയം നീതിനടപ്പിലാക്കാൻ ഇത് സിനിമയല്ല, ജീവിതമാണ്. 

സമരങ്ങൾ‍ ഉണ്ടാകേണ്ടത് തെരുവുകളിൽ‍ മാത്രമല്ല, മറിച്ച് മനുഷ്യമനസുകളിൽ‍ കൂടിയാണെന്ന് ഓർ‍മ്മിപ്പിച്ചു കൊണ്ട്...

You might also like

Most Viewed