പിടക്കോഴി കൂവണം... പ്രദീപ് പുറവങ്കര


കപിലവസ്തുവിലെ രാജകുമാരനായ സിദ്ധാര്‍ത്ഥന്‍  ബോധോദയം ലഭിക്കാന്‍ വേണ്ടി ആരുമറിയാതെ അര്‍ദ്ധരാത്രിയില്‍ സ്വന്തം കൊട്ടാരത്തില്‍ നിന്ന് കള്ളനെ പോലെ പുറത്തിറങ്ങിയപ്പോള്‍  അദ്ദേഹത്തിന്റെ ഭാര്യയായ യശോധര രാഹുലന്‍ എന്ന കുഞ്ഞിന് ജന്മം നല്‍കിയ സന്തോഷത്തില്‍ സുഖസുഷുപ്തിയിലായിരുന്നു. കാലങ്ങള്‍ക്ക് ശേഷം മഹാജ്ഞാനിയായി കപിലവസ്തുവിലേയ്ക്ക് തിരിച്ചെത്തിയ ബുദ്ധനോട് യശോധര നടത്തുന്ന സംഭാഷണം വായിച്ചതോര്‍ക്കുന്നു.അതിങ്ങിനൊയിരുന്നുവത്രെ. 
 
യശോധര :  ജനങ്ങള്‍ അങ്ങയെ ബുദ്ധന്‍ എന്നാണോ വിളിക്കുന്നത്. 
ബുദ്ധന്‍ വളരെ ശാന്തനായി :  അങ്ങിനെ ചിലര്‍ വിളിക്കാറുണ്ടെന്ന് കേള്‍ക്കുന്നു.   
യശോധര : എന്താണ് അതിന്റെ അര്‍ത്ഥം? 
ബുദ്ധന്‍  :  ജ്ഞാനം ലഭിച്ചവന്‍ എന്നാണ്  മനസിലാകുന്നത്. 
യശോധര : താങ്കള്‍ കൊട്ടാരം വിട്ടറങ്ങിയതില്‍ പിന്നെ താങ്കള്‍ക്ക് മാത്രമല്ല, എനിക്കും ജ്ഞാനം ലഭിച്ചു കഴിഞ്ഞു. താങ്കളുടെ ജ്ഞാനം ലോകത്തിന് അറിവ് പകരുന്പോള്‍ എന്റെ ജ്ഞാനം അധികമാരും മനസിലാകാതെ പോകുമെന്ന് മാത്രം. 
ബുദ്ധന്‍ ആകാംക്ഷയോടെ : യശോധരയ്ക്ക് ലഭിച്ച ജ്ഞാനമെന്താണ്?
യശോധര : ധീരയായ ഒരു സ്ത്രീക്ക് സത്യത്തില്‍ ആരുടെയും സഹായം വേണ്ട, കാരണം സ്ത്രീ തന്നെ പൂര്‍ണതയാണ്. അവളോടൊപ്പം വരുന്നതൊക്കെ പൂര്‍ണത ആഗ്രഹിക്കുന്നവര്‍ മാത്രമാണ്. 
 
തന്നെ ഉപേക്ഷിച്ച് ഭര്‍ത്താവ് ജീവിതത്തിന്റെ അര്‍ത്ഥം തേടാന്‍ പോയെന്ന് അറിഞ്ഞപ്പോഴും യശോധര എന്ന ആ പെണ്‍കൊടി കരഞ്ഞില്ല. ആണ്‍ തുണയില്ലെങ്കിലും  ഈ ലോകത്ത് പെണ്ണുങ്ങള്‍ക്ക് സുഖസുന്ദരമായി ജീവിക്കാന്‍ സാധിക്കുമെന്ന് എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുന്പ് തെളിയിച്ചു തന്ന യശോധരയെ ഓര്‍ത്തു കൊണ്ട് വനിതാദിന ചിന്തകളിലേയ്ക്ക് കടക്കട്ടെ. 
 
ഒരോ പെണ്‍കുട്ടിയും  വളര്‍ന്നുവരുന്പോഴും നമ്മുടെ സമൂഹം ഇന്നും പറഞ്ഞ് പഠിപ്പിക്കുന്ന ചില വാചകങ്ങളുണ്ട്. ഇല വന്ന് മുള്ളില്‍ വീണാലും, മുള്ള് ഇലയില്‍ വീണാലും ദോഷം ഇലയ്ക്ക് തന്നെയെന്നും, നാളെ മറ്റൊരുവീട്ടില്‍ ചെന്നുകയറേണ്ടതാണെന്നുള്ള വിചാരം വേണമെന്നുമൊക്കെ കുഞ്ഞുപ്രായത്തില്‍ തന്നെ പെണ്‍കുട്ടികള്‍ കേള്‍ക്കുന്നത് മിക്കപ്പോഴും പുരുഷന്‍മാരില്‍ നിന്നല്ല, മറിച്ച് സ്ത്രീകളില്‍ നിന്ന് തന്നെയാണ്. യത്ഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്ക് പലപ്പോഴും സമാധാനവും, സ്വാതന്ത്ര്യവും വേണ്ടത് സ്ത്രീകളില്‍ നിന്ന് തന്നെയല്ലെ എന്നു  പോലും ചിന്തിക്കുന്ന അവസ്ഥയും ഇന്ന് നിലനില്‍ക്കുന്നു. സ്വര്‍ണം, പണം, വസ്തു തുടങ്ങി കൈമാറ്റം ചെയ്യപ്പെടാനുള്ള ഉപഭോഗ വസ്തുപോലെയാണ് തങ്ങളെന്ന് ഇന്നത്തെ കാലത്തും ഭൂരിഭാഗം സ്ത്രീകളും വിചാരിച്ച് ജീവിക്കുന്നത് തന്നെയാണ് ഇതിന് കാരണം. തങ്ങളും മനുഷ്യരാണെന്ന് സ്വയം തിരിച്ചറിയാന്‍ പോലും സാധിക്കാതെ വരുന്പോഴാണ് പീഢനവസ്തുക്കളായി അവര്‍ തങ്ങളെ തന്നെ ചിത്രീകരിച്ചുപോകുന്നത്.  ഇതോടൊപ്പം ജീവിതം ഓട്ടപ്പാച്ചിലുകളുടേതായി മാറുന്പോള്‍ ലിംഗവ്യത്യാസമില്ലാതെ ഉത്തരവാദിത്വങ്ങള്‍ പങ്കിടേണ്ടത് അത്യാവശ്യകരമാണെന്നും സ്ത്രീകള്‍ തിരിച്ചറിയണം. പുരുഷന്‍മാര്‍ അടുക്കളയില്‍ കയറാനും, വീട് വൃത്തിയാക്കാനുമൊക്കെ ഉത്സാഹം കാണിക്കുന്പോള്‍ സാന്പത്തികമായി കുടുംബത്തിന് അടിത്തറയുണ്ടാക്കാന്‍ വിദ്യാഭ്യാസം ഏറെ നേടുന്ന സ്ത്രീകളും ശ്രമിക്കണം.  സമത്വമാണ് സ്ത്രീയും പുരുഷനും തമ്മിലുണ്ടാകേണ്ടത്. മറിച്ച് അടിമയുടെയും ഉടമയുടെയും ബന്ധമല്ല, തീര്‍ച്ച. 
 

You might also like

Most Viewed