ഒരിളം കാറ്റടിച്ചാൽ... പ്രദീപ് പുറവങ്കര
ബഹ്റിനിൽ വർദ്ധിച്ചുവരുന്ന ഹൃദയാഘാതങ്ങളെ പറ്റി സംസാരിച്ചാണ് കൂട്ടുക്കാരനൊപ്പം ഇന്ന് രാവിലെ പുറത്തിറങ്ങിയത്. ഉറക്കകുറവ് മുതൽ മാനസിക സമ്മർദ്ദവും, തണുപ്പുമൊക്കെ ഈ അവസ്ഥയ്ക്ക് കാരണമാകുന്നുണ്ടെന്ന് പരസ്പരം പറഞ്ഞ് അൽപ്പം വേവലാതിയോടെ ഞങ്ങൾ നടന്നുനീങ്ങി. കുറേകാലമായി കാണാൻ വിട്ടുപോയ ഒരു സുഹൃത്തിന്റെ ഓഫീസിലേയ്ക്കായിരുന്നു ഞങ്ങൾ പോയത്. അഞ്ച് മിനിറ്റു കൊണ്ട് ഇറങ്ങണമെന്ന് കരുതിയ ആ ഇടത്തിൽ നിന്ന് രണ്ട് മണിക്കൂർ കഴിഞ്ഞ് മാത്രം ഇറങ്ങിയപ്പോൾ മനസ്സിലെ സമ്മർദ്ദങ്ങളുടെ വേലിയേറ്റങ്ങൾ ഏറെ കുറഞ്ഞുവെന്ന തുറന്നുപറച്ചിൽ ഞങ്ങൾ ഓരോരുത്തരും നടത്തുകയുണ്ടായി. മനസ് തുറന്നുള്ള സംസാരങ്ങളും, നല്ല ചിന്തകളുടെ പങ്ക് വെയ്ക്കലും, സന്തോഷം നിറഞ്ഞ അന്തരീക്ഷവുമാണ് ഏത് സമ്മർദ്ദത്തെയും അതിജീവിക്കാൻ സഹായിക്കുന്ന ഘടകമെന്ന് മനസിലാക്കി തന്ന നേരമായിരുന്നു അത്.
ഇന്ന് നമുക്കൊക്കെ തിരക്കാണ്. ജീവിതം എന്നാൽ നമുക്കിന്ന് ഓട്ടപാച്ചിലാണ്. സ്വന്തം അച്ഛനോടും അമ്മയോടും, പ്രിയപാതിയോടും, മക്കളോടും വരെ ഒന്നു ചിരിക്കാനോ, സംസാരിക്കാനോ സമയമില്ലാതെ ഓടിനടക്കാൻ വിധിക്കപ്പെട്ടവർ എന്ന് സ്വയം ആശ്വസിക്കുന്നവർ. ഇതിനിടെ ഒരു കൂട്ടുകാരൻ പറഞ്ഞ വാചകം ഈ വിഷയവുമായി ഏറെ ചേർത്ത് വായിക്കപ്പെടേണ്ടതാണ്. മുന്പ് ഇന്നത്തേത് പോലെ പരസ്പരം ബന്ധപ്പെടാൻ വലിയ സൗകര്യങ്ങൾ ഇല്ലാത്ത കാലത്ത് പ്രവാസലോകത്തൊക്കെ വെള്ളിയാഴ്ച്ചകളിൽ ടെലിഫോൺ ബൂത്തിന്റെ മുന്പിൽ ആളുകൾ ക്യൂ നിൽക്കുമായിരുന്നു. ഏറെ കൊതിച്ച് കിട്ടുന്ന അവസരത്തിനൊടുവിൽ ആ റീസീവർ എടുത്ത് ചെവിയിൽ വെയ്ക്കുന്പോൾ അങ്ങേതലയ്ക്കൽ ഒരു തേങ്ങലോ, നിങ്ങൾക്ക് സുഖം തന്നെയോ എന്ന സ്നേഹാന്വേഷണമോ തിളച്ചു മറയും. വീണ്ടും ഒരാഴ്ച്ച വേണമല്ലോ ഇനിയുമൊന്ന് മിണ്ടാൻ എന്ന് പ്രവാസ മനസ് വേവലാതിപ്പെടും. എന്നാൽ ഇന്ന് കാര്യങ്ങൾ ഏറെ മാറിയിരിക്കുന്നു.എപ്പോൾ വേണമെങ്കിലും വെറുതെ വിളിച്ച് കൊണ്ടിരിക്കാൻ, കണ്ടു കൊണ്ടിരിക്കാൻ, കേട്ടുകൊണ്ടിരിക്കാൻ സൗകര്യങ്ങൾ നമുക്കുണ്ടായിരിക്കുന്നു. പക്ഷെ മനസ് മാത്രം നഷ്ടപ്പെട്ടിരിക്കുന്നു. എല്ലാം ലൈവല്ലേ, പിന്നെന്തിന് വിളിക്കണം എന്നായി മാറിയിരിക്കുന്നു നമ്മുടെ ചിന്തകൾ.
ഒരൽപ്പ സമയം അധികം സംസാരിക്കുന്നവൻ സമയം കൊല്ലിയാണ് നമുക്ക്. അത്തരം വർത്തമാനങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ഓടാനാണ് നമ്മുടെ ശ്രമം. ഓട്ടം പക്ഷെ എങ്ങോട്ട് എന്ന് മാത്രം ഇതുവരെ തിരിച്ചറിഞ്ഞിട്ടുമില്ല. ശൂന്യാകാശത്ത് വരെ കറങ്ങിനടക്കുന്ന മനുഷ്യന് അവന്റെ മരണത്തിന് മാത്രം ഇതു വരെയായിട്ടും നല്ലൊരു ന്യായീകരണം കണ്ടെത്താൻ സാധിച്ചിട്ടില്ല. അതു കൊണ്ടാണ് ഓരോ മരണവും ഓരോ തരത്തിലായി പോകുന്നത്. ഒന്നിനുമില്ല ഒരന്തവും കുന്തവുമെന്ന് പറയാറുള്ളത് പോലെ ജീവിതയാത്ര പലപ്പോഴും ഇങ്ങിനെയാണ് നീണ്ടുപോകുന്നത്. ഒരിളം കാറ്റ് പറത്തികളയുന്ന അപ്പൂപ്പൻതാടിയുടെ മൂല്യമേ ഈ ജീവിതത്തിനുള്ളുവെന്ന് മനുഷ്യൻ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ഈ ലോകം എത്ര നന്നായേനെ എന്നോർത്തുകൊണ്ട്...