മണി മറഞ്ഞിട്ട് ഒരു വർഷം....
ചാലക്കുടിക്കാരൻ ചങ്ങാതി കലാഭവൻ മണിയുടെ മണികിലുക്കം പോലെയുള്ള ആ ചിരി നിലച്ചിട്ട് ഒരു വർഷമാകുന്നു. മരണം ഒരാളെ മഹത്വപ്പെടുത്തുന്നുവെന്ന് പറയാറുണ്ടെങ്കിലും വളരെ അപൂർവം ആളുകളാണ് കാലത്തിന്റെ കണക്കെടുപ്പിൽ നിന്നും മരിച്ചിട്ടും മായാതെ നിലനിൽക്കുന്നത്. അത്തരമൊരു വ്യക്തിയാണ് കലാഭവൻ മണിയെന്നതിന്റെ സാക്ഷ്യപെടുത്തലുകളാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും, ആരാധകരുമൊക്കെ സോഷ്യൽ മീഡിയയിലും, അല്ലാതെയും ഒക്കെ നടത്തുന്ന അനുസ്മരണങ്ങൾ. അദ്ദേഹം മരിച്ച് കഴിഞ്ഞിട്ടും കഴിഞ്ഞ ഒരു വർഷത്തോളമായി അദ്ദേഹം നമ്മുടെ ചാനലുകളിലൂടെ നിത്യസാന്നിദ്ധ്യമായി തുടരുന്നു. ഇപ്പോഴും തൊട്ടടുത്തിരുന്നു നാടൻപാട്ടും പാടി നമ്മെ ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഞാൻ മരിച്ചു കഴിയുന്പോഴാണ് എന്റെ വില അറിയുക എന്ന് മണി തന്നെ മുന്പ് പറഞ്ഞത് സത്യമെന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു.
കേവലമൊരു മിമിക്രി കലാകാരൻ മാത്രമായിരുന്നില്ല മലയാളിക്ക് മണി. നമ്മുടെ നാട് മറന്നു പോകുമായിരുന്ന നാടൻ പാട്ടുകളുടെ ശീലുകൾ മലയാളിയുടെ മനസിലേക്ക് കയറ്റിവെക്കുകയും അതിനെ ജനകീയമാക്കുകയും ചെയ്ത ഒരു വ്യക്തി കൂടിയാണ് അദ്ദേഹം. ചെറിയ കുട്ടികൾ പോലും മണിയുടെ പാട്ടുകൾ നെഞ്ചിലേറ്റി പാടുന്നത് എത്രയോ തവണ നമ്മളൊക്കെ കണ്ടിരിക്കുന്നു. കറുപ്പിന് ഏഴഴകാണെന്നൊക്കെ പ്രസംഗത്തിലും പാട്ടിലും പറയുമെങ്കിലും സിനിമയുടെ സ്വപ്നലോകത്ത് കറുത്ത നിറമുള്ളവരെ മലയാളികൾ അധികം വാഴിച്ചിട്ടില്ല. വെളുപ്പ് തന്നെയാണ് നായകന്റെ നിറമെന്ന് ഉറപ്പിച്ച ആ മനസ് കറുത്തവനായ മണിയെ അംഗീകരിച്ചതും അദ്ദേഹത്തിന്റെ കഴിവ് കൊണ്ട് തന്നെയാണ്. അവസാന കാലം വരെ ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ച് വന്നവനാണെന്ന് ഉറക്കെപ്പറയാൻ മനസും ധൈര്യവും കാണിച്ച പച്ചയായ ഒരു മനുഷ്യനായിരുന്നു ശ്രീ കലാഭവൻ മണി.
സാന്പത്തികമായി നേട്ടമുണ്ടാക്കിയ കാലത്ത് അറിഞ്ഞും അറിയാതെയും എത്രയോ പേരെ സഹായിച്ചിട്ടുണ്ടെന്ന് ഇന്നും കണ്ണീരോടെ ആ സഹായം ലഭിച്ചവർ ഓർക്കുന്നു. ചാനലുകാരെ വിളിച്ചും ഫോട്ടോയെടുത്തും ഇത്തരം കാര്യങ്ങൾക്ക് അദ്ദേഹം പബ്ലിസിറ്റി നേടാനും ശ്രമിച്ചിട്ടില്ല. ഇത്രയും നന്മ നിറഞ്ഞ ഒരു മനുഷ്യന്റെ മരണം നടന്നിട്ട് ഒരു വർഷമായിട്ടു പോലും സർക്കാരിനും, പോലീസിനും ഇദ്ദേഹം എങ്ങിനെ മരിച്ചുവെന്ന് പറയാൻ സാധിക്കാത്തത് ഏറെ സങ്കടകരമാണെന്ന് പറയാതെ വയ്യ. സ്വാഭാവിക മരണമല്ലെന്ന് തെളിവുകളോടെ തന്നെ അധികാരികൾ പറയുന്പോൾ ഈ മഹാപ്രതിഭയുടെ മരണത്തിലെ ദുരൂഹത നീക്കാനും ഇവർക്ക് കടമയുണ്ട്. സിനിമയുടെ സംഘടനയ്ക്കും ഇതിൽ ബാധ്യതയുണ്ട്. ഞങ്ങളുടെ സഹോദരനാണ് മണി എന്നൊക്കെ പറഞ്ഞ് സൂപ്പർതാരങ്ങൾ അടക്കം കേവലം അനുസ്മരണ സമ്മേളനം മാത്രം നടത്തി കൈകഴുകുന്നത് മണിയെ സ്നേഹിക്കുന്നവർക്ക് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല തന്നെ. അദ്ദേഹത്തിന്റെ ഓർമ്മ ദിവസം നിരാഹാരം കിടക്കുന്നത് മണിയുടെ കുടുംബം മാത്രമാണെന്നതും ചേർത്ത് വായിക്കപ്പെടേണ്ട കാര്യം തന്നെ. മണി ഇനി വരില്ലെന്ന് അറിയാമെങ്കിൽ പോലും “വരാന്ന് പറഞ്ഞിട്ട് ചേട്ടൻ വരാതിരിക്കരുതേ” എന്ന് ഇപ്പോഴും തൊണ്ടപൊട്ടി പാടുന്ന ആരാധകകരുടെ ദുഃഖത്തിൽ പങ്ക് ചേർന്നുകൊണ്ട്...