സ്വർണമത്സ്യങ്ങൾ പിടയുന്പോൾ.....
ഭാര്യ ഭർത്താവിന്റെ ഖബറിനരികിൽ ഇരുന്നു കരഞ്ഞു കൊണ്ട് പറയുന്നു. “നമ്മുടെ കുഞ്ഞു മകൻ സ്കൂളിലേയ്ക്ക് പുതിയ ഷൂ ചോദിച്ചു കൊണ്ടിരിക്കുന്നു.. മകൾ അവൾക്ക് മൊബൈൽ ഫോണിനായി നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു. എനിക്കാണെങ്കിൽ വസ്ത്രങ്ങളെല്ലാം പഴയതായി പോയല്ലോ. ഖബറിൽ നിന്നും തിരികെ ഒരു കനത്ത ശബ്ദം വന്നു..” ഞാൻ മരിച്ചു പോയതാണ്. ദുബൈയിൽ പോയതല്ല” എന്ന്. ഇന്ന് രാവിലെ വാട്സാപ്പിൽ വന്നൊരു സന്ദേശമായിരുന്നു ഇത്. പ്രവാസലോകത്ത് ഹൃദയാഘാതങ്ങളും, ആത്മഹത്യകളും, മറ്റ് ജീവിതശൈലീ രോഗങ്ങളുമൊക്കെ വർദ്ധിച്ച് വരുന്ന വാർത്തകൾ പെരുകുന്ന സാഹചര്യത്തിൽ ഏറെ ചിന്തിപ്പിക്കുന്ന ഒരു വാചകമാണ് ഇത്.
മറുനാട്ടിൽ മരുപ്പച്ച തേടി വന്ന പ്രവാസികളിൽ വലിയൊരു വിഭാഗം പേരും കുടുംബത്തോടൊപ്പം ജീവിക്കാൻ ഭാഗ്യമില്ലാത്തവരാണ്. രണ്ടോ മൂന്നോ വർഷങ്ങളുടെ ഇടവേളകളിൽ നാട്ടിൽ പോകാനും, തന്റെ ആശകളും സ്വപ്നങ്ങളുമൊക്കെ അറുപതോ നാൽപ്‍പതോ ദിവസം കൊണ്ട് പൂർത്തീകരിച്ചെന്ന് വരുത്താൻ ശ്രമിച്ച് കുറെയേറെ ആശംഭംഗങ്ങളുമായി തിരികെ ഈ ഭൂമിയിലേയ്ക്ക് വരാൻ വിധിക്കപ്പെട്ടവരാണ് മിക്കവരും. അതു കൊണ്ട് തന്നെ ഇവിടെയുള്ള ബാച്ചിലർ മുറികളിലെ തലയിണകളിൽ കണ്ണുനീരിന്റെ ഉപ്പ് വല്ലാതെ പടർന്നിരിക്കും. ഡിജിറ്റൽ ലോകത്ത് അവരുടെ വിരലുകൾ തേച്ച് മിനുക്കുന്നത് കടലുകൾക്ക് അപ്പുറത്ത് പിച്ച വെച്ച് വളരുന്ന തന്റെ കുഞ്ഞുങ്ങളുടെ ചിത്രങ്ങളെ കണ്ടുകൊണ്ടിരിക്കാനാകും. സാന്പത്തിക പ്രതിസന്ധികൾ മുതൽ മാനസികമായ വേദനകൾ വരെ സഹിച്ച് തനിയെ കഴിയുന്ന അവസ്ഥ സത്യത്തിൽ ഭീകരമാണെന്ന് അത് അനുഭവിച്ച ലക്ഷകണക്കിന് പ്രവാസികൾക്കും അറിയുന്ന കാര്യമാണ്. ഇത്രയൊക്കെ വേദനകൾ സഹിക്കാനാണെങ്കിൽ എന്തിന് വിമാനം കയറുന്നുവെന്ന ചോദ്യം പലരും ചോദിക്കും. ഉത്തരം ഒന്ന് മാത്രം, “സാഹചര്യം”.
ആരോഗ്യമാണ് സർവധനാൽ പ്രധാനം എന്ന് മനസിലാക്കുന്നത് പലപ്പോഴും പ്രവാസികൾ ഏറെ വൈകി മാത്രമാണ്. ബോധവൽക്കരണം നടത്തുവാൻ പല കൂട്ടായ്മകളും ശ്രമിക്കുന്നുണ്ടെങ്കിൽ അതൊക്കെ കടലിലെ വെള്ളത്തുള്ളികൾ പോലെ പൂർണമായ ഫലപ്രാപ്തിയിൽ എത്തുന്നില്ല എന്ന് തന്നെ പറയേണ്ടി വരും. മുന്പ് പലപ്പോഴും തോന്ന്യാക്ഷരത്തിൽ പറഞ്ഞിട്ടുള്ളത് പോലെ അക്വേറിയത്തിലെ മനോഹരമായ സ്വർണമത്സ്യങ്ങളാണ് പ്രവാസികൾ. അതിന് വെളിയിൽ എത്തുന്പോൾ അവൻ ആരുമല്ലാതാകുന്നു. അവൻ തനിയെ പിടയുന്നു....