ഒരു ഫിലിപൈൻസ് അപാരത
പ്രദീപ് പുറവങ്കര
പ്രവാസലോകത്ത് മലയാളികളെ പോലെ തന്നെ സജീവമായ ഒരു സമൂഹമാണ് ഫിലിപൈൻസ് സ്വദേശികൾ. അവരുടെ ഭാഷയും, ജീവിതശൈലികളും പലപ്പോഴും തമാശ രീതിയിൽ കാണുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. അവിഹിതമായ ബന്ധങ്ങൾ വരെ ഇവർക്കുണ്ടെന്നൊക്കെ പറഞ്ഞ് രസം കണ്ടെത്താനും അമിത സദാചാരത്തിന്റെ വക്താക്കളായ നമ്മൾ സമയം കണ്ടെത്തുന്നു. എന്നാൽ കഴിഞ്ഞ ദിവസം ബഹ്റിനിൽ മോഡേൺ എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ഒരു ഫിലിപൈൻസ് സംഗീത പരിപാടിയിൽ പങ്കെടുത്തപ്പോൾ ഇവരെ പറ്റിയുള്ള ചില ധാരണകളെങ്കിലും തിരുത്തേണ്ടി വന്നു എന്നതാണ് യാഥാർത്ഥ്യം. മലയാളികളായ നമ്മൾ നടത്താറുള്ള എത്രയോ ഗാനമേളകളിലും, ആഘോഷപരിപാടികളിലും പങ്കെടുക്കാവാനും, സംഘടിപ്പിക്കാനും സാധിച്ചിട്ടുണ്ടെങ്കിലും, അവിടെയൊന്നും കാണാൻ സാധിക്കാത്ത തരത്തിലുള്ള അനുഭവമായിരുന്നു ഈ സംഗീതനിശയിൽ ഉണ്ടായത്.
പരിപാടി ആരംഭിക്കുന്നതിനും ഒരു മണിക്കൂർ മുന്പേ തങ്ങൾക്ക് അനുവദിച്ച കസേരകളിൽ വന്ന് സ്വസ്ഥമായി ഇരിക്കുന്നത് മുതൽ ഈ വ്യത്യസ്തത അനുഭവപ്പെട്ടു തുടങ്ങി. റിസേർവഡ് എന്ന് എഴുതി വെച്ച മുൻനിരകസേരകളിൽ ആരും ചുമ്മാ കയറി ഇരിക്കുന്ന അവസ്ഥ ഇവിടെയുണ്ടായിരുന്നില്ല. ഗാനമേള ആരംഭിക്കാറായപ്പോൾ ബഹ്റിനിലെ ഫിലിപ്പൈൻസ് അംബാസിഡറും പത്നിയും മുഖ്യാതിഥികളായി എത്തി. അഞ്ച് മിനിട്ട് കൊണ്ട് വളരെ ലഘുവായ സംഭാഷണങ്ങളോടെ അദ്ദേഹം തന്റെ ജനതയ്ക്ക് ആശംസകൾ നേർന്നതിന് ശേഷം പരിപാടിയും ആരംഭിച്ചു. അതുവരേയ്ക്കും സ്വസ്ഥതയോടെ ഇരുന്നിരുന്ന കാണികളൊക്കെ ഗായകരുടെ പാട്ടുകളിൽ ലയിച്ചു കൈവീശാനും, അവർക്കൊപ്പം ചുണ്ടുകൾ അനക്കാനും തുടങ്ങിതോടെയാണ് ഒരു സംഗീതരാവ് എങ്ങിനെയാണ് ആസ്വദിക്കേണ്ടതെന്ന് തിരിച്ചറിഞ്ഞത്.
ഇവിടെ ആരും കസേരകൾ എടുത്തെറിഞ്ഞില്ല, അനാവശ്യമായ കൂക്കുവിളികളില്ല. മദ്യപിച്ച് ലക്ക് കെട്ട് സ്ത്രീകളെ കയറി പിടിച്ചില്ല. ഗായകരും ഏറെ പ്രശസ്തരാണെങ്കിൽ പോലും പാട്ട് പാടികൊണ്ട് തന്നെ അവർ കാണികളുടെ ഇടയിലേയ്ക്ക് ഇറങ്ങിവരികയും, ആരാധകരെ ചേർത്ത് പിടിച്ച് സെൽഫികളെടുക്കുകയുമൊക്കെ ചെയ്തു. അച്ചടക്കത്തോടെ വരിവരിയായി നിന്നാണ് ഈ സെൽഫിക്ക് പോലും കാണികൾ വന്നത്. ഗായകരുടെ ഷർട്ടിന്റെ കോളർ പിടിച്ചു വലിക്കാനോ, പിച്ചാനോ, മാന്താനോ ഒന്നും ആരും തുനിഞ്ഞില്ല. പരിപാടി അതിന്റെ മധ്യഭാഗത്തേയ്ക്ക് എത്തുന്പോഴാണ് പാട്ടിൽ ലയിച്ച അംബസാഡർ എഴുന്നേറ്റ് സ്വയം ചുവടുകൾ വെയ്ക്കാനും, തന്റെ ജനങ്ങളോട് അതിൽ പങ്കെടുക്കാനും പറഞ്ഞത്. അംബാസഡർ എന്ന രീതിയിൽ യാതൊരു ജാഡയുമില്ലാതെ, പരിപാടി ആസ്വദിക്കാൻ വന്ന കേവലമൊരു ആസ്വാദകന്റെ മനസാണ് അദ്ദേഹത്തിൽ കണ്ടത്. ഒടുവിൽ പറഞ്ഞ നേരത്ത് തന്നെ വളരെ നല്ല ഒരു ഗാനത്തോടെ ഗായകർ പാട്ട് നിർത്താറായപ്പോൾ ചില ആരാധകർ േസ്റ്റജിനടുത്തേയ്ക്ക് വന്ന് കലാകാരന്‍മാരെ ആശംസകൾ അറിയിക്കാൻ എത്തി. മീറ്റ് ആന്റ് ദ ഗ്രീറ്റ് എന്നാണ് ഇതിന് അവർ നൽകിയിരിക്കുന്ന പേര്. ആ പാട്ട് കഴിഞ്ഞപ്പോൾ അവതാരകൻ കാണികളോട് സ്വന്തം സീറ്റിലേയ്ക്ക് മടങ്ങി പോകാൻ പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ എല്ലാവരും അവരുടെ സീറ്റുകളിലേയ്ക്ക് തിരിച്ചെത്തി.
അതിന് ശേഷം നടന്ന സമാപനചടങ്ങുകളിലും പങ്കെടുത്ത് നല്ലവരായ ആ കലാസ്വാദകർ തിരികെ പോകുന്നത് കണ്ടപ്പോൾ സത്യത്തിൽ മനസിൽ തോന്നിയത് ഇതല്ലെ ശരിക്കും അപാരത എന്നു തന്നെയാണ്.. ഒരു ഫിലിപ്പൈൻസ് അപാരത കണ്ട സന്തോഷത്തോടെ...