ചക്ക പഴയ ചക്കയല്ല !!
പ്രദീപ് പുറവങ്കര
കേരളത്തിൽ വേനൽ കടുത്തുതുടങ്ങിയതോടെ റോഡ് വക്കുകളിൽ ശീതീകരണ പാനീയ കേന്ദ്രങ്ങൾ ധാരാളമായി ആരംഭിച്ചിട്ടുണ്ട്. കരിന്പും, ഇളനീരും, മോരും തുടങ്ങി കുമ്മട്ടി ജ്യൂസ് വരെ ഇതിൽ ഉൾപ്പെടുന്നു. ഇതിനിടയിൽ ശ്രദ്ധേയമായ താരമായി മാറുകയാണ് നമ്മുടെ സ്വന്തം ചക്ക. ഹൈപ്പർമാർക്കറ്റുകളിലും, റോഡ് സൈഡിലും തുടങ്ങി പലയിടങ്ങളിലും മധുരമൂറുന്ന ചക്കചൊളകൾ വാങ്ങാൻ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. പ്രത്യേകിച്ച് തമിഴ്നാട് പോലെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വന്ന് ജോലി ചെയ്യുന്ന ഐടി ജോലിക്കാർ പലരും ചക്കയോട് ഏറെ താൽപര്യമുള്ളവരാണ്.
മരത്തിലുണ്ടാകുന്ന പഴങ്ങളിൽ ലോകത്ത് തന്നെ ഏറ്റവും വലിയ പഴമാണ് ചക്ക. വലിപ്പത്തിൽ മാത്രമല്ല ഔഷധഗുണത്തിലും ചക്ക ഏറെ മുന്നിലാണെന്ന് ആധുനിക വൈദ്യശാസ്ത്രം പോലും ഇന്ന് സമ്മതിച്ചിരിക്കുന്നു. ഈ പഴം ഏറ്റവുമധികം പാഴായി പോയിരുന്ന ഇടമായിരുന്നു നമ്മുടെ കേരളം. സമീപകാലം വരെ ചക്ക പൊതുശല്യമായിരുന്നു മലയാളിക്ക്. കൂട്ടത്തോടെ ചെറിയ തുകയ്ക്ക് ചക്കയെ നാട് കടത്താനായിരുന്നു അന്ന് നമുക്ക് താൽപര്യം. എന്നാൽ ഇന്ന് ആ കാലം മാറിയിരിക്കുന്നു. നല്ല ഒന്നാന്തരം വരിക്ക ചക്ക തിന്നണമെങ്കിൽ ഇന്ന് നല്ല കാശ് കൊടുക്കണം. നഗരങ്ങളിൽ 1000 രൂപവരെ കൊടുത്താൽ മാത്രമേ ഒരു ചക്ക ലഭിക്കൂ എന്ന അവസ്ഥയായിട്ടുണ്ട്. ഹൈപ്പർമാർക്കറ്റിൽ ഒരു ചക്ക നാലായി മുറിച്ച് കിട്ടുന്ന ഒരു ഭാഗത്തിന് 250 മുതൽ 300 രൂപ വരെ കൊടുക്കണം. ചക്കപ്പഴം മാത്രമായി വാങ്ങാനും നല്ല ഡിമാൻഡ് ഉണ്ട്. സംസ്ഥാനത്ത് നിന്ന് വൻ തോതിൽ ഇപ്പോൾ പുറം രാജ്യങ്ങളിലേയ്ക്ക് പോലും ചക്ക കയറ്റിഅയക്കുന്നുണ്ട്.
ചക്ക കഴിക്കുകയാണെങ്കിൽ ജീവിതശൈലീ രോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കുമെന്ന് സായിപ്പ് പറഞ്ഞതോടെയാണ് മലയാളികൾക്ക് എന്നത്തെയും പോലെ ബോധമുധിച്ചത്. ഇതിന് ശേഷം പലയിടങ്ങളിലും ഇന്ന് ചക്ക മഹോത്സവങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ചക്കപായസം, ചക്ക ഐസ്‌ക്രീം, ചക്ക സ്‌ക്വാഷ്, ചക്ക അച്ചാറുകൾ, ചക്ക അവലോസുണ്ട, ചക്ക പുട്ടുപൊടി, ചക്ക ചപ്പാത്തി പൊടി, ചക്ക ഹൽവ്വ, ചക്ക മിക്‌സ്ചർ, ചക്കവരട്ടി, ചക്ക ഉണ്ണിയപ്പം, ചക്ക കട്ട്‌ലേറ്റ് തുടങ്ങി നാവിൽ രസമുകുളങ്ങൾ സൃഷ്ടിക്കുന്ന തരത്തിൽ നിരവധി വിഭവങ്ങളും ഇന്ന് ചക്ക കൊണ്ടുണ്ടാക്കാൻ മലയാളി പഠിച്ചിരിക്കുന്നു.
കേരളത്തിൽ പ്രമേഹവും ക്യാൻസർ പോലുള്ള മാരക രോഗങ്ങളും അനുദിനം വർദ്ധിക്കുകയാണെന്ന് ഓരോ ദിനവും നമ്മൾ വായിച്ചും, കണ്ടും അനുഭവിച്ചും അറിയുന്നു. ഇതിന് പ്രധാന കാരണം ഭക്ഷ്യസംസ്‌കാരത്തിൽ വന്ന മാറ്റങ്ങളാണെന്ന് വൈദ്യശാസ്ത്രം തന്നെ മുന്നറിയിപ്പു നൽകുന്നു. ഈ സാഹചര്യത്തിൽ കയറ്റി അയക്കുന്നതിനോടൊപ്പം തന്നെ മലയാളി അവന്റെ തീന്‍മേശയിലേയ്ക്കും ചക്ക പോലുള്ള സുരക്ഷിത ഭക്ഷണങ്ങളെ തിരികെ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ഓർമ്മിപ്പിക്കട്ടെ...