പുഴയെ കൊന്നിട്ടെന്ത് വികസനം...
പ്രദീപ് പുറവങ്കര
ഒരു പൈപ്പിലൂടെ കുറച്ച് വെള്ളം ഒഴുകി വന്നാൽ അതിനെ പുഴയെന്നോ, വെള്ളച്ചാട്ടമെന്നോ വിളിക്കാൻ സാധിക്കില്ല. ഒരു പുഴയെന്ന് വെച്ചാൽ നിരവധി ആവാസവ്യവസ്ഥകളുടെ ആലയമാണ്. പ്രകൃതിയുടെ സന്തുലിതമായ നിലനിൽപ്പിന് അവിഭാജ്യഘടങ്ങളാണ് ഈ ഭൂമിയിലെ ഓരോ നീർച്ചാലുകളും, പുഴകളും. ഇത്് സംസ്കാര സന്പന്നരെന്ന് സ്വയം വാഴ്ത്തിപാടുന്ന മലയാളിയെ പഠിപ്പിക്കേണ്ട കാര്യമില്ല. നമ്മുടെ നാട്ടിൽ പശ്ചിമ ഘട്ടത്തിലെ ചോലപ്പുൽമേടുകളിൽ നിന്ന് ഉത്‍ഭവിച്ച് ഇറങ്ങിവരുന്ന ചെറിയ ചെറിയ നീർച്ചാലുകളാണ് പിന്നീട് താഴേയ്ക്ക് പതിച്ച്, കാടിന്റെ ഊർജ്ജം വഹിച്ച് ജീവനുള്ള പാറക്കൂട്ടങ്ങളിൽ തട്ടിത്തടഞ്ഞും, സമതലങ്ങളിലൂടെയും മണൽ തിട്ടകളിലൂടെയും പരന്ന് ഒഴുകുന്പോഴാണ് ഒരു പുഴ ജനിക്കുന്നത്. മനുഷ്യൻ അവന്റെ ആവശ്യത്തിനും ദുരാഗ്രഹത്തിനും വേണ്ടി അണക്കെട്ടുക്കൾ പണിയുന്പോൾ പുഴകൾ മരിച്ചു പോകുന്നു.
ചാലക്കുടി പുഴയിലെ ഏഴാമത്തെ അണക്കെട്ടാണ് എൽഡിഎഫ് സർക്കാർ അതിരപ്പള്ളി പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. വാഴച്ചാലിൽ നിന്ന് വെള്ളം പവർഹൗസിൽ എത്തിച്ച് അവിടെ നിന്ന് ടണൽ വഴി വഴിതിരിച്ചുവിടാനാണ് പദ്ധതി. ഇവിടുത്തെ വെള്ളച്ചാട്ടത്തെബാധിക്കാതിരിക്കാനായി ഡാമിന് തൊട്ടു താഴെയായി ചെറിയ പവർ ഹൗസ് പണിയും എന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. ഒന്നര മെഗാവാട്ടിന്റെ രണ്ട് ചെറിയ ജനറേറ്റർ സ്ഥാപിക്കുമെന്നും അതിൽ ഒരെണ്ണം മാത്രം ഓടിക്കുമെന്നുമാണ് വിശദീകരണം. അതൊന്നും ഈ ആവാസ വ്യവസ്ഥ അഭിമുഖീകരിക്കാൻ പോവുന്ന ഗുരുതരമായ പ്രശ്‌നത്തിന് പരിഹാരമാവില്ല എന്നതാണ് വസ്തുത. നിലവിൽ വേനൽകാലത്ത് ഏകദേശം സെക്കന്റിൽ 13000 ലിറ്റർ മുതൽ 14000 ലിറ്റർ വരെ വെള്ളമാണ് ഒഴുകി വെള്ളച്ചാട്ടത്തെ സന്പുഷ്ടമാക്കിക്കൊണ്ടിരിക്കുന്നത്. അതിരപ്പള്ളി പദ്ധതി വന്നു കഴിഞ്ഞാൽ അത്‍ സെക്കന്റിൽ 7650 ലിറ്റർ വെള്ളമായി ചുരുങ്ങും. ബാക്കിയുള്ള വെള്ളം പൈപ്പ് വഴി തിരിച്ചുവിടും. അതോടെ ഇന്ന് നമ്മൾ കാണുന്ന വിശ്വവിഖ്യാതമായ വെള്ളച്ചാട്ടം മെലിഞ്ഞുണങ്ങും എന്നർത്ഥം. 23 മീറ്റർ ആണ് അണക്കെട്ടിന്റെ ഉയരം എന്ന് പറയുന്നത്. ഇനി ഇത് പത്ത് മീറ്റർ ആയി കുറച്ചാൽ പോലും ആദ്യം മുങ്ങിച്ചാവുക ഇവിടെയുള്ള കാടായിരിക്കും. അതിന്റെ പിന്നിൽ വരുന്ന പുഴയും ഇതോടെ നിർജ്ജീവമാവും. ഈ കാടുകളിൽ കാണപ്പെടുന്ന പ്രത്യേക തരം വേഴാന്പലുകൾ, വംശനാശ ഭീഷണി നേരിടുന്ന സസ്യ−-ജന്തു ജാലങ്ങൾ തുടങ്ങിയവയുടെ ആവാസ വ്യവസ്ഥയും നശിപ്പിക്കപ്പെടും. ആനകളുടെയടക്കം ചെറുതും വലുതുമായ നിരവധി ജീവജാലങ്ങളുടെ സഞ്ചാരപാതയും ഇതിലൂടെ ഇല്ലാതാകും. ഒഴുകുന്ന വെള്ളത്തിൽ മാത്രം ജീവിക്കുന്ന 108 ഇനം മത്സ്യങ്ങൾ ഈ പുഴയിൽ ഉണ്ട്. പുഴ കെട്ടിക്കിടന്നാൽ പിന്നെ ഈ മത്സ്യങ്ങൾക്കും നിലനില്‍പുണ്ടാവില്ല. ഈ കാട് ഉള്ളതുകൊണ്ടാണ് വേനൽകാലത്ത് കുറച്ചങ്കെിലും വെള്ളം ഇപ്പോൾ ചാലക്കുടി പുഴയിൽ ലഭിക്കുന്നത്.
ഒരുവശത്ത് കുന്നിടിച്ചുനിരത്തലും വനംകൊള്ളയുമുണ്ടാക്കുന്ന പാരിസ്ഥിതികനാശം വരൾച്ചയായും കുടിവെള്ളക്ഷാമമായും കേരളത്തെ മരുവത്‌കരണത്തിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ നിലനിൽക്കുകയാണ്. ഇത് കണ്ടില്ലെന്ന് നടിച്ച് ബാക്കിയുള്ള പരിസ്ഥിതിലോല പ്രദേശങ്ങൾ കൂടി വികസനത്തിന്റെ പേരിൽ അന്യാധീനമാക്കാനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും ആപത്‌കരമായിരിക്കും. ഇത്തരം പദ്ധതികൾ നമ്മുടെ നാട്ടിലുണ്ടാക്കിയ ദുരന്തങ്ങൾ ചെറുതല്ല എന്നു മനസിലാക്കി, അത്തരം പാരിസ്ഥിതിക പ്രശ്‌നങ്ങളെ മറികടന്നുകൊണ്ടോ, മറന്നുകൊണ്ടോ ആതിരപ്പള്ളിയിൽ പുതിയ അണക്കെട്ട് സാധ്യമല്ലെന്ന് തന്നെ ഈ സർക്കാർ ഒടുവിൽ തീരുമാനിക്കുമെന്ന് ആശിക്കാം...