വേണ്ടത് ബോധവത്കരണം...


പ്രദീപ് പുറവങ്കര

മലയാള നാട്ടിൽ പീഢനകഥകൾക്ക് യാതൊരു ക്ഷാമവുമില്ല. കഴിഞ്ഞയാഴ്ച്ച ഒരു നടിയായിരുന്നു പീഢന കഥയിലെ നായികയെങ്കിൽ ഈ ആഴ്ച്ച അത് പതിനാറുകാരിയായ പെൺകുട്ടിയാണ്. കഴിഞ്ഞാഴ്ച്ച പൾസർ സുനിയാണ് പ്രതിയെങ്കിൽ ഈ ആഴ്ച്ച അത് ഭൂമിയിൽ സമാധാനം നൽകേണ്ട വികാരിയായിരിക്കുന്നു. പ്രതികളുടെ രൂപഭാവങ്ങൾ ഇങ്ങിനെ മാറി വരുന്നുണ്ടെങ്കിലും ഇരകൾ മിക്കപ്പോഴും സ്ത്രീകൾ തന്നെ. മറ്റൊരു സമൂഹത്തിലും ഇല്ലാത്തത് പോലെ നമ്മൾ മലയാളികൾ മാത്രം എന്തേ ഇങ്ങിനെ പീഢന കേസുകളിൽ പെട്ട് നാണംകെട്ടുപോകുന്നത് എന്ന് ഗൗരവപരമായി  ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 

നമ്മുടെ സമൂഹത്തിലെ അമിതമായ സദാചാരബോധമോ, ലൈംഗികമായ അസംതൃപ്തിയോ, അടിച്ചമർത്തിവെയ്ക്കലോ ഒക്കെ ഇതിന് കാരണമാകുന്നുണ്ടാകാമെന്ന് മാനസികാരോഗ്യ വിദഗ്ദ്ധർ തന്നെ പറയുന്നു. രണ്ട് ലിംഗത്തിൽ പെട്ടവർ ആൾകൂട്ടത്തിൽ കൈപിടിച്ച് ഒന്നിച്ച്് നടന്നാൽ പോലും നമ്മുടെ ഉള്ളിലെ സദാചാരക്കാരൻ ഉണർന്നെഴുന്നേൽക്കുന്നു. എനിക്കില്ലാത്തത് നിനക്കും വേണ്ടാ എന്ന തോന്നലിൽ നിന്നാണ് ഇത്തരം ബോധം പലർക്കുമുണ്ടാകുന്നത്. തന്റെയുള്ളിലെ ലൈംഗികത അടിച്ചമർത്തി വെയ്ക്കുന്പോഴാണ് കൊച്ചുകുഞ്ഞിനെ പോലും അവസരം കിട്ടിയാൽ തന്റെ കാട്ടളത്തത്തിന് ഒരാൾ ഉപയോഗപ്പെടുത്തുന്നത്. മനുഷ്യൻ തീർച്ചയായും ഒരു വികാര ജീവിയാണ്. അതൊക്കെ അടക്കി വെച്ച് ജീവിക്കണമെന്ന് ആര് തന്നെ പറഞ്ഞാലും, അത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് തന്നെയാണ് ഓരോ പീഢനകഥകളും നമ്മോട് വിളിച്ച് പറയുന്നത്. മതങ്ങളുടെ കെട്ടുപാടുകൾക്ക് പോലും ഇത്തരം വികാരങ്ങളെ പൂർണ്ണമായും ഇല്ലായ്മ ചെയ്യാനും സാധിക്കില്ല. 

ഒരു വ്യക്തിയെയോ ഒരുകൂട്ടം വ്യക്തികളെയോ നിർബന്ധിച്ചോ നിരന്തരം പ്രേരിപ്പിച്ചോ നടത്തുന്ന ലൈംഗിക പ്രവൃത്തികളെല്ലാം ലൈംഗിക പീഢനങ്ങളുടെ നിർവ്വചനത്തിൽ ഉൾ‍പ്പെടുന്നവയാണ്. ഇത്തരം പീഢനങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പലതിന്റെയും വിവരങ്ങൾ പുറത്തറിയാത്തത് കാരണം ഈ ദുഷ്പ്രവർത്തിയുടെ യഥാർത്ഥ കണക്ക് നമുക്ക് ലഭ്യമല്ല. നമ്മുടെ നാട്ടിൽ ഇന്ന് നവജാത ശിശുക്കൾ മുതൽ പ്രായമേറിയവർ വരെ ദിനംപ്രതി പീഢനങ്ങൾ‍ക്കിരയാകുന്നുണ്ട്. പീഢനങ്ങൾ‍ക്കിരയാവുന്ന മൂന്നിലൊരു ഭാഗവും 9 വയസ്സിന് മുന്പ്തന്നെ ഇത്തരം അതിക്രമങ്ങൾ‍ക്കിരയാവുന്നുവെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. സാമൂഹികം, സാന്പത്തികം, സാംസ്കാരികം, മാനസികം എന്നീ മേഖലകളിലെ അധഃപതനവും മൂല്യച്യുതിയുമാണ് ലൈംഗിക പീഢനങ്ങൾക്ക് മുഖ്യകാരണം. സമൂഹത്തിൽ‍ എല്ലാ വിഭാഗങ്ങളിലും ഇത്തരം ആളുകൾ ഉണ്ട്. ഒരു പ്രത്യേക മതവിഭാഗത്തിലോ വർഗത്തിലോ ഉള്ളവർ മാത്രമാണ് ലൈംഗികപീഢനങ്ങൾ നടത്തുന്നതെന്നൊക്കെ പറയുന്നത് വിവരമില്ലായ്മ മാത്രമാണ്. വിദ്യാഭ്യാസമുളളവരും ഇല്ലാത്തവരും തൊഴിലാളികളും തൊഴിലില്ലാത്തവരും മദ്യപാനികളും മയക്കുമരുന്നുപയോഗിക്കുന്നവരുമെല്ലാം ഇക്കൂട്ടത്തിൽ‍പെടുന്നു. 

സമൂഹത്തിൽ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ലൈംഗിക പീഢനങ്ങൾ‍ക്കെതിരെ പൊതുജനങ്ങളെ ബോധവൽ‍ക്കരിക്കാനുള്ള ശ്രമങ്ങളാണ് ഇനിയെങ്കിലും സർക്കാർ ഊർജിതമായി നടത്തേണ്ടത്. അതിക്രമങ്ങളിൽ ‍‍നിന്നും  രക്ഷനേടാനുളള പ്രതിരോധമാർ‍ഗ്ഗങ്ങൾ സ്കൂൾ തലത്തിൽ തന്നെ വളരുന്ന കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുകയാണ്   ലൈംഗിക ചൂഷണങ്ങളെ നേരിടാനുളള പ്രധാന മാർ‍ഗ്ഗം. മാത്രമല്ല ലൈംഗികത എന്നാൽ തലകുനിച്ചിരുന്ന് ഇരുട്ടിന്റെ മറവിൽ ചർച്ചചെയ്യേണ്ട കാര്യം മാത്രമല്ലെന്നതും നമ്മുടെ സമൂഹം തിരിച്ചറിയേണ്ടതുണ്ട്.

You might also like

Most Viewed