വെറുപ്പ് എന്ന രോഗാണു...
പ്രദീപ് പുറവങ്കര
ഈ ലോകത്ത് ഏറ്റവും അപകടരമായ രോഗാണു എന്താണെന്ന് ചോദിച്ചാൽ പല പല മാറാരോഗങ്ങളെ പറ്റിയും മനസ് ഒന്ന് ചിന്തിക്കും. എന്നാൽ വെറുപ്പ് എന്ന വികാരമാണ് സത്യത്തിൽ ഏറ്റവും വലിയ വിഷ ബീജമെന്നാണ് പണ്ധിതർ പറയുന്നത്. മനുഷ്യന്റെ മനസിലേയ്ക്കും ബുദ്ധിയിലേയ്ക്കും ഈ രോഗാണു പ്രവേശിച്ചു കഴിഞ്ഞാൽ മനസിനോടൊപ്പം തന്നെ അത് ശരീരത്തെയും ബാധിക്കുന്നു. കാര്യങ്ങളെ നിഷ്പക്ഷമായി കാണുവാൻ സഹായിക്കുന്ന കണ്ണുകളെ അന്ധമാക്കുകയും, നന്മ കേൾക്കാൻ കൊതിക്കുന്ന കാതുകളെ അടച്ച് വെച്ച് കേൾവിയെ ഇല്ലാതാക്കുവാനും ഈ രോഗാണുവിന് സാധിക്കുന്നു.
വ്യക്തികൾ തമ്മിൽ മാത്രമല്ല വെറുപ്പ് ഉണ്ടാകുന്നത്. അത് രാഷ്ട്രങ്ങൾ തമ്മിലും, പ്രസ്ഥാനങ്ങൾ തമ്മിലുമുണ്ടാകും. പലപ്പോഴും ഈ കാരണം കൊണ്ട് തന്നെ വെറുപ്പ് എന്നത് ഒരു രാഷ്ട്രീയ ഉപകരണമായും മാറുന്നു. അധികാരം സ്ഥാപിച്ചെടുക്കാനും, എതിരാളിയെ കീഴ്പ്പെടുത്താനും വെറുപ്പിന്റെ പ്രത്യയശാസ്ത്രം സഹായിക്കുന്നു. സാമുദായികതയും, വംശീയതയും, വർഗീയതയും ഒക്കെ ഈ ഒരു പ്രത്യയശാസ്ത്രത്തിന്റെ ബലത്തിലാണ് ശക്തിപ്രാപിക്കുന്നത്. ഒരിക്കൽ വേര് പിടിച്ചു കഴിഞ്ഞാൽ വെറുപ്പിനെ വെട്ടിമാറ്റാൻ വലിയ ബുദ്ധിമുട്ടായിരിക്കും.
നമ്മുടെ നാട്ടിൽ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇന്ന് ഏറ്റവുമധികം പ്രയോഗിക്കുന്നത് ഈ ഒരു രസതന്ത്രമാണ്. കള്ളവും, കൊലയും, ചതിയുമൊക്കെ ചെയ്യുന്നവന്റെ ജാതിയും വംശവും കുലവും തേടിപ്പിടിച്ച്, അവൻ തെറ്റു ചെയ്യാനും കുറ്റക്കാരനാകാനുമുള്ള ഏകകാരണം പ്രത്യേകമായ വംശത്തിൽ പിറന്നതാണ് എന്ന് വരുത്തിത്തീർത്ത് അവസാനം അത്തരം വംശങ്ങളുടെ ഉന്മൂലനമാണ് ഈ ലോകത്തെ പ്രശ്‌നങ്ങൾക്കുള്ള ശാശ്വത പരിഹാരമെന്ന രീതിയിൽ പ്രചരണം നടത്തുകയാണ് ഇവരുടെ പ്രധാനപ്പെട്ട അജണ്ട. ഇത് നടപ്പിലാക്കാനുമുള്ള തന്ത്രങ്ങളാണ് വെറുപ്പിന്റെ രാഷ്‌ട്രീയത്തിലൂടെ നടപ്പിലാക്കുന്നത്. വെറുപ്പിനെയും വിദ്വേഷത്തെയും രാഷ്‌ട്രീയ ആയുധമാക്കാനും സ്വാർത്ഥമായ താല്‍പര്യങ്ങളെ സംരക്ഷിക്കാനുള്ള ഉപകരണങ്ങളാക്കി മാറ്റാനുമുള്ള ശ്രമങ്ങൾ ഇന്ന് ആഗോളതലത്തിൽ തന്നെ വ്യാപകമായി നടക്കുന്നുണ്ട് എന്നും നമുക്ക് കാണാൻ സാധിക്കും. ശരീരത്തിന്റെ നിറം നോക്കി, കറുപ്പിനെയും വെളുപ്പിനെയും വേർതിരിച്ച് അവയെ എതിർവർഗങ്ങളാക്കി ചിത്രീകരിച്ച് പരസ്പരം ശത്രുക്കളാണെന്ന ധാരണ ഇപ്പോഴും പലയിടത്തും നിലനിൽക്കുന്നു. നായക്കും കറുത്തവർഗക്കാരനും പ്രവേശനമില്ല എന്ന് എഴുതിവെച്ച അറിയിപ്പുകൾ ഒറ്റപ്പെട്ടതാണെങ്കിൽ പോലും ഇന്നും പലയിടങ്ങളിലും ഉണ്ട് എന്നതും വേദനയോടെ ഓർക്കാം.
ഭാഷയുടെയും പ്രദേശത്തിന്റെയും പേരിലുള്ള വെറുപ്പും ഇന്ന് ഏറെ ചൂഷണം ചെയ്യപ്പെടുന്ന ഒന്നാണ്. ഭാരതീയൻ എന്ന് അഭിമാനിക്കുന്ന വരൊക്കെ അയൽ രാജ്യക്കാരനെ വെറുക്കണമെന്നാണ് മുഖ്യആവശ്യം. ഹിന്ദിയറിയാത്തവൻ ഹിന്ദുസ്ഥാനിയല്ലെന്നും, ഉറുദുഭാഷ അറിയാത്തവർ മുസൽമാനല്ലെന്നും പറയുന്നവരും നമ്മുടെ ഇടയിൽ സജീവം. ഇവരാരും തന്നെ മനുഷ്യനെ പറ്റി പറയാറില്ലെന്നതും ശ്രദ്ധേയം. അൽപ്പകാലം മുന്പ് വരെ വേദഗ്രന്ഥങ്ങളിലെ വാക്കുകളും, മഹദ് വചനങ്ങളുമൊക്കെ പ്രഭാഷകരും സാഹിത്യകാരന്മാരും ഉപയോഗിച്ചിരുന്നത് വെറുപ്പിന്റെ ബീജങ്ങളെ ഉന്മൂലനം ചെയ്യാനായിരുന്നു. എന്നാൽ ഇന്ന് ആ ഉദ്ധരണികളും വിലയിരുത്തലുകളുമൊക്കെ വെറുപ്പിനെ വർദ്ധിപ്പിക്കാനാണ് ഉപയോഗിക്കപ്പെടുന്നതെന്നും ശ്രദ്ധിക്കപ്പെടേണ്ടതാണ്. വെറുപ്പിന്റെ ഈ ജനിതകശാസ്‌ത്രം വരാനിരിക്കുന്ന മനുഷ്യകുലത്തോട് ചെയ്യുന്നത് അക്ഷന്തവ്യമായ തെറ്റാണെന്ന് പറയാതിരിക്കാൻ സാധ്യമല്ല തന്നെ.