ഒരൽപ്പം മാലിന്യചിന്തകൾ...


പരിസ്ഥിതി നശീകരണത്തെപറ്റിയും, മാലിന്യനിക്ഷേപങ്ങളെ പറ്റിയുമൊക്കെ വലിയ വായിൽ ആശങ്കപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. ഇത്തരം പ്രശ്നങ്ങളെ പറ്റി വെറുതെ ചർച്ച ചെയ്യുന്നതിന് പകരം പ്രായോഗികമായി പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നവരുടെ എണ്ണം സമൂഹത്തിൽ ഏറെ കുറവാണ്. എറണാകുളം പോലെയുള്ള മഹാനഗരങ്ങളിൽ മാലിന്യനിർമ്മാജനം ഇന്ന് ഏറ്റവും വലിയ വിഷയമായി മാറികൊണ്ടിരിക്കുന്നു. ഫ്ളാറ്റുകൾ ഏറെയുള്ള ഇവിടെ മാലിന്യങ്ങൾ നശിപ്പിക്കാൻ ശാസ്ത്രീയമായ അറിവുകൾ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിൽപോലും മിക്കതും പൂർണ്ണമായ തോതിൽ ഫലപ്രദമായി മാറുന്നില്ല. 

ഈ ഒരു സാഹചര്യത്തിൽ മാലിന്യനിക്ഷേപം ശരിയായ രീതിയിൽ നടത്താൻ മുന്നിട്ടിറങ്ങിയ ഒരു സംഘം ഇന്നനുഭവിക്കുന്നത് ഏവരും അറിയേണ്ടതാണ്. എറണാകുളത്തെ ആലുവ മില്ലുംപടിയിലെ പ്ലാന്റ് അറ്റ് എർത്ത് എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകരാണ് തങ്ങളുടെ പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനം മുടങ്ങുമോ എന്ന ആശങ്കയിൽ ഇപ്പോൾ കഴിയുന്നത്. കുടുംബശ്രിയുടേതിന് സമാനമായ പ്രവർത്തന രീതിയാണ് പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണത്തിന് ഇവർ ഉപയോഗിച്ച് വന്നിരുന്നത്. ആലുവ, പറവൂർ, അങ്കമാലി എന്നീ നഗരസഭകൾ, കരുമാലൂർ, കടുങ്ങല്ലൂർ, കൊടകര പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ 16,000 വീടുകളിൽ നിന്നാണ് ഇവർ പ്ലാസ്റ്റിക് മാലിന്യം എടുത്തിരുന്നത്. പ്ലാസ്റ്റിക്കിന് പുറമേ കുപ്പി, കടലാസ് എന്നിവയും ഇവർ ശേഖരിക്കുന്നു. എഴുപതോളം സ്ത്രീകൾ പുനരുപയോഗത്തിനായാണ് ഈ മാലിന്യങ്ങൾ ശേഖരിക്കുന്നത്.  ഒരു വീടിൽ നിന്ന് പ്രതിമാസം ഇവർ വാങ്ങിയിരുന്നത് മുപ്പത് രൂപയായിരുന്നു. അതിൽ നിന്നുള്ള വരുമാനം ചിലവ് കഴിഞ്ഞുള്ളത് എഴുപത് സ്ത്രീകൾക്കുമായി വീതിച്ച് കൊടുത്താണ് ഈ പ്രസ്ഥാനം കഴിഞ്ഞ ഏറെ കാലമായി പ്രവർത്തിച്ചുവരുന്നത്. ശേഖരിച്ച മാലിന്യങ്ങൾ ഇതേ സ്ത്രീകൾ തന്നെ ലോറിയിൽ കയറ്റി കൊടുക്കുന്നത് കാരണം വളരെ കുറച്ച് മാത്രമേ മുന്പ് പുറത്ത് നിന്നുള്ളവരെ സഹായത്തിന് വിളിക്കേണ്ടി വരാറുള്ളൂ. ഒരു മാസം ഇരുപത്തിയഞ്ചോളം ടൺ മാലിന്യമാണ് ഇവർ പുനരുപയോഗത്തിനായി തമിഴ്നാടിലുള്ള ഫാക്ടറിയിലേയ്ക്ക് അയച്ചിരുന്നത്. 

ഇപ്പോൾ ഇവർ അനുഭവിക്കുന്ന പ്രശ്നം ചാക്കുകൾ കയറ്റാൻ പുറത്ത് നിന്നും എത്തിയിരുന്ന തൊഴിലാളികൾ ചോദിക്കുന്ന തൊഴിലവകാശവും, നോക്കുകൂലിയുമാണ്. ലാഭം ലക്ഷ്യമല്ലാത്തത് കാരണം ഇവർക്ക് ഉയർന്ന കൂലി നൽകുവാൻ സാധിക്കില്ലെന്നതാണ് സൗജന്യമായി ഈ സേവനം നൽകുന്നവരുടെ വാദം. തങ്ങൾക്ക് താങ്ങാവുന്ന കൂലി വ്യക്തമാക്കി കരാറുണ്ടാക്കാൻ ഈ പ്രവർത്തകർ ശ്രമിച്ചുവെങ്കിലും അത് ചുമട്ട് തൊഴിലാളികൾ അംഗീകരിച്ചതുമില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ മാലിന്യങ്ങൾ എടുക്കുന്ന ജോലി പെട്ടന്ന് നിർത്താൻ ഇവർക്ക് സാധിക്കില്ല. ഒപ്പം ശേഖരിച്ച് ആഴ്ച്ച തോറും കയറ്റി പോയില്ലെങ്കിൽ സൂക്ഷിക്കാൻ ഗോഡൗണിൽ സ്ഥലമില്ലാതാകും. ഈ ഒരു പ്രശ്നത്തെ എങ്ങിനെ പരിഹരിക്കും എന്നറിയാതെ ഉഴലുകയാണ് ജോലി കഴിഞ്ഞുള്ള സമയത്ത് ഇത്തരമൊരു സേവനം നടത്താനായി മുന്പോട്ട് വന്ന സന്നദ്ധ പ്രവർത്തകർ. 

ഇത്തരം സാമൂഹ്യപ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരും, അതു പോലെ ഉദ്യോഗസ്ഥപടയും എന്ത് നീക്കമാണ് നടത്തുക എന്നത് അറിയാൻ  ഇവർക്കൊപ്പം തന്നെ പൊതുസമൂഹത്തിനും ആഗ്രഹമുണ്ട്. നോക്കിപേടിപ്പിച്ച് കൂലി വാങ്ങുന്ന ഏർപ്പാട് ഏത് കാലത്ത് ഈ നാട്ടിൽ ഇല്ലാതാകുമെന്നും ഞങ്ങൾക്ക് അറിയേണ്ടതുണ്ട് !!  

You might also like

  • Lulu Exchange
  • Straight Forward

Most Viewed