കാഴ്ച്ചയെക്കാൾ വേണ്ടത് ഉൾകാഴ്ച്ച... പ്രദീപ് പുറവങ്കര


കാഴ്ച്ചയും ഉൾകാഴ്ച്ചയും രണ്ടാണ്. ആദ്യത്തേത് നഗ്നമായ നേത്രങ്ങൾ കൊണ്ട് കാണുന്നത്. കാണുന്നതെല്ലാം വിശ്വസിക്കാമെന്ന് തത്വമാണ് ഇതിലൂടെ കണ്ണുകൾ നമ്മോട് പറയുന്നത്. മറ്റൊന്ന് ഉൾകാഴ്ച്ചയാണ്. അനുഭവത്തിന്റെയും പരിചയത്തിന്റെ വെളിച്ചത്തിൽ സൂര്യന് താഴെയുള്ള എന്തിനെ പറ്റിയും മനസ് സമ്മാനിക്കുന്ന തോന്നലുകളും, ചിന്തകളുമാണത്. കാഴ്ച്ചയില്ലാത്തവർ സാധാരണ ഉൾകാഴ്ച്ച കൊണ്ട് വ്യത്യസ്തമായ പലതും ചെയ്യാറുണ്ട്. അത്തരമൊരു കാര്യമാണ് മലയാളത്തിന്റെ പ്രിയപ്പെട്ട ഗായിക വൈക്കം വിജയലക്ഷ്മി ഇന്നലെ നമുക്ക് കാണിച്ച് തന്നത്. 

ശരാശരി മലയാളിയെ സംബന്ധിച്ചിടത്തോളും ജീവിതത്തിൽ പ്രധാനമായും നാല് കാര്യങ്ങളാണ് ചെയ്ത് തീർക്കാനുള്ളത്. പഠനം കഴിഞ്ഞ് ജോലി നേടുക, ജോലി നേടിയാലുടൻ വിവാഹം കഴിക്കുക, വിവാഹം കഴിച്ചാലുടൻ കുട്ടികളായാലും ഇല്ലെങ്കിലും ഒരു വീട് വെയ്ക്കുക, കുട്ടികൾ വളർന്നാൽ അവരെ വിവാഹം കഴിച്ച് അയക്കുക എന്നിവയാണ് ഒരുവന്റെ ജീവിതം ധന്യമാക്കുന്ന നാല് മഹത്തായ കാര്യങ്ങൾ. ഇങ്ങിനെ ചെയ്തവരൊക്കെ പൊതുസമൂഹത്തിൽ മഹാൻമാരാണ്. അല്ലാത്തവർ നയാപൈസയ്ക്ക് കൊള്ളാത്തവരും. ഈ നാല് കാര്യങ്ങളിലും ചില നിഷ്കർഷതകളും നമുക്കുണ്ട്. ജോലിയാണെങ്കിൽ ഏറ്റവും അധികം പണം സന്പാദിക്കാൻ പറ്റുന്നതായിരിക്കണം. വിവാഹമാണെങ്കിൽ നാലാളോട് പറഞ്ഞ് നിൽക്കാൻ പറ്റുന്ന സ്റ്റാറ്റസുള്ളയാളുമായി മാത്രം. വീട് പിന്നെ പറയാനില്ല, ആരായാലും കണ്ടാൽ ഒന്ന് ഞെട്ടണം. പിന്നെ മക്കളെ വിവാഹം കഴിപ്പിക്കുന്പോൾ കൂടെ നിൽക്കാൻ ദുനിയാവിന്റെ ഏതറ്റത്ത് നിന്നും ആളെത്തണം. 

ഇതിൽ ഏറ്റവും പ്രധാനം വിവാഹമാണ്. ഒരു വ്യക്തിയുമായി വിവാഹം നിശ്ചയിച്ചു കഴിഞ്ഞാൽ പിന്നെ ബന്ധനത്തിലായ കിളിയെ പോലെയാണ് പെൺകുട്ടികളിൽ മിക്കവരും പെരുമാറുക. വിവാഹം കഴിയുന്നത് വരേക്കും എന്ത് പ്രശ്നമുണ്ടെങ്കിലും അടങ്ങിയൊതുങ്ങി സഹിച്ച് ക്ഷമിച്ച് കാത്ത് നിൽക്കാനാണ് ഈ പെൺകൊടികളോട് നമ്മുടെ ആൺകോയ്മക്കാർ പറഞ്ഞുപഠിപ്പിച്ചിരിക്കുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായാണ് വൈക്കം വിജയലക്ഷ്മി എന്ന ഗായിക പ്രതികരിച്ചിരിക്കുന്നത്. തന്റേതായ പ്രയത്നം കൊണ്ട് ആർജ്ജിച്ച വിജയമാണ് അവരുടേത്. അന്ധത എന്ന വൈകല്യത്തെ ശബ്ദത്തിന്റെ മാധുര്യം കൊണ്ട് അതിജീവിച്ചവൾ. അവർക്ക് ഒരു വിവാഹാലോചന വന്നപ്പോൾ മലയാളക്കരയാകെ സന്തോഷിച്ചു. സ്വന്തം വീട്ടിലെ അനിയത്തിക്കുട്ടിക്ക് വന്നൊരു സന്തോഷപ്രദമായ കാര്യമെന്ന നിലയിൽ അവൾക്ക് വേണ്ടി ഏവരും പ്രാർത്ഥിച്ചു. പക്ഷെ നിശ്ചയത്തിന് ശേഷം വിവാഹം കഴിക്കാൻ മനസ് കാണിച്ച പുരുഷന് വിവാഹശേഷം താൻ പാടുന്നത് ഇഷ്ടമില്ലെന്ന് മനസിലാക്കിയപ്പോൾ താൻ പോയി വേറെ പണി നോക്കൂ എന്ന് നല്ല രീതിയിൽ പറഞ്ഞ് ആ വിവാഹം വേണ്ടെന്ന് വെയ്ക്കാൻ വിജയലക്ഷ്മി കാണിച്ച ആർജ്ജവത്തെ അഭിനന്ദിക്കാതിരിക്കാൻ ആകുന്നില്ല. 

സമൂഹത്തെ വല്ലാതെ ഭയക്കുന്നവരാണ് മലയാളികൾ. മറ്റുള്ളവർക്കെന്ത് തോന്നും എന്ന ചിന്തയിൽ ജീവിതം തന്നെ പാഴാക്കി കളയുന്നവർ. അതിനിടയിൽ വിജയലക്ഷ്മിയെ പോലെയുള്ളവർ നൽകുന്ന ഇത്തരം പാഠങ്ങൾ വിലമതിക്കാൻ സാധിക്കാത്തതാണ്. ശരാശരി മലയാളിയുടെ യാതൊരു വൈകല്യങ്ങളും ഇല്ലത്തവളാണ് ഈ പെൺകുട്ടി. അവരുടെ ഉൾക്കാഴ്ച്ചയാണ് ശരിയായ കാഴ്ച്ച. ജീവിത പങ്കാളി എന്നാൽ പരസ്പരം ബന്ധിപ്പിക്കുക എന്നല്ല, മറിച്ച് ഒന്നിച്ച് നടക്കലാണെന്നും ആ പ്രഖ്യാപനത്തിലൂടെ അവർ തുറന്നടിച്ചിരിക്കുന്നു. അഭിനന്ദനം, സഹോദരി.. അഭിനന്ദനം !!

You might also like

  • Lulu Exchange
  • Straight Forward

Most Viewed