അല്ലയോ കിട്ടേട്ടാ...
എന്റെ നാട്ടിൽ പണ്ടൊരാളുണ്ടായിരുന്നു. കിട്ടേട്ടൻ എന്നാണ് വിളിച്ചിരുന്നത്. പകൽ വെറും പാവം. നിരുപദ്രവകാരിയായ മനുഷ്യൻ. നല്ല നാടൻ പാട്ടൊക്കെ പാടി പറന്പിലൊക്കെ പണിയെടുക്കാൻ വരും. വൈകുന്നേരം വരെ പണിയെടുത്ത് കൂലിയൊക്കെ സന്തോഷത്തോടെ വാങ്ങി അദ്ദേഹം വീടിനടുത്തുള്ള കള്ളുഷാപ്പിലേയ്ക്ക് പോകും. പിന്നെ അദ്ദേഹത്തിലുണ്ടാകുന്നത് വലിയൊരു രൂപമാറ്റമാണ്. അന്ന് പണിയെടുത്തവരുടെ വീടിന് മുന്പിൽ ചെന്ന് നിന്ന് അദ്ദേഹം പണം കൊടുത്തവരെ പച്ച തെറി വിളിക്കും. കുഞ്ഞായത് കൊണ്ട് പല തെറികളും എനിക്ക് അന്ന് മനസിലായിരുന്നില്ല. വലിയ ഭീഷണികളും തെറിവിളിയോടൊപ്പം ഉണ്ടാകും. ഈ തെറിവിളി കേട്ട് ഒടുക്കം സഹിക്ക വയ്യാതെ വീട്ടുകാർ കിട്ടേട്ടനെ അങ്ങോട്ട് ചീത്ത വിളിച്ചോ, തള്ളിയോ ഒക്കെ അവിടെ നിന്ന് മാറ്റും. പിറ്റേന്ന് കാലത്ത് ഒന്നും സംഭവിക്കാത്തത് പോലെ കിട്ടേട്ടൻ പാട്ടും പാടി തെങ്ങിന് തടമെടുക്കാൻ പിന്നെയും വരും.
ഈ ഒരു സ്വഭാവം പലർക്കുമുണ്ടാകാറുണ്ട്. ബോധമുള്ള അവസ്ഥയിലെ നന്മ നിറഞ്ഞ പെരുമാറ്റവും, ബോധമില്ലായ്മ വരുന്പോൾ സംഭവിക്കുന്ന അഹന്ത നിറഞ്ഞ പെരുമാറ്റവുമായി ഇവർ സമൂഹത്തിന്റെ പുച്ഛം ഏറ്റുവാങ്ങുന്നു. മംഗലാപുരത്ത് മതസൗഹാർദ സമ്മേളനത്തിൽ പോകാൻ തീരുമാനിച്ച കേരള മുഖ്യമന്ത്രിയോട് ഇന്ത്യയിലെ ഒരു ജില്ലയിലും കാല് കുത്താൻ സമ്മതിക്കില്ലെന്ന് കഴിഞ്ഞ ദിവസം ദേശീയ പാർട്ടിയായ ബി.ജെ.പിയുടെ നേതാവായ ഒരു പ്രമുഖ് പറഞ്ഞത് ഏകദേശം കിട്ടേട്ടന്റെ പെർഫോർമൻസ് പോലെയാണെന്ന് പറയാതിരിക്കാൻ വയ്യ. മുഖ്യമന്ത്രിയെന്ന നിലയിൽ കേരളത്തിന്റെ പൊതുസ്വത്താണ് ശ്രീ. പിണറായി വിജയൻ. ആശയങ്ങളിലും ചിന്തകളിലും നിലപാടുകളിലുമൊക്കെ വ്യത്യസ്ഥതകൾ ഉണ്ടാകാം. എന്നാൽ ആ കാരണങ്ങൾ കൊണ്ട് നാടിന്റെ മുഖ്യമന്ത്രിയെ വഴിനടക്കാൻ അനുവദിക്കില്ലെന്ന് പറയുന്നതൊക്കെ വെറും ധാർഷ്ട്യം മാത്രമാണ്.
ജനാധിപത്യത്തിന്റെ ഈറ്റില്ലെമെന്ന് വിശേഷിക്കപ്പെടുന്ന ഇന്ത്യാ മഹാരാജ്യത്ത് എവിടെയൊക്കെ നടക്കണം, എന്തൊക്കെ ചെയ്യണം, എന്ത് ഭക്ഷണം കഴിക്കണം, എന്ത് ധരിക്കണം എന്നൊക്കെ പറയാൻ ചില കിട്ടേട്ടൻമാർ ഉണ്ടായികൊണ്ടിരിക്കുന്ന ഒരു നവലോകത്താണ് നമ്മളൊക്കെഇപ്പോൾ ജീവിക്കുന്നത്. അപ്പോൾ പിന്നെ ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയോടും ഇങ്ങിനെയൊക്കെ പറയുന്നതിൽ അതിശയം തോന്നണമെന്നില്ല. ഇത്തരം പ്രസ്താവനകൾ നടത്തുന്ന കിട്ടേട്ടന്മാർക്ക് നാലാൾ തന്നെ അറിഞ്ഞോട്ടെ എന്നതാണ് ആഗ്രഹവും ആവശ്യവും. പൊട്ടത്തരങ്ങൾ വിളിച്ചുപറഞ്ഞാൽ ചാനലുകാർക്ക് വൈകുന്നേരത്തെ പൊറാട്ടിന് വലിയൊരു മുതൽകൂട്ടാകും. തങ്ങളുടെ മുഖം സിനിമാ ഡയലോഗിനൊടൊപ്പം ഇത്തരം ഹാസ്യപരിപാടികളിൽ കാണിക്കുന്പോൾ വേണ്ടാത്തിടത്ത് ആല് മുളച്ചാൽ അതും തണൽ എന്ന് കരുതുന്നവരും ഏറെ. അതേസമയം മുൻകാലങ്ങളിൽ പല മുഖ്യമന്ത്രിമാരെയും വഴിതടഞ്ഞ ചരിത്രമുള്ള പാർട്ടിയാണ് സി.പി.എം എന്നതും ഈ നേരത്ത് ഓർക്കേണ്ടത് തന്നെയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കണ്ണൂരിൽ നിന്ന് കല്ലേറ് കിട്ടിയിട്ട് അധികം കാലമായിട്ടില്ല.
രാഷ്ട്രീയകക്ഷികൾ ആരായാലും തന്നെ വഴിതടയലും, ഭീഷണിയുമൊന്നുമല്ല ജനസേവനത്തിനുള്ള മാർഗം എന്ന് എല്ലാവരും ഒരു പോലെ തിരിച്ചറിയണം. നിലപാടുകളും ആശയങ്ങളും വ്യക്തമാക്കേണ്ടത് കൈയ്യൂക്കിന്റെ ബലത്തിൽ അല്ല. അതിന് വേണ്ടത് തെളിഞ്ഞ ചിന്തയും, വിശാലമായ കാഴ്ചപ്പാടുകളുമാണ്. അല്ലാതെ കിട്ടുന്ന വേദികളിൽ കയറി തോന്നുന്നത് പറഞ്ഞാൽ ജനനേതാവാകില്ല എന്ന് തീർച്ച!!