ആർക്കാണ് ഹേ മനുഷ്യാവകാശം...


ഒരു ജനതയെ ദിവസങ്ങളോളം മുൾമുനയിലാക്കി ഇരുട്ടിന്റെ മറവിൽ ഒളിഞ്ഞിരുന്ന സമൂഹത്തിലെ നികൃഷ്ടജീവിയായ ഒരു ഗുണ്ടയെ കോടതിവളപ്പിൽ നിന്ന് പോലീസ് പിടികൂടിയതിൽ രോക്ഷം കൊള്ളുന്ന മനുഷ്യവാകാശ പ്രവർത്തകൻമാരോട് ഒരു ചോദ്യം. ഈ നാട്ടിൽ ആർക്കാണ് ഹേ നിങ്ങൾ ഈ പറയുന്ന മനുഷ്യാവകാശം ഉള്ളത്? 

അന്തി മയങ്ങി കഴിഞ്ഞാൽ പാതയോരത്ത് തനിയെ നടക്കാൻ പോലും ഭയക്കുന്ന അമ്മ പെങ്ങൻമാർക്കോ,  കൂട്ടുക്കാരിയുടെ കൈയും പിടിച്ച് ജീവിത സ്വപ്നങ്ങൾ നെയ്യാൻ കടലോരത്ത് പോകുന്ന പ്രണയിതാവിനോ, ഹർത്താൽ എന്ന് ഏതെങ്കിലും ഒരുത്തൻ വിളിച്ച് പറഞ്ഞാൽ വീട്ടിന് വെളിയിലേക്ക് പോകാൻ പോലും ധൈര്യം കാണിക്കാത്ത സാധാരണക്കാർക്കോ, അതോ എന്താണ് ഈ ചേട്ടൻ തന്നെചെയ്യുന്നതെന്ന് പോലും തിരിച്ചറിയാൻ സാധിക്കാതെ ലൈംഗിക പീഡനങ്ങൾക്ക് ഇരയായി വാവിട്ട് കരയുന്ന കുഞ്‍ഞുപൈതങ്ങൾക്കോ? ഇതിൽ ആർക്കാണ് ഹേ ഇവിടെ മനുഷ്യവകാശം ലഭിക്കുന്നത്. മനുഷ്യന്റെ എല്ലാ അവകാശങ്ങളും ഓരോ നിമിഷവും ലംഘിക്കപ്പെടുന്ന ഒരു നാട്ടിൽ ഇങ്ങിനെ വിവരമില്ലായ്മ വിളിച്ച് പറയുന്പോൾ നാണമാകുന്നില്ലേ പ്രിയ മനുഷ്യാവകാശ പ്രവർത്തകാ എന്ന് ചോദിച്ചു പോയാൽ എന്താണ് തെറ്റ്? 

ദൈവത്തിന്റെ സ്വന്തം നാട് ജീർണിച്ച അവസ്ഥയിലായിട്ട് കാലം കുറേയായി. മനസിനും, ശരീരത്തിനും ഒരു പോലെ മദമിളകിയ ചില നരഭോജികൾ ഈ നാടിനെയും നാട്ടുക്കാരെയും പൂച്ച എലിയെ തട്ടുന്നത് പോലെ തട്ടി രസിക്കുകയാണ്.  വൈകുന്നേരം കിടന്നുറങ്ങാൻ പോകുന്ന നേരത്ത് ഒന്ന് രണ്ട് ബലാത്സംഗം, കൊലപാതകം, ക്വട്ടേഷൻ തുടങ്ങിയ വിശേഷങ്ങൾ അറിഞ്ഞില്ലെങ്കിൽ മലയാളിക്ക് ഉറക്കം വരാത്ത സ്ഥിതിയായിരിക്കുന്നു. മയക്ക് മരുന്നിന് അടിമപ്പെട്ടവനെ പോലെ കിക്ക് കിട്ടണമെങ്കിൽ ഇത്തരം വാർത്തകളും, ദൃശ്യങ്ങളും നമുക്ക് വേണം.  സൂപ്പർസ്റ്റാറുകളുടെ സിനിമകളെ പോലെയുള്ള എൻ്റെർടെയിനറാണ് ഇത്. ഏതൊരു അക്രമത്തിലും ഗുണ്ടകളൊക്കെ രണ്ട് ദിവസം മാത്രമേ പ്രതിസ്ഥാനത്ത് ഉണ്ടാകൂ. പിന്നെ അവർ സമൂഹത്തിന്റെ സഹതാപം പിടിച്ച് പറ്റിക്കോളും. അല്ലെങ്കിലും ആർക്കാ ഇവിടെ അബദ്ധം പറ്റാത്തത് എന്നാവും സമൂഹം പിന്നീട് ചോദിക്കുന്നത്. ക്രിമിനലുകൾ പുണ്യവാളന്മാരും, സെലിബ്രിറ്റികളും ആയി രൂപാന്തരപ്പെടുന്പോൾ അക്രമിക്കപ്പെടുന്നവർ പതിയെ വില്ലൻമാരും, ആർക്കും വേണ്ടാത്തവരുമായി തീരും. അവൾ അന്ന് അങ്ങിനെ രാത്രി പോയത് കൊണ്ടല്ലെ അവൻ അങ്ങിനെയൊക്കെ ചെയ്ത് പോയത് എന്ന  രീതിയിലാകും സദാചാരകമ്മിറ്റിക്കാരുടെയും പിന്നീടുള്ള വാദം. 

സത്യത്തിൽ വേട്ടക്കാരോടൊപ്പം നിൽക്കുന്നവരാണ് നമ്മുടെ നാട്ടിൽ ഭൂരിഭാഗം പേരും. കാരണം ഈ നാട്ടിൽ അവർക്ക് മാത്രമേ നിലനിൽപ്പുള്ളൂ എന്ന് കാലം പലതവണ തെളിയിച്ചിരിക്കുന്നു. അവന്റെ കൂടെ മനുഷ്യനെ പച്ചയ്ക്ക് തിന്നാനും പങ്കിടാനും സാധാരണക്കാരനും ശീലിക്കപ്പെട്ടിരിക്കുന്നു. ലോകം എത്രയോ പുരോഗമിച്ചിട്ടും, ഇന്നും തോളിൽ കൈയിട്ട് ഒരാണും പെണ്ണും നടന്നു പോയാൽ നെറ്റി ചുളിക്കുന്നവരാണ് പ്രബുദ്ധ മലയാളികളിൽ വലിയൊരു വിഭാഗവും. അങ്ങിനെ ചുളിച്ചാൽ ഉടനെ ചെന്ന് ആത്മാഹുതി നടത്തുന്ന പാവങ്ങളും ഈ നാട്ടിലുണ്ടെന്ന്  നമ്മളറിയുന്നു. ഇതിനൊക്കെ ഇടയിലും ഒറ്റപ്പെട്ട ചില തുരുത്തുകൾ മാത്രം ഇന്നും വാവിട്ട് നിലവിളിക്കുന്നുണ്ട്. അവർ വെറും മനുഷ്യാവകാശ പ്രവർത്തകർ മാത്രമല്ല. മറിച്ച് ഭ്രാന്തമായ ഈ നാടിന്റെ തലയിൽ നെല്ലിക്കാത്തളം വെക്കാൻ ശ്രമിക്കുന്നവർ കൂടിയാണ്. അത്തരം നല്ല മനുഷ്യർ ഈ നാട്ടിൽ ഉണ്ടാകണമേ എന്ന് ആഗ്രഹിച്ചു കൊണ്ട്...

You might also like

Most Viewed