ആടിനെ പട്ടിയാക്കുന്പോൾ...
ഒരു ജോലി എന്നാൽ ഒരു വലിയ ഉത്തരവാദിത്വം കൂടിയാണെന്ന് പറയാറുണ്ട്. ഈ ഉത്തരവാദിത്വം നന്നായി നിറവേറ്റുന്നതിന്റെ ഭാഗമായി ഓരോ ജോലിക്കും അതിന്റേതായ ചിട്ടവട്ടങ്ങളും, ക്രമീകരണങ്ങളും, നടപടിക്രമങ്ങളും, നിയമങ്ങളും ഉണ്ടാകും. മാധ്യമപ്രവർത്തനവും അത്തരമൊരു ജോലിയാണ്. അച്ചടിമാധ്യമങ്ങളിൽ തുടങ്ങി നിയമപരമായ രീതിയിൽ പ്രവർത്തിക്കുന്ന ശ്രവ്യ, ദൃശ്യമാധ്യമങ്ങൾ ഇന്ന് അനേകം നമ്മുടെ ചുറ്റുപാടുമുണ്ട്. ഇതിന് പുറമേ ന്യൂ ജനറേഷൻ മാധ്യമങ്ങളെന്ന രീതിയിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഓൺലൈൻ സൈറ്റുകളും, ഫേസ് ബുക്ക് പേജുകളും, വാട്സാപ്പ് ഗ്രൂപ്പുകളും നമുക്ക് ചുറ്റും ദിനവും നിറഞ്ഞുകവിയുന്നു.
സോഷ്യൽ മീഡിയ സജീവമായതോടെ ഒന്നും ഒളിച്ചു വെയ്ക്കാൻ സാധ്യമല്ലാതായിരിക്കുന്നുവെന്ന് പലരും പറയാറുണ്ട്. ഇതിൽ കുറേ വാസ്തവമുണ്ടെങ്കിലും ആടിനെ പട്ടിയാക്കാനും സോഷ്യൽ മീഡിയകൾക്ക് സാധിക്കുമെന്നത് സമീപകാല വാർത്തകൾ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ചെയ്യാത്ത കുറ്റത്തിന് നമുക്കിഷ്ടമില്ലാത്ത ഒരാളെ വേണമെങ്കിൽ സോഷ്യൽ മീഡിയയിലൂടെയും ഓൺലൈൻ സൈറ്റുകളിലൂടെയും പഴിചാരാം. അത് തെറ്റാണെന്ന് കണ്ടാൽ ആരുമറിയാതെ ആ വാർത്ത ഒഴിവാക്കാം. പക്ഷെ വാർത്ത പ്രചരിച്ച കുറഞ്ഞ നേരം കൊണ്ട് തന്നെ ഒരു വ്യക്തിയുടെജീവിതത്തിൽ അത്യാവശ്യം കറയൊക്കെ തേച്ച് പിടിപ്പിച്ചിട്ടുണ്ടാകും. കറ ബാധിച്ചയാൾക്ക് വ്യാജ വാർത്ത പ്രചരിപ്പിച്ചയാൾക്കെതിരെ ഒന്നും ചെയ്യാനും സാധിക്കില്ല.
അതേസമയം പ്രഖ്യാപിതമായ രീതിയിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങളിൽ സ്ഥിതി ഇതല്ല. അവർക്ക് വരുംവരായ്കകളെ പറ്റിയും സ്ഥാപനത്തെ പറ്റിയും ആലോചിക്കേണ്ടി വരുന്നു. വാർത്തകളിൽ കുറ്റം ആരോപിക്കപ്പെട്ടവരുടെ പേര് വെക്കാതെ റിപ്പോർട്ടുകൾ വരുന്പോൾ അതിനെതിരെ പ്രിയ വായനക്കാരുടെ രോക്ഷാഗ്നി തിളയ്ക്കുന്പോഴും ക്ഷമയോടെ പതിയെ സത്യം തുറന്ന് പറയാൻ തന്നെയാണ് ഭൂരിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത്. പ്രമുഖ കന്പനി എന്നോ പ്രമുഖ വ്യക്തി എന്നോ വെച്ച് വാർത്തകൾ വരുന്പോൾ തങ്ങളുടെ മുന്പിൽ ഈ മാധ്യമം എന്തോ ഒളിച്ചുവെക്കുന്നുണ്ടെന്ന് വായനക്കാരന് തോന്നി പോകുന്നതിലും കുറ്റം പറയാനില്ലെങ്കിലും ഈ പേരുകൾ തെളിച്ചു പറയാൻ ഭൂരിഭാഗം പത്ര, ദൃശ്യ മാധ്യമങ്ങളും മടി കാണിക്കുന്നതിന് പല കാരണങ്ങളും ഉണ്ട്. അതിൽ ഏറ്റവും പ്രധാനം നിയമപരമായ വിലക്കുകൾ തന്നെയാണ്. പ്രത്യേകിച്ച് ബഹ്റിനിൽ കോടതിയുടെ മുന്പാകെ നിലനിൽക്കുന്ന കേസാണെങ്കിൽ അതിൽ ഉൾപ്പെട്ടിരിക്കുന്ന വാദിയുടെയോ, പ്രതിയുടെയോ പേര് വെളിപ്പെടുത്താൻ മാധ്യമങ്ങൾക്ക് അവകാശമില്ല. കേസ് തീർപ്പായതിന് ശേഷം മാത്രമേ പേരുകൾ ഉപയോഗിക്കാൻ പാടുള്ളൂ. ഒരു പരാതി മാത്രം ലഭിച്ചത് കൊണ്ട് ഒരാളെ കുറ്റക്കാരനായി വിധിക്കാൻ മാധ്യമങ്ങൾക്ക് സാധിക്കില്ല എന്ന തത്വത്തിന്റെ ഭാഗമായാണ് ഈ തീരുമാനം ഇവിടെ നടപ്പിലാക്കുന്നത്. നമ്മുടെ നാട്ടിലും ഇതേ അവസ്ഥ നിലനിൽക്കുന്നുണ്ട്. ഇത് മനസിലാക്കാതെ പ്രതികരിക്കുന്നവരാണ് വലിയൊരു വിഭാഗം വായനക്കാരും. എന്നാൽ ചിലർ ഇതൊക്കെ അറിഞ്ഞിട്ടും വെറുതെ അലമുറയിടും. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ഉൾപെട്ട പ്രമുഖ നടിയുടെ പേര് വെളിപ്പെടുത്താത്തതിന് വല്ലാതെ അരിശം പൂണ്ടിരിക്കുന്ന ഉശിരുളള നല്ല സഹോദരൻമാരിൽ ചിലർ ഇങ്ങിനെയാണ്. പ്രതികരിച്ച് തളരുന്പോൾ പ്രമുഖ നടിയുടെ ക്ലിപ്പുകൾ ലീക്കായോ എന്ന് അറിയാൻ സ്വന്തം വാട്സാപ്പ് മെസേജുകൾ ഇടക്കിടെ ഇവർ തുറന്ന് നോക്കും, ആണത്തത്തിന്റെ ഈ പുതിയ രൂപങ്ങളോട് ഒരു നല്ല സലാം എന്നല്ലാതെ എന്ത് പറയാൻ.. !!