വറ്റിവരണ്ട് കേരളം...


കേരളം വരളുന്നു എന്ന യാഥാർ‍ത്ഥ്യത്തെ ഓരോ മലയാളിയും വേദനയോടെ പതിയെ തിരിച്ചറിയേണ്ട കാലമാണിത്. നാടും നഗരവും ഒരുപോലെ ദാഹിച്ചു തുടങ്ങിയിരിക്കുന്നു. കിണറുകളും, തോടുകളും, പുഴകളുമൊക്കെ അന്ത്യശ്വാസം വലിച്ചു തുടങ്ങിയിരിക്കുന്നു. ഇതു പോലെയാണ് മുന്പോട്ട് പോകുന്നതെങ്കിൽ ഇത്തവണ വേനൽ മലയാളിക്ക് കഠിനം തന്നെയായി മാറുമെന്നതും ഉറപ്പ്. കഴിഞ്ഞ ദിവസം ഒരു യാത്രക്കിടെ ഭാരതപുഴ കാണാനിടയായി. ഒരു നൂല് പോലെ മെലിഞ്ഞുണങ്ങിയിരിക്കുന്നു കേരളത്തിന്റെ ഈ അഹങ്കാരം.നാട്ടിലെ മറ്റ് നദികളുടെയും അവസ്ഥ മറ്റൊന്നാകില്ല. 

ജീവന് ജലം ഏറ്റവും പ്രധാന്യമുള്ളതാണെന്ന് അറിയാത്തവരല്ല നമ്മുടെ അധികാരികൾ. കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെയും കടന്ന് എന്ന് എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്ന ഭരണാധികാരികൾ പക്ഷെ ജീവജലത്തിന്റെ കാര്യത്തിൽ മാത്രം എന്തേ ശുഷ്കാന്തി കാണിക്കാത്തത് എന്നത് ചിന്തിക്കേണ്ട കാര്യമാണ്. നമ്മുടെ നാട്ടിൽ മഴ ലഭിക്കാത്തത് മാത്രമല്ല ഈ ദുരവസ്ഥയ്ക്ക് കാരണം. ലഭിക്കുന്ന മഴയെ ശരിയായി സംഭരണം ചെയ്യാൻ‍ സാധിക്കാതെ വരുന്പോഴാണ് വേനലെത്തുന്പോൾ വിയർ‍ത്തുപോകാൻ‍ ഇടവരുന്നത്. നാഴികയ്ക്ക് നാൽ‍പ്പത് വട്ടം കവല പ്രസംഗം നടത്തുന്ന രാഷ്ട്രീയ നേതാക്കൾ‍ക്ക് ഈ വിപത്തിനെ പറ്റി മാത്രം മിണ്ടാട്ടമില്ല. കോള കന്പനികൾ‍ക്ക് ഇന്നും ഭൂമി തീറെഴുതി കൊടുക്കാനാണ് ഇടതിനും, വലതിനൊക്കെ ഒരു പോലെ താത്പര്യം. 

മരുഭൂമിയായ ഗൾ‍ഫ് രാജ്യങ്ങളിൽ ജീവിക്കുന്പോൾ അത്ഭുതത്തോടെ അവിടെ നടക്കുന്ന ജലവിതരണത്തെ നോക്കികാണുന്നവരാണ് ഓരോ പ്രവാസിയും. ഒരു തുള്ളി പോലും ഭൂഗർ‍ഭ ജലമില്ലാത്ത, ശുദ്ധജലം ലഭിക്കാത്ത അത്തരം ഇടങ്ങളിൽ പൈപ്പുകളിൽ പോലും നല്ല തെളിമയാർ‍ന്ന വെള്ളം ലഭിക്കുന്പോൾ 42 നദിയൊഴുകുന്ന കേരളത്തിലെ മലയാളികൾ കുടിവെള്ളം കിട്ടാതെ അലഞ്ഞുതിരിയുന്ന അവസ്ഥ എത്രമാത്രം ലജ്ജാകരമാണ്. മുന്പൊക്കെ കാടെവിടെ മക്കളെ എന്നൊക്കെ പാടി ആവേശത്തിലാഴ്ത്തിയ പരിസ്ഥിതിവാദികൾ ഇന്ന് സ്റ്റുഡിയോ മുറികളിലെ ശീതീകരണ സുഖത്തിൽ നിന്ന് പുറത്തിറങ്ങാനും ആഗ്രഹിക്കുന്നില്ല. അവർ‍ക്കും വയ്യ വെയിൽ കൊള്ളാൻ‍. പുതിയ തലമുറയാണെങ്കിൽ സാങ്കേതികതയുടെ പിന്നാലെ പായുന്നു.

സങ്കടകരമാണ് ഈ അവസ്ഥ. സമയം മുന്പോട്ട് പോകുംതോറും നമ്മളും ആശ്രയിക്കേണ്ടി വരും കടൽ വെള്ളത്തിനെ. അതിനെ ശുദ്ധികരിച്ച് കുടിവെള്ളമാക്കുന്ന നാളുകൾ ഏറെ അകലയല്ല. എറണാകുളം പോലെയുള്ള നഗരങ്ങളിൽ കുടിവെള്ളവുമായി ഇപ്പോൾ തന്നെ ടാങ്കർ ലോറികൾ ചീറിപ്പായുന്നുണ്ട്. ഗ്രാമാന്തരങ്ങളിലും അത് പതിവ് കാഴ്ച്ചയാകുമെന്നുറപ്പ്.

You might also like

Most Viewed