മക്കളെ, വേണ്ട ഈ കടുംകൈ


പ്രദീപ് പുറവങ്കര 

പ്രവാസലോകത്ത് ജീവിനൊടുക്കുന്നത് പുതിയൊരു വാർത്തയല്ല. ആശനിരാശകളുടെ വേലിയേറ്റത്തിലും വേലിയിറക്കത്തിലും കടിഞ്ഞാൺ നഷ്ടപ്പെട്ട പട്ടം പോലെ മനസ് വേവലാതിപ്പെടുന്പോൾ മരണത്തെ പുൽകുന്നതാണ് ജീവിതത്തോട് ചെയ്യാൻ സാധിക്കുന്ന ഏറ്റവും വലിയ നീതി എന്ന അബദ്ധതീരുമാനം ചിലർ എടുത്തുപോകുന്നു. കരകാണാകടലും കടന്ന് മോഹത്തിന്റെ പൂവഞ്ചി തുഴഞ്ഞെത്തിയിട്ടും ജീവിതം ഒരു കരക്കെത്താതിരിക്കുന്പോൾ മനസ് കാണിക്കുന്ന വെപ്രാളവും ഇതിന് കാരണമാകുന്നു. തന്നെ ഒന്ന് കേൾക്കാൻ പോലും ആരും ഇല്ലാതെയാകുന്പോൾ പിന്നെയെന്തിനീ ജീവിതം എന്ന തോന്നലിൽ സീലിങ്ങ് ഫാനിൽ ടീബാഗ് പോലെ കെട്ടിതൂങ്ങിയാടി പലരും ജീവിതനാടകത്തിന് തിരശീലയിടുന്നു. അതേസമയം ലോകം കണ്ടും മനസിലാക്കിയും കുറേ കാലം ഇവിടെ ജീവിച്ചവർ ഇത്തരമൊരു തീരുമാനമെടുക്കുന്നതിനേക്കാൾ എത്രയോ സങ്കടകരമാണ് കുഞ്ഞിചിറകുകളുമായി ഈ ലോകത്തിന്റെ സുന്ദരമായ ആകാശത്തിലേയ്ക്ക് പറന്നയുരുന്നതിന് മുന്പേ ജീവിതം വേണ്ടെന്ന് വെച്ച് വിടവാങ്ങുന്ന ചിത്രശലഭങ്ങൾ നമുക്ക് നൽകുന്നത്. പഠനം പീഡനമാകുന്പോൾ, എതിർക്കാൻ ശക്തിയില്ലാതാകുന്പോൾ  ജീവനൊടുക്കാൻ കുഞ്ഞുമക്കൾ ഈ കാലത്തും ചിന്തിക്കുന്നുവെങ്കിൽ നമ്മുടെ നേർക്കല്ലാതെ പിന്നെ ആരുടെ നേർക്കാണ് നാം വിരൽ ചൂണ്ടേടത്. 

മാതാപിതാക്കൾ, അധ്യാപകർ, ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങിയ സമൂഹം തുടങ്ങി ഒരു വിദ്യാർത്ഥിക്ക് അമിതമായ സമ്മർദ്ധം നൽകാൻ ധാരാളം പേർ അവർക്ക് ചുറ്റും ഇന്ന് റാകിപറക്കുന്നുണ്ട്. പഠിക്കൂ പഠിക്കൂ എന്ന സ്ഥിരം പല്ലവിയല്ലാതെ മറ്റൊന്നും കേൾക്കാൻ ഇല്ലാതെ തനി യന്ത്രമനുഷ്യരെ പോലെ ജീവിക്കേണ്ടി വരുന്ന ഈ കുട്ടികളുടെ അവസ്ഥ  കോൺസെൻട്രേഷൻ ക്യാന്പിൽ കഴിയുന്ന തടവ് പുള്ളികളെക്കാൾ ഏറെ കഷ്ടമാണ് എന്നതാണ് സത്യം. തോൽവി എന്ന വാക്ക് തന്നെ അരോചകമാണ് നമുക്ക്. കേൾക്കാൻ ഇഷ്ടമില്ലാത്ത, വെറുക്കുന്ന വാക്കായി അത് ഏറെ ബാല്യത്തിൽ തന്നെ തലച്ചോറിനുള്ളിൽ ഫീഡ് ചെയ്യപ്പെടുന്നു. ജയിക്കാൻ വേണ്ടി മാത്രം ജനിച്ചവനാണ് നീയെന്ന് ഓരോ നിമിഷവും ഈ ലോകം എല്ലാവരെയും ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു. തോൽക്കുക എന്നാൽ മരണമെന്നാണെന്നും നമ്മൾ തെറ്റിദ്ധരിക്കുന്നു. പത്താം ക്ലാസും, പന്ത്രണ്ടാം തരവും, എൻട്രൻസുമൊക്കെ നമ്മൾ മനുഷ്യർ സൃഷ്ടിച്ച ചില അളവ് കോലുകൾ മാത്രമാണെന്ന് തുറന്ന് പറയാൻ ഇത്തരമൊരു ലോകത്ത് ആർക്കാണ് ധൈര്യം. പരീക്ഷകളിൽ ഒന്ന് തട്ടി വീണുപോയാലൊന്നും ജീവിതം കൈവിട്ട് പോകില്ലെന്ന് എപ്പോഴാണ്, ആരാണ് ഈ കുട്ടികളെ പറഞ്ഞു മനസിലാക്കുക. 

പ്രവാസലോകത്തെ പല കുട്ടികൾക്കും നഷ്ടമാകുന്നത് പ്രധാനമായും ഒരു അപ്പൂപ്പനെയും അമ്മൂമ്മയെയുമാണ്. മാതാപിതാക്കളുടെയും തങ്ങളുടെയും ഇടയിൽ മനസ് ഒന്ന് തുറക്കാൻ, ചിരിക്കാൻ, പൊട്ടിക്കരയാൻ, സ്വപ്നങ്ങൾ പങ്ക് വെയ്ക്കാൻ  ഒരു മധ്യവർത്തി ഇല്ലാത്തത് ഇവിടെ കുഞ്ഞുങ്ങളെ ഏറെ വേദനിപ്പിക്കുന്നുണ്ട് എന്ന കാര്യം കൗൺസിലിങ്ങ് രംഗത്ത് കുറച്ച് കാലം പ്രവർത്തിച്ചപ്പോൾ മനസിലാക്കിയ കാര്യമാണ്. ഈ കുഞ്ഞുമനസുകളുടെ ആശങ്കകളും, വിഹല്വതകളും പലപ്പോഴും പ്രവാസി മാതാപിതാക്കൾക്ക് പൊട്ടത്തരങ്ങളാണ്. അതുകൊണ്ട് തന്നെ കുട്ടികൾക്ക് തങ്ങളുടെ കാര്യം പറയേണ്ടി വരുന്നത് ഡ്രൈവറങ്കിളിനോടും, കോൾഡ് സ്റ്റോറ്‍ മാമനോടും, സെക്യൂരിറ്റി ചേട്ടനോടുമാണ്. അവരുടെ ഭൂമിയും ആകാശവും ഒക്കെ ഒരു കോംപൗണ്ടിന്റെ അകത്തളങ്ങളിലോ, വാരാന്ത്യങ്ങളിൽ സാധനം വാങ്ങാൻ പോകുന്ന മാളിന്റെ കോട്ടമതിലിനകത്തോ, അൽപ്പനേരം ഓടികളിക്കാൻ പറ്റുന്ന ചെറിയ പാർക്കുകളിലോ ഒതുങ്ങി പോകുന്നു. 

ഇതിനൊന്നും ആരെയും കുറ്റം പറയാൻ പറ്റില്ല കാരണം നമ്മളോരുത്തരും കുറ്റവാളികളാണ്. ഓരോ നിമിഷവും നമ്മൾ ഈ കുറ്റങ്ങൾ ചെയ്തു തന്നെ ജീവിക്കുന്നു. എങ്കിലും മക്കളെ, വേണ്ട ഈ കടുംകൈയെന്ന് മാത്രം ഓർമ്മിപ്പിച്ചു കൊണ്ട്...

You might also like

Most Viewed