എല്ലാം ശരി­യാ­ക്കു­ന്പോ­ൾ


പ്രദീപ് പുറവങ്കര 

കേരളത്തിൽ‍ വിവിധ ജയിലുകളിൽ കിടക്കുന്ന 1850 കുറ്റവാളികളെ വിട്ടയക്കാനുള്ള കേരള ഗവർമെന്റിന്റെ അപേക്ഷ ബഹുമാനപ്പെട്ട കേരള ഗവർണർ പി. സദാശിവം ഒപ്പു വെക്കാതെ തിരിച്ചയച്ചുവെന്ന വാർ‍ത്ത ഇടതുപക്ഷ സർ‍ക്കാരിനെ പ്രതികൂട്ടിൽ‍ നിർ‍ത്തുന്ന ഒന്നാണ്. ബലാത്സംഗം, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ലൈംഗികാതിക്രമങ്ങൾ, മയക്കു മരുന്നു കേസുമായി ബന്ധപ്പെട്ട്‌ ശിക്ഷിക്കപ്പെട്ടവർ, രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടവർ‍, വിവിധ കുറ്റകൃത്യങ്ങളുടെ പേരിൽ ശിക്ഷിക്കപ്പെട്ടവർ എന്നിവരായിരുന്നുവത്രെ ഈ ലിസ്റ്റിൽ‍ ഉണ്ടായിരുന്നത്. നിയമകാര്യ സെക്രട്ടറിയുടെ അംഗീകാരം വേണമെന്നിരിക്കെ അതില്ലാതെയാണ് ഈ ഫയൽ ഗവർണർക്ക്‌ അയച്ചതെന്നും മനസിലാക്കുന്നു. 

ഇത്തരമൊരു തീരുമാനത്തിന് കേരള സർ‍ക്കാരിനെ പ്രേരിപ്പിച്ചത് എന്തായിരിക്കാം എന്ന് മനസിലാകുന്നില്ല. പിശാചുകളെ പോലെ പെരുമാറുന്ന മനുഷ്യരുടെ എണ്ണം വർ‍ദ്ധിക്കുന്ന ഈ നാട്ടിൽ‍ വളരെ ബുദ്ധിമുട്ടിയാണ് ഒരു കുറ്റവാളിയെ നിയമം ജയിലിൽ‍ എത്തിക്കുന്നത്. അങ്ങിനെ എത്തിയവരെ ഒരു ബുദ്ധിമുട്ടും കൂടാതെ പുറത്ത് എത്തിക്കാൻ ഒരു ജനകീയ സർ‍ക്കാർ‍ ശ്രമിക്കുന്പോൾ‍ ക്വട്ടേഷൻ സംഘതലവന്മാരുടെ അവസ്ഥയിലേയ്ക്ക് അവർ‍ തരംതാഴുന്നു എന്നു തന്നെ പറയേണ്ടിവരും. ഇത്തരമൊരു തീരുമാനത്തെ എതിർ‍ക്കുവാനും അതിനെ തിരിച്ചയക്കാനും നട്ടെല്ല് കാണിച്ച ഗവർ‍ണറെ അഭിനന്ദിക്കേണ്ടതുണ്ട്. സാധാരണ പല്ല് കൊഴിഞ്ഞ സിംഹങ്ങളെയാണ് കേരളത്തിൽ‍ ഗവർ‍ണറായി ലഭിക്കാറുള്ളത്. ഒതുക്കി മൂലക്കിരുത്താനുള്ള പോസ്റ്റായിട്ടാണ് ഇതിനെ കണ്ടു പോരുന്നതും. അതിൽ‍ നിന്ന് വ്യത്യസ്തനാകാൻ ശ്രീ. പി. സദാശിവത്തിന് സാധിച്ചിരിക്കുന്നു. നിയമവ്യവസ്ഥയെപറ്റിയുള്ള അറിവും അദ്ദേഹത്തിന് ഈ തീരുമാനമെടുക്കാൻ സഹായകരമായിട്ടുണ്ടാകാം.

നമ്മുടെ നാട്ടിൽ‍ ഓരോ തവണയും കുറ്റകൃത്യങ്ങൾ‍ അരങ്ങേറുന്പോൾ‍ രാഷ്ട്രീയ നേതൃത്വങ്ങളും സർ‍ക്കാരും നൽ‍കുന്ന പൊള്ളയായ വാഗ്ദാനങ്ങളെ ഇതോടൊപ്പം ചേർ‍ത്തു വായിക്കുന്പോഴാണ് നമ്മളൊക്കെ പെട്ടുപോയിരിക്കുന്ന അധോലോകത്തെ പറ്റി തിരിച്ചറിയുക. ഇരകളോട് പറയുന്ന അതേ ആശ്വാസ വാക്കുകൾ‍ വേട്ടക്കാരോടും ഈ സംരക്ഷകർ‍ പറയുന്പോൾ‍ പാവം പൊതുജനം ആരെ വിശ്വസിക്കണമെന്നറിയാതെ നെട്ടോടം ഓടുന്നു. എല്ലാം ശരിയാക്കി വരുന്പോൾ‍ ഈ നാട് ബാക്കിയാകണമെന്ന പ്രാർ‍ത്ഥനയോടെ....

You might also like

  • Lulu Exchange
  • Straight Forward

Most Viewed