നാ­ണമാ­കു­ന്നി­ല്ലെ­... പ്രദീപ് പുറവങ്കര


പരിചയത്തിൽ പെട്ട ഒരു പെൺ‍കുട്ടി സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്നു കേൾക്കുന്പോൾ ഈ ഉത്തരാധുനിക കാലത്തും മിക്ക മലയാളികൾക്കും തോന്നുന്ന അബദ്ധമായ ഒരു ധാരണയാണ് ആ കുട്ടി എന്തോ വലിയ ആപത്തിൽ പെട്ടുപോയെന്ന്. സിനിമയിലൂടെ എത്ര തന്നെ പ്രശസ്തയായാലും ഏത് കാലത്തും പൊതുസമൂഹം പലപ്പോഴും അവർക്ക് മറ്റൊരു മുഖവും സമ്മാനിക്കുന്നു. അതു കൊണ്ട് തന്നെ സിനിമ നടികൾക്കെതിരെ എന്ത് തരം പീഢനവും നടന്നാലും കപടസദാചാരത്തിന്റെ അപ്പോസ്തലമാരായ നമ്മളിൽ പലരും  ഉള്ളിൽ അടക്കം പറയും, ഓ അതിനെന്താ... അവർ‍ക്ക് ഇതൊക്കെ ശീലമല്ലേ എന്ന്. 

നാണമാകുന്നു ഹേ, പീഢിപ്പിക്കപ്പെടുന്നവരെ പോലും രണ്ട് തട്ടിലാക്കി കമന്റിടുന്ന മലയാളിയുടെ ധർമ്മബോധം കാണുന്പോൾ. നടിയായാലും, അവർ മറ്റെന്തായാലും അക്രമം നടക്കുന്നത്് ഒരു സ്ത്രീയുടെ നേരെയാകുന്പോൾ മനുഷ്യനെന്ന നിലയിൽ പ്രതികരണം കുറേകൂടി പക്വതയോടെയാകാമെന്ന് പലപ്പോഴും നാം മറന്നു പോകുന്നു.  കൊച്ചി എന്ന മഹാനഗരത്തിൽ ജനം തിങ്ങി താമസിക്കുന്ന ഇടങ്ങളിലെ നിരത്തുകളിൽ ഒരു സ്ത്രീയെ  അതു പ്രശസ്തയായ ഒരു അഭിനേത്രിയെ കുറച്ചാണുങ്ങൾ എന്ന് പറയുന്ന ഷണ്ഠമാർ പീഡിപ്പിക്കുന്പോഴും നമ്മൾ എങ്ങിനെയാണ്  ഇത് ദൈവത്തിന്റെ സ്വന്തം രാജ്യമാണെന്ന് വീണ്ടും വീണ്ടും പറഞ്ഞുതുള്ളുന്നത്. ഓരോ പീഢനവും ഇങ്ങിനെ ഇന്നാട്ടിൽ അരങ്ങേറുന്പോൾ‍ അതൊക്കെ സ്വന്തം നെഞ്ചിന് നേരെ ചൂണ്ടുന്ന നടുവിരലാണെന്ന് മനസിലാക്കാൻ ഇനിയെത്ര കാലം വേണം പ്രബുദ്ധ മലയാളിക്ക്?  

ഇന്നലെ ഉണ്ടായ സംഭവത്തിൽ ഏറ്റവുമധികം ആദരവ് തോന്നുന്നത് ആ നടിയോട് തന്നെയാണ്. എന്നും എപ്പോഴും എവിടെയും സംഭവിക്കാറുള്ളത് പോലെ ആരോടും ഒന്നും പറയാതെ തന്റെ ആ വേദനകൾ അവർ ജീവിതക്കാലം മുഴുവൻ സഹിച്ച് ജീവിക്കാൻ തീരുമാനിക്കാതെ തന്റെ വേദനകൾക്ക് ഉത്തരവാദികളായവരെ സമൂഹത്തിന് മുന്പിലേയ്ക്ക് വലിച്ചെറിയാൻ അവർ കാണിച്ച ചങ്കുറ്റത്തിന് മനുഷ്യത്വം ഉള്ളവരൊക്കെ ഐക്യദാർഢ്യം പ്രഖ്യാപിക്കണം. മാധവികുട്ടി ഒരിക്കൽ പറഞ്ഞത് പോലെ ഡെറ്റോൾ ഉപയോഗിച്ച് ഒന്ന് നന്നായി കുളിച്ചാൽ പോകാനുള്ള കറകൾ മാത്രമേ ഏതൊരു മാനഭംഗവും ശരീരത്തിന് നൽകുന്നുള്ളൂ. പക്ഷെ മനസിന് അത്തരമൊരു ശുദ്ധീകരണം മാത്രം പോര എന്ന തിരിച്ചറിവായിരിക്കാം ആ നടിയെ കൊണ്ട് ഇത്തരം ഒരു കർശന നിലപാട് സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. ഇങ്ങിനെ തങ്ങളുടെ ദുരന്തങ്ങൾ തുറന്ന് പറയാൻ നമ്മുടെ നാട്ടിലെ പെൺകുട്ടികൾ തയ്യാറാകണം. അവരല്ല ഈ അക്രമങ്ങൾക്ക് കാരണമെന്ന് തിരിച്ചറിയണം. തങ്ങളെ ഇരകളാക്കി വേട്ടയാടിയ നരാധമൻമാരെ പുറംലോകത്തിന് ചൂണ്ടികാണിച്ച് കൊടുക്കണം. അങ്ങിനെ ആ ചെന്നായകളും അറിയട്ടെ പാവം പെൺമനസുകൾ അനുഭവിച്ച കൊടും താപവും, പരിഹാസങ്ങളുടെ തീച്ചൂടും.  

‘പീഡനം’  എന്ന വാക്കും ഇന്ന് നമ്മുടെയിടയിലെ വലിയൊരു ദുരന്തമാണ്. ‘പീഡിപ്പിക്കുക’ എന്നതിന് ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക എന്നേ അർത്ഥമാണ് ഉള്ളതെങ്കിലും ‘ലൈംഗികപീഡനം’ എന്ന അർത്ഥത്തിലാണ് വ്യാപകമായി നമ്മുടെ മാധ്യമങ്ങളിൽ ഇന്നത്‌ ഉപയോഗിക്കപ്പെടുന്നത്. ലൈംഗികതയുമായി അതിന് ഒരു ബന്ധവും ഇല്ലെങ്കിലും ഇത്തരം സാഹചര്യങ്ങളിൽ ആ നല്ല വാക്കിനെ ഞാനടക്കമുള്ള മാധ്യമ ജീവനക്കാർ ഇടയ്കിടെ വ്യഭിചരിക്കുന്നു എന്ന കുറ്റബോധം മറച്ച് വെക്കാതെ തന്നെ പീഡിപ്പിക്കപ്പെടുന്ന മനസുകൾക്ക് ഐക്യദാർഢ്യം അറിയിക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed