നി­രോ­ധി­ച്ച് നി­രോ­ധി­ച്ച്...


പ്രദീപ് പുറവങ്കര

ചില വാർത്തകൾ മുന്പിൽ വരുന്പോൾ ചിരിക്കണോ, കരയണോ എന്നറിയാൻ പറ്റാത്ത അവസ്ഥയാണ് നമ്മിൽ മിക്കവർക്കും ഇന്നത്തെ കാലത്ത് ഉണ്ടാകുന്നത്. മാധവികുട്ടിയുടെ ജീവിതം സിനിമയാക്കുന്നതിലുള്ള പ്രതിക്ഷേധം ഒരൽപ്പം കെട്ടടങ്ങുന്പോഴേക്കും മലയാളിയുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നായ ചെമ്മീൻ എന്ന വിഖ്യാത ചിത്രത്തിനെതിരെയും ചിലർ രംഗത്ത് വന്നിരിക്കുന്നത് അത്തരമൊരു വാർത്തയാണ്.  മത്സ്യത്തൊഴിലാളികളെയും സമുദായത്തെയും അവഹേളിക്കുന്ന ചെമ്മീൻ സിനിമയുടെ അന്‍പതാം വാർ‍ഷികാഘോഷങ്ങൾ എന്തു വില കൊടുത്തും തടയുമെന്നാണ് ധീവരസഭയുടെ ബഹുമാനപ്പെട്ട ജനറൽ സെക്രട്ടറി വി. ദിനകരൻ അറിയിച്ചിരിക്കുന്നത്.  

ചെമ്മീൻ സിനിമയുടെ പേരിൽ ഇന്നും മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾ പോലും അപമാനിക്കപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ വാദം. ഈ എതിർപ്പിനെ വർഗീയമാണെന്ന് വിമർശിച്ചാലും വിരോധമില്ലെന്നും അദ്ദേഹം പറയുന്നു.  മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ പുരുഷന്‍മാരെ മദ്യപാനികളായും, സ്ത്രീകളെ ദുർന്നടപ്പുകാരികളായുമാണത്രെ ചെമ്മീനിൽ ജ്ഞാനപീഠം ജേതാവ് കൂടിയായ തകഴി ശിവശങ്കരപിള്ള  അവതരിപ്പിച്ചിട്ടുള്ളത്. സ്വാഭാവികമായ സംസാര രീതിയെ പോലും ചിത്രം അവഹേളിക്കുകയാണെന്നും ജനറൽ സെക്രട്ടറി ആരോപിക്കുന്നു.  സിനിമ ഇറങ്ങിയ കാലഘട്ടത്തിൽ മത്സ്യത്തൊഴിലാളികളും സമുദായവും സംഘടിതരല്ലാതിരുന്നത് കാരണമാണ് അന്ന് ഇത്തരം ഒരു എതിർപ്പ് ഉയരാതിരുന്നതെന്നും എന്നാൽ ഇന്ന് കാലം മാറിക്കഴിഞ്‍ഞുവെന്നും അദ്ദേഹം പ്രബുദ്ധരായ കേരള ജനതയോട് തുറന്ന് പറയുന്നു. പ്രവാചകനായ മുഹമ്മദ് നബിയെ പരാമർശിച്ചതിന്റെ പേരിൽ ഒരു ദേശീയ ദിനപത്രത്തെ കത്തിക്കുകയും ഓഫീസുകൾക്ക് നേരെ അക്രമം നടത്തുകയും ചെയ്തിരുന്നപ്പോൾ മൗനം പാലിച്ചവർ തങ്ങളുടെ ഈ തീരുമാനത്തെ  ആവിഷ്‌ക്കാര സ്വാത
ന്ത്ര്യവുമായി ബന്ധപ്പെടുത്തുന്നത് തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

എന്തായാലും ഈ വിഷയത്തെ പറ്റി കൂടുതലായി എന്ത് പറയേണ്ടൂ എന്നറിയില്ല. പക്ഷെ ഇങ്ങിനെയൊക്കെ തീരുമാനങ്ങൾ എടുക്കാൻ പറ്റുമെങ്കിൽ മദ്യപാനികളെ വളരെ നീചമായ രീതിയിൽ ചിത്രീകരിച്ച സ്പിരിറ്റ്, പോലീസുകാരൊക്കെ ഗുണ്ടകളാണെന്ന് വരുത്തി തീർക്കാറുള്ള സുരേഷ് ഗോപി ആക്്ഷൻ പടങ്ങൾ, ഓട്ടോ ഡ്രൈവർമാരൊക്കെപ്രേമിക്കാൻ നടക്കുന്നവരാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഏയ് ഓട്ടോ,സർക്കസ് കൂടാരങ്ങളിൽ കൊടിയ പീഢനം നടക്കുന്നുണ്ടെന്ന് കാണിച്ച തന്പ്, അന്നന്നത്തെ അന്നത്തിന് വേണ്ടി ശരീരം വിൽക്കേണ്ടി വരുന്ന ലൈംഗിക തൊഴിലാളികളെ അപമാനിച്ച അവളുടെ രാവുകൾ, അതിർത്തിയിൽ ജീവൻ കൊടുത്തും നാട് സംരക്ഷിക്കുന്ന പട്ടാളക്കാരിൽ മുതിർന്ന റാങ്കുള്ളവർ അഴിമതിക്കാരാണെന്ന് വെറുതെ വിളിച്ചു പറഞ്ഞ നായർ സാബ്, രാജ്യത്തിനെ അതിമനോഹരമായി കൈപിടിച്ച് മുന്പോട്ട് നടന്ന് നീങ്ങുന്ന രാഷ്ട്രീയക്കാരെ മോശമായി ചിത്രീകരിക്കുന്ന സന്ദേശമുൾപ്പെടയുള്ള സിനിമകൾ, ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കൊക്കെ ചീത്തപേര് സമ്മാനിച്ച  അപ്പോത്തിക്കരി,ഒടുവിൽ പാവം മാധ്യമപ്രവർത്തകരെ കരിവാരിതേച്ച സ്വ.ലേ, ലൗ 24/7 എന്നീ ചിത്രങ്ങളൊക്കെ ഉടനടി കേരള നാട്ടിൽ നിന്ന് നിരോധിച്ച് കളയണം എന്ന് താഴ്മയായി ഈ നാട്ടിലെ ഒരു സാധാരണ പൗരനായ ഞാനും അഭ്യർത്ഥിക്കുന്നു..!

You might also like

  • Lulu Exchange
  • Straight Forward

Most Viewed