ഈ കാലവും കടന്നുപോകും...
പ്രദീപ് പുറവങ്കര
ഒരു പെരുമഴക്കാലം സമ്മാനിച്ച ഞെട്ടലിൽ നിന്ന് ബഹ്റിൻ ജനത ഇപ്പോഴും മുക്തമായിട്ടുണ്ടാകില്ല. അഞ്ച് ദിവസം തുടർച്ചയായി മരുഭൂമിയിൽ മഴത്തുള്ളികൾ പെയ്ത് തിമിർക്കുന്പോൾ ഉള്ളിലൊരാളൽ വരാത്ത ആരുമുണ്ടാകില്ല ഇവിടെ. ഇങ്ങിനെ തന്നെ കുറച്ച് ദിവസം കൂടി മഴ പെയ്താൽ സ്ഥിതി എന്താകുമെന്ന് ചിന്തിക്കാത്തവരും ചുരുക്കമായിരിക്കും. പ്രകൃതി സത്യത്തിൽ ആരെയും കണ്ണ് തുറപ്പിക്കേണ്ട പാഠപുസ്തകമാണ്. അഹങ്കാരത്തിന്റെ ആൾ രൂപങ്ങളായി നടക്കുന്ന മനുഷ്യർക്ക് പ്രകൃതിയുടെ ഓരോ ചലനങ്ങളും ഏൽപ്പിക്കുന്ന ആഘാതങ്ങൾ മനസിലാക്കാനും തിരിച്ചറിയാനും കഴിഞ്ഞിരുന്നെങ്കിൽ ഈ ലോകം എത്ര നന്നായേനെ എന്ന് ചിന്തിച്ചുപോകുന്നു.
ഓരോ മരുഭൂമിയും ആഗ്രഹിക്കുന്നത് മഴയെ തന്നെയാണ്. പക്ഷെ മഴ പെയ്ത് തോരാതിരുന്നാൽ ഏത് മരുഭൂമിയും ഇതൊന്ന് നിർത്താനായില്ലെ എന്ന് ശപിച്ചു പോകും. കാരണം ആ വെള്ളപ്പൊക്കത്തിൽ മുങ്ങിപോകുന്നത് അതുവരെ നേടിയ സർവ്വസ്വവുമായിരിക്കും. മഴ അധികം ലഭിക്കുന്ന ഇടങ്ങളിൽ പെയ്ത് പെട്ടന്ന് നിർത്തിയാലും ഇത് തന്നെയാകും സ്ഥിതി. അവിടെയുള്ളതൊക്കെ ഉഷ്ണിച്ച് ഉണങ്ങി ഇല്ലാതാകും. അമിത പ്രതീക്ഷകളില്ലാത്ത, സ്വസ്ഥമായ മനസുകൾക്ക് പ്രകൃതിയുടെ ഇത്തരത്തിലുള്ള ഓരോ മാറ്റങ്ങളെയും തിരിച്ചറിയാൻ സാധിക്കും. അതിന്റെ വേവലാതികളെ, അതിന്റെ സ്വപ്നങ്ങളെയൊക്കെ മനസിലാക്കാൻ അവർക്ക് പറ്റും. പക്ഷെ ഇന്നാർക്കാണ് സ്വസ്ഥമായ മനസുള്ളതെന്ന് ചോദിച്ചാൽ ഏറെ സമയം വേണം നമ്മുക്ക് ഒന്ന് ഉത്തരം പറയാൻ.
ഓരോ മഴക്കാലം അനുഭവിക്കുന്പോഴും ആ പഴയ കഥ എന്റെ ഓർമ്മയിലേയ്ക്ക് വരും. നിങ്ങളും കേട്ടിരിക്കാം അത്. അതിങ്ങനെയാണ്. മഴ അധികം പെയ്യാത്ത ഒരു നഗരത്തിൽ ചാറ്റൽ മഴ പെയ്തു തുടങ്ങിയപ്പോൾ അവിടെ തെരുവിൽ കച്ചവടം നടത്തിയിരുന്ന ആളുകൾ തങ്ങളുടെ സാധനങ്ങൾ തിരികെ എടുത്ത് മഴയെയും ശപിച്ചു കൊണ്ട് വീട്ടിലേയ്ക്ക് പോകാനൊരുങ്ങി. എന്നാൽ ഇവർക്ക് പുറകിലുണ്ടായിരുന്ന ഒരു കടയുടമയുടെ മുഖത്ത് മാത്രം സന്തോഷം വല്ലാതെ തെളിഞ്ഞുവന്നു. അദ്ദേഹം ഒരു കുട വിൽപ്പനക്കാരനായിരുന്നു.
മനുഷ്യന്റെ ജീവിതവും ഇങ്ങിനെതന്നെയാണ്. ഓരോന്നിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന് വിജയൻ പറഞ്ഞത് സിനിമയിലാണെങ്കിലും, അത് വലിയ സത്യമാണെന്ന് ജീവിതം ഇടയ്ക്കൊക്കെ നിങ്ങളോടും പറഞ്ഞിരിക്കും. മഴ പെയ്യാനും, വെയിൽ പരക്കാനും, മേഘങ്ങൾ ഉരുണ്ട് കൂടി ഇരുൾ നിറയാനും, ഇടി വെട്ടാനും, മിന്നൽ പിണർ കാണാനുമൊക്കെ ഒരു സമയമുണ്ട്. മഴവില്ലിന്റെ ഏഴഴക് ആകാശത്ത് വിരിയാനും ഒരു സമയമുണ്ട്. അതു കൊണ്ട് തന്നെ ഓരോ കാലത്തിനെയും മതിമറന്ന് സ്നേഹിക്കുക. അവ ആഘോഷിക്കുക. കാരണം ഒരു ദിനം നമ്മെ കടന്ന് ഈ കാലവും മുന്പോട്ട് പോകും, അതിവേഗം... ബഹുദൂരം, അത് തീർച്ച!!