ആരോടാണീ അരിശം...
പ്രദീപ് പുറവങ്കര
എന്തിനോടും ഏതിനോടും അസഹിഷ്ണുത കാണിക്കുന്ന നാടായി നമ്മുടേത് മാറിയിട്ട് കാലമേറെയായിരിക്കുന്നു. തനിക്ക് ഇഷ്ടപ്പെടാത്തത് ആര് തന്നെ ചെയ്താലും സമാധനപരമായി അത് തിരുത്താനോ, അല്ലെങ്കിൽ തങ്ങളുടെ ഭാഗം പറഞ്ഞ് ഫലിപ്പിക്കാനോ ക്ഷമയിലാത്തവരുടെ എണ്ണം നമ്മുടെ നാട്ടിൽ വർദ്ധിക്കുന്നു എന്നതിന്റെ അവസാന തെളിവാണ് പ്രശസ്ത സിനിമാതാരം മഞ്ജുവാരിയർ കമൽ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രത്തിൽ അഭിനയിക്കുമെന്ന വാർത്ത പുറത്ത് വന്നപ്പോൾ മുതൽ സംഭവിക്കുന്ന ഭീഷണികൾ. മഞ്ജു വാര്യരുടെ ഫേസ്ബുക്കിലും സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലുമാണ് ഇത്തരം പ്രതിഷേധമുയരുന്നത്. മാധവിക്കുട്ടിയുടെ ആത്മാവിനെ വേദനിപ്പിക്കരുതെന്നും, കമലെന്ന കമാലുദ്ദീന്റെ ശ്രമം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കാനാണെന്നുമൊക്കെ ഇവർ ആരോപിക്കുന്നു.
നേരത്തെ വിദ്യാ ബാലനെയാണ് കമലാ സുരയ്യയുടെ ജീവചരിത്ര സിനിമയായ ആമിയിൽ നായികയായി നിശ്ചയിച്ചിരുന്നത്. കഥാപാത്രത്തിനായി ഒരു മാസത്തോളം മലയാളം പഠിക്കുകയും ഫോട്ടോ ഷൂട്ടിൽ പങ്കെടുത്തതിനും പിന്നാലെ വിദ്യ സിനിമയിൽ നിന്ന് പിന്‍മാറുകയായിരുന്നു. വിദ്യയുടെ കൃത്യമായ വിശദീകരണമില്ലാതെയുള്ള പിന്‍മാറ്റം അധാർമ്മികമാണെന്ന് കമൽ പ്രതികരിച്ചിരുന്നു. ഫിലിം ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് കമലിന് നേരെയുണ്ടായ വിവാദങ്ങളാണ് വിദ്യയെ ഇതിൽ നിന്ന് പിന്നോട്ടടിപ്പിച്ചതെന്നും വാർത്തകളുണ്ടായിരുന്നു. ഇതിന് ശേഷമാണ് നായികയായി മഞ്ജുവാര്യർ എത്തുന്നത്. സിനിമയുടെ ചിത്രീകരണം മാർച്ചിലാണ് ആരംഭിക്കുന്നത്.
മാധവികുട്ടി മലയാളിയുടെ കപടമായ സദാചാരബോധത്തെ തന്റെ അക്ഷരങ്ങളിലൂടെയും വാക്കുകളിലൂടെയും തുറന്ന് എതിർത്ത വ്യക്തിയായിരുന്നു. അവർക്ക് തോന്നുന്നത് പോലെ അവർ ജീവിതം ആഘോഷിച്ച് തീർത്തു. കെട്ടുപാടുകളെ എതിർത്തും, മനസിനുള്ളിൽ ഉള്ളത് തുറന്ന് പറഞ്ഞുമാണ് അവർ ജീവിച്ചത്. അവസാന കാലത്ത് മതം മാറിയും അവർ വാർത്തകളിൽ ഇടം പിടിച്ചു. അത്തരമൊരാളെ പറ്റി പ്രശസ്തനായ ഒരാൾ ഒരു സിനിമയെടുക്കുന്നു എന്ന് പറയുന്പോൾ അത് സിനിമാപ്രേമികൾക്ക് താത്പര്യമുള്ളതായി മാറുന്നു. പക്ഷെ അദ്ദേഹം മുസ്ലീം വിശ്വാസം വെച്ചു പുലർത്തുന്നത് കൊണ്ട് ഈ സിനിമ വലിയ അപകടങ്ങൾ വരുത്തി വെക്കുമെന്ന് വിശ്വസിക്കാൻ മാത്രം മൂഢന്മാരാണോ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നവർ. എന്ത് കൊണ്ടാണ് ചില മനസുകളെങ്കിലും ഇത്രയും അപക്വമായി പോകുന്നത്. മുന്പ് കമലഹാസന്റെ വിശ്വരൂപത്തിനെതിരെയും ഉയർന്ന പ്രതിക്ഷേധം ഓർമ്മ വരുന്നു.
ലോകത്ത് എവിടെയാണെങ്കിലും ശരി, കല, സാഹിത്യം തുടങ്ങിയ വിനിമയ മാർഗ്ഗങ്ങളെ ഇഷ്ടമല്ലെങ്കിൽ അതിനെ എതിർക്കേണ്ടത് മസിൽ പവർ കൊണ്ടല്ല, മറിച്ച് അതേ തട്ടക്കങ്ങൾ ഉപയോഗിച്ചാണ്. അന്ധവിശ്വാസങ്ങൾക്കെതിരെ എഴുതിയതിനും, പാട്ട് പാടിയതിനും, ചിത്രം വരച്ചതിനുമൊക്കെ വെടിവെച്ച് കൊല്ലുന്നത് നരാധാമൻമാരാണ്. ലോകത്തെവിടെയായാലും ഇത്തരം ആളുകൾക്ക് അറിയാവുന്ന വഴി ഉൻമൂലനം മാത്രമാണ്. മതത്തിന്റെയും, ജാതിയുടെയും, വർഗ്ഗത്തിന്റെയും പേരിൽ ഈ വഴിയിലൂടെ മുന്പോട്ട് പോകുന്നവർക്കൊന്നും ലക്ഷ്യപ്രാപ്തി നേടാൻ സാധിക്കില്ല എന്നത് പലവട്ടം മനുഷ്യകുലത്തിന് തെളിഞ്ഞ കാര്യമാണ്. പരസ്പരം സ്നേഹത്തിന്റെ ഭാഷയിൽ തിരുത്തികൊണ്ടും, ഉൾക്കൊള്ളാവുന്നത് ഉൾക്കൊണ്ടുകൊണ്ടും വേണം മനുഷ്യൻ അവന്റെ സഞ്ചാരപഥങ്ങൾ നടന്ന് തീർക്കാൻ. അങ്ങിനെയെങ്കിൽ മാത്രമേ അവിടെ സമാധാനവും, സന്തോഷവും ഉണ്ടാകൂ.. തീർച്ച!!