വെളുത്തിട്ടെന്താ മനസ് കറുപ്പല്ലേ...
പ്രദീപ് പുറവങ്കര
ഒരൊറ്റ വിക്ഷേപണത്തിലൂടെ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച രാജ്യമെന്ന റെക്കോർഡിന് ഇന്ന് ഇന്ത്യ അർഹയായിരിക്കുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നു വിദേശ രാജ്യങ്ങളുടെ ഉൾപ്പടെ 104 ഉപഗ്രഹങ്ങളുമായിട്ട് ഇന്ന് രാവിലെ 9.28−നാണ് പിഎസ്എൽവിസി 37 വിക്ഷേപിച്ചത്. 2015 ജൂണിൽ 23 ഉപഗ്രഹങ്ങളെവിജയകരമായി ബഹിരാകാശത്തെത്തിച്ചതാണ് ഐഎസ്ആർഒയുടെ ഇതുവരെയുളള വലിയ ദൗത്യം. യുഎസ് ബഹിരാകാശ ഏജൻസിയായ നാസ നേരത്തേ 29 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്. 2014ൽ 37 ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റ് ഉപയോഗിച്ച് ബഹിരാകാശത്ത് എത്തിച്ച റഷ്യയുടേതാണ് ഈ രംഗത്ത് നിലവിലുള്ള റെക്കോർഡ്. ഇന്ന് ഇന്ത്യ വിക്ഷേപിച്ച 104 ഉപഗ്രഹങ്ങളിൽ 96 എണ്ണം യുഎസിലെ വിവിധ സ്ഥാപനങ്ങളുടേതാണ്. ഇസ്രയേൽ, കസാഖിസ്ഥാൻ, നെതർലൻഡ്, സ്വിറ്റ്‌സർലൻഡ്, യുഎഇ എന്നീ രാജ്യങ്ങളുടെ ഓരോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചിരിക്കുന്നത്. ഐഎസ്ആർഒക്കൊപ്പം തന്നെ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ പറ്റുന്ന മഹത്തായൊരു നേട്ടം തന്നെയാണ് നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞർ സമ്മാനിച്ചിരിക്കുന്നത്.
കുറഞ്ഞ ചിലവിൽ ഇന്ത്യയിൽ നിന്ന് ഉപഗ്രഹവിക്ഷേപണം സാധ്യമാകുന്നത് കൊണ്ടാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങൾ നമ്മെ സമീപിക്കുന്നത്. വിദേശനാണ്യ വരുമാനവും വർദ്ധിക്കുന്നതിനോടൊപ്പം ഐഎസ്ആർഒയുടെ സാന്പത്തിക അടിത്തറ ശക്തമാക്കാനും ഇത്തരം പ്രവർത്തനങ്ങൾ കാരണം സാധിക്കുന്നുണ്ട്. മുന്പ് നടപ്പിലാക്കിയ മംഗൾയാൻ പദ്ധതിയുടെ രണ്ടാം ഘട്ടം 2021-2022 വർഷങ്ങളിലാണ് ഐഎസ്ആർഒ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. അതിനും ഭീമമായ ചിലവ് വരും. അത്തരം പ്രവർത്തനങ്ങൾക്ക് പുറമേ നിന്ന് ലഭിക്കുന്ന സാന്പത്തിക സഹായങ്ങൾ ഏറെ അത്യാവശ്യമാണ്. വളരെയേറെ പ്രഗത്ഭരായ ഇന്ത്യൻ ശാസ്ത്രജ്ഞർ ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. മുന്പും ബഹിരാകാശ ഗവേഷണ മേഖലകളിൽ ഇവരുടെ സഹകരണത്തോടെ ഇന്ത്യ നിരവധി നേട്ടങ്ങൾ കൊയ്തിട്ടുണ്ട്. ഇങ്ങിനെ നേട്ടങ്ങളുടെ കൊടുമുടികൾ പണിയുന്ന ഐഎസ്ആർഒയെയും, ഇന്ത്യയെയും വിദേശ മാധ്യമങ്ങൾ പലപ്പോഴും കളിയാക്കാറുണ്ട് എന്നത് നമ്മൾ കണ്ടുവരാറുള്ള യാഥാർത്ഥ്യമാണ്. 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച ഇന്നത്തെ വാർത്തയ്ക്കൊപ്പം ആഗോള പ്രശസ്തരായ ബിബിസി ഇന്ത്യക്കാർക്ക് വേണ്ടത്ര ശൗചാലയങ്ങൾ ഇല്ലെന്ന കാര്യം പറഞ്ഞതും ഇതോടൊപ്പം കൂട്ടിവായിക്കാവുന്നതാണ്.
ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ നാടിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും ഏറെ വളരാനുണ്ട് എന്ന കാര്യം സത്യം തന്നെയാണ്. അത് ഇന്ത്യൻ മാധ്യമങ്ങൾ തന്നെ എത്രയോ തവണ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. പക്ഷെ അതേസമയം മറ്റ് ലോകരാഷ്ട്രങ്ങൾക്കൊന്നും ചെയ്യാൻ സാധിക്കാത്ത ഒരു കാര്യം ഇന്ത്യയിലെ മിടുക്കരായ ശാസ്ത്രജ്ഞർ ഒരു തവണയെങ്കിലും ചെയ്തു കാണിക്കുന്പോൾ അതിനെ കൊഞ്ഞനം കുത്തികാണിക്കുന്നത് സായിപ്പല്ല, ആരും തന്നെ ചെയ്താലും നെറികേടാണെന്ന് പറയാതിരിക്കാൻ സാധ്യമല്ല. വെളുത്ത തൊലിയുടെ അഹങ്കാരമാണെങ്കിൽ ആ മനസ് ഇപ്പോഴും കറുപ്പ് തന്നെയാണെന്നും പറയേണ്ടിയിരിക്കുന്നു. കോടിക്കണക്കിന് സ്വത്തുക്കൾ ഇന്ത്യമഹാരാജ്യത്ത് നിന്ന് കട്ടെട്ടുത്ത് പോയവരുടെ പിൻമുറക്കാരാണ് തങ്ങളെന്ന ഓർമ്മയെങ്കിലും ഇവർക്കുണ്ടായിരുന്നെങ്കിൽ എത്ര നന്നായേനേ എന്നു മാത്രം ചിന്തിച്ചുകൊണ്ട്...