ചിന്നമ്മ, അടി തെറ്റി പോയല്ലോ....


പ്രദീപ് പുറവങ്കര

 

സൗഹാർദ്ദവും പ്രണയവും തമ്മിൽ നേർത്ത വ്യത്യാസങ്ങൾ മാത്രമേയുള്ളുവെന്ന് നമ്മുടെ ഇടയിൽ ചിലരെങ്കിലും പറയും. പ്രണയം ഇന്നതിനോട് മാത്രമേ തോന്നാവൂ എന്ന് സമൂഹം കൽപ്പിച്ച് വെച്ചിട്ടുണ്ട്. എന്നാൽ സൗഹാർദ്ദത്തിന് അങ്ങിനെ മാനദണ്ധങ്ങളൊന്നും തന്നെ ഇല്ലതാനും. ലോകം മുഴവൻ ഇന്ന് പ്രണയദിനം കൊണ്ടാടുന്പോൾ സൗഹാർദ്ദത്തിന്റെ പേരിൽ അറിയപ്പെടുകയും, അതിന്റെ പേരിൽ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയതുമായ രണ്ടു പേരിൽ ഒരാൾ പൊട്ടികരയുന്ന കാഴ്ച്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. തമിഴകത്തിന്റെ പ്രിയപ്പെട്ട ജയലളിതയുടെ ഉറ്റതോഴി ശശികലയെ പറ്റിയാണ് ഇവിടെ സൂചിപ്പിക്കുന്നത്.

2016 ഡിസംബർ ആറിന് തമിഴ് ജനത വല്ലാതെ പൊട്ടികരഞ്ഞ ദിവസമായിരുന്നു. അന്ന് ശശികലയും മാധ്യമങ്ങളുടെ മുന്പിൽ ഇടയ്ക്കിടെ വിങ്ങി പൊട്ടി. ജയലളിതയുടെ മരണശേഷം ശശികല നടരാജൻ മുഖ്യമന്ത്രിയാകുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും, സ്ഥിരമായി വരാറുള്ള പകരക്കാരൻ, ഒ.പി പനീർശെൽവത്തെ തന്നെ ആ ഉത്തരവാദിത്വം ഏൽപ്പിച്ചപ്പോൾ വല്ലാത്തൊരു പക്വത തമിഴ് രാഷ്ട്രീയത്തിൽ ചിലരെങ്കിലും ദർശിച്ചിരുന്നു. ഇതിന് ശേഷം ജയലളിതയുടെ മരണം ഉണ്ടാക്കിയ ശൂന്യതയിൽ നിന്ന് വളരെ പെട്ടന്ന് തമിഴ്നാട് എടുത്തെറിയപ്പെട്ടത് ജെലിക്കെട്ട് സമരത്തിലേയ്ക്ക് ആയിരുന്നു. ദ്രാവിഡ രാഷ്ട്രീയകക്ഷികളുടെ തണലിൽ ഒതുങ്ങി നിന്നിരുന്ന സംസ്ഥാന രാഷ്ട്രീയം സംഘടിതരായ ഒരുപറ്റം ചെറുപ്പക്കാരുടെ കീഴിലാണ് ഈ സമരത്തിന് വേണ്ടി അണിനിരന്നത്. രാഷ്ട്രീയക്കാരെ പടിക്ക് പുറത്തു നിർത്തി അവർ നടത്തിയ സമരത്തിന് ചലച്ചിത്ര താരങ്ങൾ ഉൾ‍പ്പെടെയുള്ളവരുടെ പിന്തുണയും ലഭിച്ചു. ജയലളിതയുടെ കാലത്ത് പോലും ഒരിക്കൽ ഇത്തരത്തിലൊരു ജനകീയ മുന്നേറ്റം ഉണ്ടായിട്ടില്ല എന്നതും തമിഴ് രാഷ്ട്രീയത്തിൽ മാറ്റങ്ങളുടെ സൂചന നൽകി. 

എന്നാൽ ഫെബ്രുവരി അഞ്ച് മുതൽ ശശികലയുടെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പുറംപൂച്ച് പുറത്തു വന്നു തുടങ്ങി. എത്രയും പെട്ടന്ന് മുഖ്യമന്ത്രി കസേരയിൽ കയറി ഇരിക്കണമെന്ന് അമ്മയുടെ തോഴിക്ക് ആശയുദിച്ചതോടെ, മനസില്ലാ മനസോടെ ആദ്യം പാവം പനീർശെൽവത്തിനും സമ്മതിക്കേണ്ടി വന്നു. എന്നാൽ ഇത്തവണ ഒഴിഞ്ഞുകൊടുത്താൽ പിന്നെ വീണ്ടും പദവി തിരിച്ചുതരാൻ ജയാമ്മ ജീവനോടെ ഇല്ലെന്ന ചിന്ത ഉടലെടുത്തതോടെ ശെൽവവും പത്തി വിടർത്തി. അമ്മയുടെ ആത്മാവ് തന്റെയൊപ്പമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഫെബ്രുവരി ഒന്പതിന് ശശികലയുടെ സത്യപ്രതിജ്ഞയുണ്ടാകുമെന്ന് അറിയിപ്പുണ്ടായെങ്കിലും തന്റെ ഭൂരിപക്ഷം തെളിയിക്കാൻ അവർക്ക്  ഗവർണറെ കാണാൻ സാധിച്ചില്ല. ഇതോടൊപ്പം പിന്തുണക്കുന്ന എംഎൽഎമാരെ അജ്ഞാത സ്ഥലങ്ങളിലേക്ക് ശശികല മാറ്റിയതോടെ സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയും അരാജകാവസ്ഥയും രൂപംകൊണ്ടു. ഇത് മറിക്കടക്കാൻ സർക്കാർ രൂപീകരണ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായപ്പോഴാണ് ഇന്ന് സുപ്രീംകോടതി വിധി ശശികലയ്ക്ക് എതിരായായി വന്നിരിക്കുന്നത്. ഇതോടു കൂടി ശശികലയെന്ന തോഴിയുടെ രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിതത്വത്തിലായിരിക്കുന്നു. 

നമ്മുടെ നാട്ടിലെ കോടതിയും നിയമവും ഇന്നും സാധാരണക്കാരന് സാന്ത്വനവും പ്രതീക്ഷയും നൽകുന്ന ഇടങ്ങളാണെന്ന് ഈ വിധി തെളിയിക്കുന്നുണ്ട്. ചിന്നമ്മയായാലും ശരി വലിയമ്മയായാലും  ശരി നീതിപീഠത്തിന്റെ മുന്പിൽ കുറ്റം ചെയ്താൽ പൊട്ടിക്കരയേണ്ടി വരുമെന്നതും വലിയ പാഠമാണ് ഇന്ത്യയിലെ രാഷ്ട്രീയക്കാർക്ക് നൽകുന്നത്.

 

You might also like

Most Viewed