മരുഭൂമിയിലെ പച്ചപ്പ്
പ്രദീപ് പുറവങ്കര
ബഹ്റിനിൽ ഇന്നലെ മുതൽ വീശിയടിച്ച കാറ്റും, ചാറി പെയ്ത മഴയും, മൂടികെട്ടിയ അന്തരീക്ഷവുമൊക്കെ പ്രവാസികളായ നമ്മെ ഏറെ ഗൃഹാതുരമായ ഓർമ്മകളിലേയ്ക്ക് വലിച്ചു കൊണ്ട് പോകുന്നുണ്ട്. അതുകൊണ്ട് തന്നെ പരസ്പരം കണ്ടുമുട്ടുന്പോൾ പലരും ഇന്ന് പറഞ്ഞിരിക്കുക നാട്ടിലെ കാലാവസ്ഥ പോലെയുണ്ട് ഇവിടെ എന്നായിരിക്കാം. അതേസമയം നാടിനെ പറ്റി ശരിക്കും മനസ്സിലാക്കിയാൽ അങ്ങിനെ പറയാൻ പറ്റാത്ത അവസ്ഥയാണ് ഇന്ന് നിൽക്കുന്നത്. അവിടെ വേനൽ ഇത്തവണ കടുക്കും എന്നത് ഉറപ്പാണ്. എറണാകുളം പോലെയുള്ള ഇടങ്ങളിൽ ഇപ്പോൾ തന്നെ ജലക്ഷാമം രൂക്ഷമായി തുടങ്ങിയിരിക്കുന്നു. കുടിവെള്ളം വഹിച്ചുള്ള ലോറികൾ നിത്യസാന്നിദ്ധ്യമായി ഇവിടെ മാറിയിരിക്കുന്നു. മഴയെ കാത്തിരിക്കുന്ന വേഴാന്പലിനെ പോലെ കേരളം ഈ ചൂടിൽ ഏറെ വിയർക്കുമെന്നതും ഏറെ കുറെ ഉറപ്പാക്കാം.
പച്ചപ്പിന്റെ നാട് ഇങ്ങിനെ പതുക്കെ മരുഭൂമിയാകുന്നുണ്ടെന്ന് തിരിച്ചറിയുന്പോൾ മരുഭൂമിയിൽ പച്ചപ്പ് സൃഷ്ടിക്കാനുള്ള ശ്രമാണ് ഇവിടെയുള്ളവർ നടത്തുന്നത്. ഇന്ന് കാലത്ത് ബഹ്റിനിൽ എല്ലാ വർഷവും അരങ്ങേറാറുളള ഗാർഡൻ ഷോയെ പറ്റി വിശദീകരിക്കാൻ അധികൃതർ നടത്തിയ വാർത്താ സമ്മേളനവും അത് തന്നെയാണ് തെളിയിക്കുന്നത്. അവർക്ക് ഈ നാടിന്റെ ഭൂപ്രകൃതി വെച്ച് കൃഷി ചെയ്യാൻ സാധിക്കാത്തതിൽ വിഷമമുണ്ടെങ്കിൽ പോലും ഉള്ള സാഹചര്യങ്ങളിൽ ആകുന്നത്ര ചെയ്യാൻ സന്മനസുണ്ട് എന്നതാണ് യാഥാർത്ഥ്യം. പതിമൂന്ന് വർഷമായി ബഹ്റിനിലെ എക്സിബിഷൻ സെന്ററിൽ വെച്ച് അരങ്ങേറുന്ന ഗാർഡൻ ഷോയിൽ ഓരോ തവണയും എത്തുന്നത് സ്വദേശി വിദേശി വ്യത്യാസമില്ലാതെ ആയിരങ്ങളാണ്. പൂച്ചയ്ക്കെന്താണ് പൊന്നുരുക്കുന്നിടത്ത് കാര്യമെന്ന് ചിന്തിക്കുന്നത് പോലെ മരുഭൂമിയിൽ എവിടെയാ കൃഷി എന്ന് പുച്ഛിക്കുന്നവർക്ക് നല്ലൊരു മറുപടിയാണ് ഈ പ്രദർശനം. കോംപാക്ട് ഗാർഡൻ അഥവാ കുറഞ്ഞ സ്ഥലത്ത് പൂന്തോട്ടവും, കൃഷിയും ചെയ്യാനുള്ള അറിവാണ് ഇത്തവണത്തെ ഗാർഡൻ ഷോ പങ്ക് വെയ്ക്കുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നായി 180ൽപരം സ്റ്റാളുകളാണ് ഇവിടെ നിർമ്മിക്കുന്നത്.
നാൽപ്പതിനാല് നദികൾ മഴക്കാലത്ത് ഒഴുകുന്ന കേരളനാട്ടിൽ ജലക്ഷാമവും വരൾച്ചയും നിത്യസംഭവമായി മാറുന്പോൾ ഒരു തുള്ളി ശുദ്ധ ജലം പോലും കുഴിച്ചെടുക്കാതെ കടൽ വെള്ളത്തെ സംസ്കരിച്ച് ശുദ്ധജലമാക്കി നിത്യോപയോഗത്തിന് എടുക്കുന്ന ഈ മരുനാട്ടിൽ നിന്ന് നമുക്കേറെ പഠിക്കാനുണ്ട്. മഴയത്ത് കുടപിടിച്ച് നടന്നിരുന്ന കേരളം ഇപ്പോൾ വേനലിൽ കുടപിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ ചുട്ടെരിയുന്ന മണൽക്കാടുകളിൽ ഇവിടെയുള്ളവർ വിത്തുകൾ പാകാനെങ്കിലും ശ്രമിക്കുന്നു. നിരന്തരമായി അവർ മണൽപ്പാടങ്ങളെ കൃഷിയിടങ്ങളാക്കി മാറ്റാൻ അദ്ധ്വാനിക്കുന്നു. ആ ശ്രമങ്ങളൊക്കെ വിജയിക്കട്ടെ എന്നാഗ്രിച്ചു കൊണ്ട്, നമ്മുടെ പച്ചപ്പ് മരുഭൂമിയാകരുതെ എന്നാശിച്ച് കൊണ്ട്...