ഇനി മരം പെയ്യും...
അങ്ങിനെ ആ മഴ പെയ്തു തോർന്നിരിക്കുന്നു. ഇനി മരങ്ങൾ മാത്രം കുറച്ചു ദിവസം കൂടി പെയ്യും. പറഞ്ഞു വരുന്നത് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്ന് ദിവസത്തെ സന്ദർശനത്തെ പറ്റി തന്നെ. യാത്രയെ പറ്റി ആരോപണ പ്രത്യാരോപണങ്ങൾ ചുറ്റിലും നിറയാൻ തുടങ്ങിയിട്ടുണ്ട്. വാദവും വിവാദവും മലയാളിയുടെ കളിത്തോഴനായത് കാരണം അതിന് അപാരമായ സാധ്യതയും നമ്മുടെ നാട്ടിലുണ്ട്. ബഹ്റിൻ ഗവൺമെന്റിന്റെ അതിഥി എന്ന നിലയിലാണ് മുഖ്യമന്ത്രി ഇവിടെയെത്തിയത്. അതു കാരണം ബഹ്റിനിലെ ഏറ്റവും മുതിർന്ന ഭരണാധികാരികളായ രാജാവ്, പ്രധാനമന്ത്രി, രാജകുമാരൻ തുടങ്ങിയവരുമായി അദ്ദേഹത്തിന് ആശയവിനിമയം നടത്താൻ സാധിച്ചു എന്നത് മലയാളികളെ സംബന്ധിച്ച് അഭിമാനാർഹമായ കാര്യം തന്നെയാണ്. കേരളീയ സമാജത്തിൽ നടന്ന പൗരസ്വീകരണങ്ങളിലും പങ്കെടുത്തത് കൊണ്ട് സാധാരണക്കാർക്ക് അദ്ദേഹത്തെ ഒരു നോക്കെങ്കിലും കാണാനും സാധിച്ചു.
ഇങ്ങിനെയൊക്കെയാണെങ്കിൽ പോലും ജനകീയനായ ഒരു മുഖ്യമന്ത്രിയുടെ സന്ദർശനത്തിൽ കുറച്ച് കാര്യങ്ങൾ കൂടി സാധാരണക്കാരിൽ സാധാരണക്കാരനായ ബഹുഭൂരിപക്ഷം പ്രവാസികളും പ്രതീക്ഷിച്ചു എന്നത് യാഥാർത്ഥ്യമാണ്. ഒരു മുഖ്യമന്ത്രിയെന്ന നിലയിലും, രാജ്യത്തിന്റെ അതിഥി എന്ന നിലയിലും നക്ഷത്ര ഹോട്ടലുകളിൽ താമസിച്ചതിൽ പ്രത്യേകിച്ച് ആർക്കും പരാതി കാണില്ല. കാരണം അത് കേരളത്തിനോട് ഈ നാട് കാണിക്കുന്ന മമതയാണ് സൂചിപ്പിക്കുന്നത്. നന്നായി മുണ്ടുടുത്ത് ജനമദ്ധ്യത്തിൽ വരാറുള്ള അദ്ദേഹം ബഹ്റിനിലെത്തിയപ്പോൾ പാന്റിട്ടതോ, വെള്ള ഷൂവണിഞ്ഞതോ ഒന്നും വിവാദമാക്കാനുള്ളതല്ല. ഒരു വിദേശരാജ്യത്ത് പോകുന്പോൾ കീറ തുണിയണിഞ്ഞ് ഒരു നാടിന്റെ മുഖ്യമന്ത്രി പോകണമെന്നൊക്കെ പറഞ്ഞാൽ ഇന്നത്തെ കാലത്ത് അത് അംഗീകരിക്കാനും പറ്റില്ല.
അതേസമയം ബ്ലേഡ് കെണിയിൽ പെട്ടവരും, ആരോഗ്യം നശിച്ച് ആശുപത്രിയിൽ എത്രയോ മാസങ്ങളായി കിടക്കുന്നവരും, ജയിലിൽ കഴിയുന്നവരും, തൊഴിൽ പീഢനത്തിന് ഇരയാകുന്നവരുമായി ഏറെ മലയാളികൾ ഈ ബഹ്റിനിലുണ്ടായിരുന്നു. അവർക്ക് വേണ്ടിയും തിരക്കിട്ട സന്ദർശനവേളയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് അൽപ്പസമയം മാറ്റിവെയ്ക്കാമായിരുന്നു. സാധാരണക്കാരായ പ്രവാസികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്ന ഇത്തരം ചില പ്രയാസങ്ങളെ നേരിട്ടുകാണാനും മനസിലാക്കാനും, അദ്ദേഹത്തിന്റെയൊപ്പം തന്നെ ഈ സന്ദർശന വേളയിൽ ഉണ്ടായിരുന്ന പ്രമുഖ വ്യവസായികളുടെ സഹായം കൂടി സ്വീകരിച്ചു കൊണ്ട് അതിന് പരിഹാരം കാണാനും സാധിച്ചിരുന്നെങ്കിൽ ഈ സന്ദർശനം കുറെ കൂടി സാർത്ഥകമായേനെ എന്നാണ് തോന്നുന്നത്. ചുറ്റുമുള്ള ഉപദേശക അവതാരങ്ങൾ അത്തരമൊരു ചിന്ത ശ്രീ പിണറായിക്ക് നൽകാത്തത് എന്തുകൊണ്ടായിരിക്കുമെന്നതും അത്ഭുതപ്പെടുത്തുന്നു. അദ്ധ്വാനിച്ച് വിജയകരമായി സന്പത്ത് ഉണ്ടാക്കിയ മുതലാളിമാരുടെ കൂടെ തൊഴിലാളി നേതാവ് കൂടിയായ മുഖ്യമന്ത്രി ഒന്നിച്ചു നടക്കുന്നതിലോ, സംസ്ഥാനത്തിലേയ്ക്ക് നിക്ഷേപം സ്വീകരിക്കാൻ പരിശ്രമിക്കുന്നതിലോ തെറ്റില്ല. പക്ഷെ വന്നയിടം മറക്കുന്നയാളെ പോലെ അദ്ദേഹം മാറി മറയുന്നു എന്ന സംശയം തന്നെ ഹൃദയപക്ഷത്തിന് വേദനയേൽപ്പിക്കുന്നുണ്ടെന്നത് പറയാതിരിക്കാനാവില്ല.