ഡാറ്റാ ബേസ് ആകുന്ന മനുഷ്യൻ
ഇന്നത്തെ കാലത്ത് സ്വന്തം നിഴലിനെ പോലും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളതെന്ന് പറഞ്ഞ് സുഹൃത്ത് അവന്റെ മനസ് തുറന്നപ്പോൾ കാര്യമെന്തെന്ന് അറിയാനുള്ള ആകാംക്ഷ എന്നിലും വർദ്ധിച്ചു. ഏതോ ഒരു ദുർനിമിഷത്തിൽ അവൻ വർഷങ്ങളായി ജോലി ചെയ്തു വന്നിരുന്ന കന്പനിയെ പറ്റി ഇവിടെ ജോലി ചെയ്യുന്ന മറ്റൊരാളോട് കുറച്ച് മോശമായ രീതിയിൽ പരാതി പറഞ്ഞുവത്രെ. അദ്ദേഹം ആ ശബ്ദമൊക്കെ റെക്കോർഡ് ചെയ്ത് കന്പനിയുടെ മേലധികാരിക്ക് നൽകുകയും ഇപ്പോൾ അത് കാരണം സുഹൃത്തിന്റെ ജോലി പോവുകയും ചെയ്തു. എന്തായാലും അദ്ദേഹത്തിന്റെ അവസ്ഥയിൽ സഹതപിക്കാനും മറ്റൊരു ജോലി ലഭിക്കാനുള്ള സാധ്യതയും തേടി അദ്ദേഹത്തെ സമാധാനിപ്പിച്ചു.
മുന്പൊക്കെ സാങ്കേതികത ഇത്രയും വളരാത്ത കാലത്ത് പരദൂഷണങ്ങളായിരുന്നു പാരകൾ പണിതതെങ്കിൽ ഇന്ന് അവനവൻ തന്നെയാണ് സ്വയം കുഴി കുഴിച്ച് വീണു പോകുന്നത്. സ്മാർട്ട് ഫോണുകൾ വ്യാപകമായതോടെ വോയ്സ് റെക്കോർഡിംഗ് ആപ്ലിക്കേഷനുകളും ഒളിക്യാമറ ആപ്ലിക്കേഷനുകളും നിരവധി പേർ ഉപയോഗിച്ചു തുടങ്ങി. പണ്ടത്തെപ്പോലെ പറഞ്ഞത് പറഞ്ഞിട്ടില്ലെന്ന് പറയാൻ പറ്റാത്ത തരത്തിൽ പലരും കുടുങ്ങാനും തുടങ്ങി.
സോഷ്യൽ മീഡിയ സജീവമായതോടെ ആർക്ക് വേണമെങ്കിലും ആരെയും ആക്രമിക്കാനും ഇല്ലാതാക്കാനും സാധിക്കുന്ന അവസ്ഥയും വന്നു. ഈ സാഹചര്യം ജീവിതത്തെ ഏറെ സുതാര്യമാക്കുന്നുണ്ടെങ്കിലും സ്വകാര്യത എന്ന മൗലികമായ അവകാശവും മനുഷ്യന് നഷ്ടമാക്കുന്നുണ്ട് എന്ന യാഥാർത്ഥ്യം കാണാതിരിക്കാൻ സാധിക്കില്ല. ശബ്ദം മാത്രമല്ല ചാറ്റുകളുടെ സ്്ക്രീൻ ഷോട്ടുകളുമൊക്കെ ഇതുപോലെ പരക്കുന്നു.
വികാരങ്ങൾ മനുഷ്യന് മാറി മാറി വരുന്നത് സാധാരണയാണ്. സാഹചര്യങ്ങളാണ് പലപ്പോഴും വികാരങ്ങളുടെ ഗതിവിഗതികൾ നിർണ്ണയിക്കുന്നത്. അതു തന്നെയാണ് സംസാരങ്ങളിലും, പ്രവർത്തികളിലും പ്രതിഫലിക്കുന്നത്. ദുർബല നിമിഷങ്ങളിൽ നടത്തുന്ന പൊട്ടിത്തെറികളും, അനാവശ്യ കമന്റുകളും പിന്നീട് ശത്രുക്കളെ സൃഷ്ടിക്കുന്പോൾ ഏറെ നാളായി കൊണ്ട് നടക്കുന്ന നല്ല സൗഹാർദ്ദങ്ങൾ പോലും തകരുന്നു. തെറ്റിദ്ധാരണകൾ ഇതോടൊപ്പം ഏറുകയും ചെയ്യുന്നു.
തുടക്കത്തിൽ പറഞ്ഞത് തന്നെ ഓർക്കട്ടെ. ഇവിടെ നിഴലിനെ പോലും ഭയക്കേണ്ടിയിരിക്കുന്നു. ഇത് വിർച്ച്വൽ ലോകമാണ്, ഇവിടെ ഞാനും നിങ്ങളും ഒന്നും ഇന്ന് മനുഷ്യനല്ല, മറിച്ച്⊇ എവിടെയൊക്കെയോ സ്റ്റോർ ചെയ്യപ്പെട്ട ഡാറ്റാ ബേസ് മാത്രമാകുന്നു!!