തിരികെയും വേണമൊരു പാലം...


പ്രദീപ് പുറവങ്കര 

ബഹ്റിൻ എന്ന രാജ്യം കേരളത്തിനോട് കാണിക്കുന്ന ആദരവാണ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഇത്തവണത്തെ സന്ദർശന വേളയിൽ ലഭിക്കുന്ന സ്വീകരണത്തിലൂടെ ഇവിടെയുള്ള പ്രവാസികള്‍ തിരിച്ചറിയേണ്ടത്. കഴിഞ്ഞ ദിവസം ബഹ്റിന്‍ രാജകുമാരന്‍, പ്രധാനമന്ത്രി, എന്നിവര്‍ അദ്ദേഹത്തിന് വ്യക്തിപരമായി നല്‍കിയ സ്വീകരണവും അതാണ് തെളിയിക്കുന്നത്. ഈ ഒരു സ്നേഹബന്ധം ശക്തിപ്പെടുത്തേണ്ട കടമയുള്ളവരാണ് ബഹ്റിനിലെ രണ്ടരലക്ഷത്തോളം വരുന്ന മലയാളി സമൂഹം. കഴിഞ്ഞ ദിവസം എഴുതിയത് പോലെ വിസ്തീര്‍ണം കൊണ്ട് ചെറുതാണെങ്കിലും മനസ് കൊണ്ട് ഇവിടെയുള്ള സ്വദേശികള്‍ വിശാലമായ കാഴ്ച്ചപാട് ഉള്ളവരാണ്. മറ്റേതൊരു ഗള്‍ഫ് രാജ്യത്തെക്കാളും ഏറെ ഉദാരതയും, കാരുണ്യവും ഉള്ളവരാണ് ബഹ്റിനി സ്വദേശികള്‍. കച്ചവടലാക്കോടെ മാത്രം ഇവരെ കാണുന്നതിന് പകരം, സൗഹര്‍ദത്തിന്റെ പാലം പരസ്പരം പണിയാന്‍ നമ്മള്‍ മുന്‍കൈയെടുത്താല്‍ ഏറ്റവും നല്ല സുഹൃത്തുക്കളായും ഇവർ മാറുമെന്നുറപ്പ്. 

ബഹ്റിനില്‍ വര്‍ഷങ്ങളോളം താമസിച്ച് ഇവിടെ ജോലി ചെയ്ത് തിരികെ പോയവരില്‍ വളരെ അപൂര്‍വം പേരാണ് അവരുടെ സ്പോണ്‍സറെയോ, ബഹ്റിനി സുഹൃത്തുക്കളെയോ കേരളത്തിലേയ്ക്ക് ക്ഷണിക്കുവാനോ, അവിടെ നിക്ഷേപിക്കാനുമൊക്കെ പ്രേരിപ്പിച്ചിട്ടുള്ളത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. പലര്‍ക്കും ഭയവും സങ്കോചവുമാണ് ഇക്കാര്യത്തിലുള്ളത്. തങ്ങളുടെ നാട്ടിലെ സന്പത്ത് കണ്ട് ഇവിടെയുള്ളവര്‍ക്ക് അസൂയ വരുമോ എന്നു വരെ ചിന്തിക്കുന്നവര്‍ ഈ കൂട്ടത്തിലുണ്ട്.  നമ്മെ  മാത്രം വിശ്വസിച്ചു നമ്മോടൊപ്പം ജോലി ചെയ്യുകയും, ചെക്ക് ബുക്കുകളില്‍ ഒപ്പിടുകയും, വേണ്ട സഹായങ്ങളൊക്കെ ചെയ്യുകയും ചെയ്യുന്ന ഇവിടെയുള്ള സ്വദേശികളില്‍ അപൂര്‍വം ചിലര്‍ മോശമായ അനുഭവങ്ങള്‍ സമ്മാനിച്ചിട്ടുണ്ടാകുമെങ്കിലും എല്ലാവരും അത്തരക്കാരാണെന്ന ചിന്ത പുതിയ ലോകക്രമത്തില്‍ മാറേണ്ടതാണ്. നമ്മള്‍ വളര്‍ന്നതിനോടൊപ്പം തന്നെ അറബ് ജനതയും വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. നല്ല വിദ്യാഭ്യാസം നേടിയും, നൂതനമായ സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കിയും അവരിലെ പുതുതലമുറ ഇന്ന് ലോകരാജ്യങ്ങളോട് തന്നെ കിടപിടിക്കാന്‍ പറ്റുന്ന സമൂഹമായി മാറിയിട്ടുണ്ട്. നൂറ്റാണ്ടുകളായി നമ്മെ വിശ്വസിച്ച് , സ്നേഹിച്ച് കഴിയുന്ന ഈ സമൂഹത്തെ അതു കൊണ്ട് തന്നെ മലയാളികളും നെഞ്ചിലേറ്റേണ്ടതുണ്ട്. നമ്മുടെ നാട് അവര്‍ക്ക് മുന്പില്‍ പരിചയപ്പെടുത്തണം. അനവധി സാധ്യതകളാണ് അങ്ങിനെയൊരു വാതില്‍ തുറന്നാല്‍ ഉണ്ടാവുക. അത് കേരളത്തിന്റെ സമഗ്രമായ പുരോഗതിക്ക് ഏറെ സഹായകരമാകുമെന്നതും ഉറപ്പാണ്. 

കഴിഞ്ഞ ദിവസം ബഹ്റിന്‍ കേരളീയ സമാജത്തില്‍ നടന്ന ചടങ്ങില്‍ ബഹ്റിന്റെ വിദേശകാര്യമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമദ് അല്‍ ഖലീഫ തന്നെ ബാല്യകാലത്ത് പരിചരിച്ച സ്ത്രീയെ നമ്മുടെ നാട്ടില്‍ വന്ന് ഇതിനിടെ കൂടി കണ്ട കാര്യം പറയുകയുണ്ടായി. അദ്ദേഹം പറഞ്ഞത് ഇവിടെയുള്ള മിക്ക സ്വദേശികള്‍ക്കും അത്തരമൊരു സ്നേഹബന്ധം കേരളവുമായി ഉണ്ടാകുമെന്നാണ്. ഇങ്ങിനെ അതിരുകളിലാത്ത സ്നേഹത്തിന്റെ നേര്‍ചിത്രമാണ് ബഹ്റിനും കേരളവുമായുള്ളത്. ആ ബന്ധം കൂടുതല്‍ ഊഷ്മളവും, ശക്തവുമായി മാറട്ടെ എന്നാഗ്രഹത്തോടെ.. 

You might also like

Most Viewed